പുതിയ കാലത്തിനനുയോജ്യമായ അത്യാധുനിക ചാർജ് കൺട്രോളറുകളുമായി ഇറാം പവർ ഇലക്ട്രോണിക്‌സ് കമ്പനി. പതിനാലു മെഗാവാട്ട് പവർ ബാക്കപ്പ്് സിസ്റ്റവും സൗദിയിലുടനീളം ഓപറേഷൻ മെയിന്റനൻസ് ടീമുമുള്ള ഇറാം പവർ ഇലക്ട്രോണിക്‌സ് കമ്പനിയുടെ ആയിരത്തിലേറെയുള്ള ഉപഭോക്താക്കൾക്ക്് എൽ.ബി സീരീസ് സോളാർ ചാർജ് കൺട്രോളറുകളുടെ സേവനം ലഭ്യമാകും. സോളാർ ഉപയോഗത്തിലൂടെ സുസ്ഥിര ഹരിതോർജ ഉപഭോഗത്തിന്റെയും മാർഗം സ്വീകരിച്ച ഈ കമ്പനിയിൽ നൂതനമായ പവർ കൺവെർഷൻ പ്ലാറ്റ്‌ഫോമാണ് സജ്ജീകരിച്ചിട്ടുള്ളത്.
ഇറാം ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയരക്ടറുമായ ഡോ. സിദ്ദീഖ് അഹമ്മദിന്റെ സാന്നിധ്യത്തിൽ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാനാണ് പുതിയ കൺട്രോളറുകളുടെ ഉദ്ഘാടനം നിർവഹിച്ചത്. ഡെപ്യൂട്ടി ജനറൽ മാനേജർ അബ്ദുല്ല അൽ അജ്മി സ്വാഗതം പറഞ്ഞു. സോളാർ ഉപഭോഗത്തിലൂടെ വൈദ്യുതി ഇനത്തിലുള്ള ദുർവ്യയം തടയുന്നതിനെക്കുറിച്ചും ഏറ്റവും പുതിയ മാർഗത്തിലൂടെ സിലിക്കോൺ കാർബൈഡ് സെമി കൺഡക്ടറുകളുടെ പ്രവർത്തനവും ഇറാം പവർ ഇലക്ട്രോണിക് കമ്പനി സി.ഇ.ഒ ജേക്കബ് തോമസ് വിശദീകരിച്ചു. 2011 ൽ തുടക്കമിട്ട കമ്പനിയുടെ വിവിധ മേഖലകളിലെ പ്രവർത്തനവും ക്രമേണ ഈ രംഗത്ത് ഇറാം പവർ ഇലക്ട്രോണിക്‌സ് കമ്പനി മുൻനിരയിലെത്തിയതിനെക്കുറിച്ചും സി.എം.ഡി ഡോ. സിദ്ദീഖ് അഹമ്മദ് സംസാരിച്ചു. 2019 ലെ പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് കൂടിയായ ഡോ. സിദ്ദീഖ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള പുതിയ സംരംഭത്തെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ പ്രകീർത്തിച്ചു. ഇറാം ഗ്രൂപ്പ് വൈസ് പ്രസിഡന്റും ബോർഡംഗവുമായ ഫഹദ് സൗദ് അൽ തുവൈജിരി, ഇറാം ഗ്രൂപ്പ് സി.ഒ.ഒ മധു ആർ. കൃഷ്ണൻ, റിയാദ് ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി റിത്തു യാദവ് എന്നിവരും പ്രൊഡക്ട് ലോഞ്ചിംഗ് ചടങ്ങിൽ സംബന്ധിച്ചു. ഗ്രൂപ്പ് സി.ഇ.ഒ (ഇറാം) അബ്ദുൽ റസാഖ് നന്ദി പറഞ്ഞു.