ഇന്ത്യൻ ഫാർമേഴ്‌സ് ഫെർട്ടിലൈസർ കോ ഓപറേറ്റീവ് (ഇസാഫ്) കൂടുതൽ ഗ്രാമങ്ങളിലേക്ക്്്. പാലക്കാട് കിഴക്കഞ്ചേരിയിൽ ജനിച്ച കെ. പോൾ തോമസാണ് ഇസാഫ് എം.ഡിയും സി.ഇ.ഒയും.
സാധാരണക്കാർക്ക് ബാങ്ക് വായ്പകൾ അപ്രാപ്യമായിരുന്ന കാലത്ത് അവർക്ക് സ്വയംതൊഴിൽ ആരംഭിക്കാൻ സാമ്പത്തിക സഹായം ലഭ്യമാക്കാൻ ഇസാഫ് 'സൂക്ഷ്മ സംരംഭ വികസന പരിപാടി' എന്ന പദ്ധതി ആരംഭിച്ചു. ബംഗ്ലാദേശിൽ പാവപ്പെട്ടവർക്ക് ജാമ്യമില്ലാതെ ചെറുകിട വായ്പകൾ നൽകിയിരുന്ന പ്രൊഫ. മുഹമ്മദ് യൂനുസിന്റെ ഗ്രാമീൺ ബാങ്കാണ് ഇതിനിവർക്ക് മാതൃകയായത്.
ഗ്രാമീൺ ബാങ്ക് മാതൃക ഇന്ത്യയിൽ നടപ്പാക്കാൻ പരിശീലനം നൽകിയിരുന്ന ദൽഹിയിലെ ഒരു സന്നദ്ധ സംഘടനയുടെ സാമ്പത്തിക സഹായത്തോടെ 1995 ൽ സൂക്ഷ്മ സംരംഭ വികസന പരിപാടിയിലെ ആദ്യ പദ്ധതി നടപ്പാക്കി ഇസാഫ് കേരളത്തിൽ പുതിയൊരു മുന്നേറ്റത്തിന് തുടക്കമിട്ടു. തൃശൂർ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തിലായിരുന്നു ആ പരീക്ഷണം. ചായക്കട, പശുവളർത്തൽ, പച്ചക്കറിക്കച്ചവടം തുടങ്ങിയ ചെറിയ സ്വയംതൊഴിൽ സംരംഭങ്ങൾക്കായി 10 പേർക്ക് ഈടില്ലാതെ 3000 രൂപ വീതം വായ്പ നൽകി.
ആ പരീക്ഷണത്തിന് വൈകാതെ തുടർച്ചയുണ്ടായി. കട്ടപ്പനയിലും നെടുങ്കണ്ടത്തും ആലപ്പുഴയിലെ പല്ലനയിലും പദ്ധതി നടപ്പാക്കി. പക്ഷേ, വൈകാതെ ദൽഹിയിൽനിന്നുള്ള സാമ്പത്തിക സഹായം നിലച്ചു. വായ്പക്ക് ആവശ്യക്കാർ വർധിക്കുകയും ചെയ്തു. മൈക്രോഫിനാൻസ് പ്രവർത്തനങ്ങൾ കൂടുതൽ മനസ്സിലാക്കാൻ 1997 ൽ ബംഗ്ലാദേശിൽ പോയ പോൾ തോമസിന് 1998 ന്റെ അവസാനത്തിൽ ഗ്രാമീൺ ബാങ്ക് 15 ലക്ഷം രൂപയുടെ സീഡ് ഫണ്ട് അനുവദിച്ചു. അത് രണ്ടാം ഘട്ട മുന്നേറ്റത്തിന് മൂലധനമായി.
പാണഞ്ചേരിയിലെ ആദ്യ മൈക്രോഫിനാൻസ് പദ്ധതിക്കായി ഇസാഫ് തെരഞ്ഞെടുത്ത 10 പേരും സ്ത്രീകളായിരുന്നു. ഇപ്പോഴും മൈക്രോ വായ്പകളുടെ 95 ശതമാനവും സ്ത്രീകൾക്കാണ് നൽകുന്നതും. സ്ത്രീകൾക്ക് വായ്പ നൽകുമ്പോൾ അത് ലക്ഷ്യത്തിലെത്തുകയും സമൂഹത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യും. വായ്പ തിരിച്ചടവിന്റെ കാര്യത്തിലും ഗ്രൂപ്പുകൾ ഒത്തുകൂടുന്നതിലുമൊക്കെ അവർക്ക് കൃത്യതയുമുണ്ട് -പോൾ തോമസ് പറഞ്ഞു.
വട്ടിപ്പലിശ, പണയക്കെണികളിൽനിന്ന് കേരളത്തിന്റെ ഗ്രാമീണ, തീരദേശ മേഖലകൾക്ക് വലിയ ആശ്വാസം നൽകുകയാണ് മൈക്രോഫിനാൻസ് വായ്പകളിലൂടെ ഇസാഫ് ചെയ്തത്. പരസ്പര വിശ്വാസമാണ് ഈട്. സംഘങ്ങൾക്കും വ്യക്തികൾക്കും വായ്പ നൽകുന്നുണ്ട്. വായ്പകൾക്ക് ഇൻഷുറൻസുള്ളതിനാൽ വായ്പയെടുത്തയാൾ മരിച്ചാൽ വായ്പ കുടുംബത്തിന്റെ ബാധ്യതയാകുകയുമില്ല.
സന്നദ്ധ സംഘടനയായി വായ്പ വിതരണം തുടരുക വലിയ വെല്ലുവിളിയായപ്പോൾ ഈ പരിമിതി മറികടക്കാൻ ഇസാഫ് എൻ.ബി.എഫ്.സിയായി മാറി. ഇതിനായി ചെന്നൈയിലെ 'പിന്നൈ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ്‌സ്' എന്ന എൻ.ബി.എഫ്.സിയെ ഏറ്റെടുത്ത് ഇസാഫ് മൈക്രോഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ്‌സ് രൂപീകരിച്ചു. വായ്പ പ്രവർത്തനങ്ങളെല്ലാം അതിന്റെ കീഴിലാക്കി. 2014 ൽ റിസർവ് ബാങ്ക് പരമ്പരാഗത ബാങ്കുകളിൽനിന്ന് വ്യത്യസ്തമായ സ്‌മോൾ ഫിനാൻസ് ബാങ്കുകൾക്കുള്ള അപേക്ഷ ക്ഷണിച്ചപ്പോൾ ഇവർ അതിനുള്ള 100 കോടി രൂപയുടെ മൂലധനം എന്ന യോഗ്യതയിലേക്ക് വളർന്നിരുന്നു. അങ്ങനെ 72 അപേക്ഷകരിൽനിന്ന് തെരഞ്ഞെടുത്ത 10 പേരിൽ ഒന്നായി, 2017 മാർച്ചിൽ കേരളത്തിലെ ആദ്യ സ്മോൾ ഫിനാൻസ് ബാങ്കായി ഇസാഫ് പ്രവർത്തനം തുടങ്ങി. വ്യത്യസ്തമായ ബാങ്ക് എന്ന നിലയ്ക്ക് ബാങ്കിങ് സേവനങ്ങൾ ലഭ്യമല്ലാത്ത, മതിയായ സേവനം കിട്ടാത്ത മേഖലകളിൽ സേവനം ലഭ്യമാക്കുക എന്നതാണ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ ലക്ഷ്യം. ചെറുകിട കൃഷിക്കാർ, സംരംഭകർ, മത്സ്യത്തൊഴിലാളികൾ തുടങ്ങി വിവിധ തലങ്ങളിലുള്ളവർക്ക് വായ്പയും മറ്റു ബാങ്കിങ് സേവനങ്ങളും വാതിൽപടിയിൽ എത്തിക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്. സാധാരണക്കാരിൽ സാധാരണക്കാരാണ് ഇടപാടുകാരിൽ ഭൂരിപക്ഷവും. പണമില്ലാത്തതുകൊണ്ടു മാത്രം ജീവിതം വഴിമുട്ടില്ല എന്ന ഉറപ്പാണ് ഞങ്ങൾ നൽകുന്നത്. ഇതൊക്കെയാണ് ഞങ്ങളെ വ്യത്യസ്തമാക്കുന്നതും -പോൾ തോമസ് പറയുന്നു.
കുടിവെള്ള സംരക്ഷണം, ജലാശയങ്ങളുടെ വീണ്ടെടുപ്പ് തുടങ്ങിയ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും പുരപ്പുറ സോളാർ, ഇലക്ട്രിക് വാഹനങ്ങൾ തുടങ്ങിയവക്കുള്ള വായ്പകൾക്ക് മുൻഗണന നൽകുകയും ചെയ്യുന്ന ബാങ്കിന് സുസ്ഥിര ബാങ്കിങ് എന്ന പ്രത്യേക വിഭാഗം തന്നെയുണ്ട്. മൂല്യാധിഷ്ഠിത ബാങ്കിങ് ലക്ഷ്യമിട്ട് 2009 ൽ ആരംഭിച്ച 'ഗ്ലോബൽ അലയൻസ് ഫോർ ബാങ്കിങ് ഓൺ വാല്യൂസ്' എന്ന ആഗോള സംഘടനയിൽ അംഗത്വമെടുത്ത ആദ്യ ഇന്ത്യൻ ബാങ്കുമാണ് ഇസാഫ്.
ബാങ്ക് തുടങ്ങുമ്പോൾ എട്ട് സംസ്ഥാനങ്ങളിൽ മാത്രമായിരുന്നു സാന്നിധ്യം. ഇന്നത് 21 സംസ്ഥാനങ്ങളിലേക്കും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും വളർന്നുകഴിഞ്ഞു. രാജ്യത്താകെ ആയിരം ശാഖകളും 2500 കസ്റ്റമർ സർവീസ് സെന്ററുകളും ഒരു ലക്ഷം ഏജന്റുമാരുമുണ്ട്. മൈക്രോഫിനാൻസിനൊപ്പം ഭവന, വാഹന, സ്വർണ, വ്യക്തിഗത, കാർഷിക, എം.എസ്.എം.ഇ വായ്പകളും ലഭ്യമാക്കുകയും നിക്ഷേപം സ്വീകരിക്കുകയും ചെയ്യുന്നു.
ഇസാഫ് ഫൗണ്ടേഷനു കീഴിൽ രാജ്യത്തെ നാന്നൂറോളം വിദ്യാലയങ്ങളിൽ ബാലജ്യോതി എന്ന വിദ്യാഭ്യാസ സഹായ പദ്ധതിയും വിവിധ സംസ്ഥാനങ്ങളിൽ കർഷകർക്ക് സഹായമെത്തിച്ച് ചെറുപ്പക്കാരെ സംരംഭകരാക്കി മാറ്റുന്ന കർഷകമിത്ര, ക്ഷീരകർഷകർക്ക് കൃത്രിമ ബീജസങ്കലനത്തിനുള്ള പ്രത്യേക പരിശീലനവും മറ്റു സഹായങ്ങളും ലഭ്യമാക്കുന്ന പശുമിത്ര, സൗരോർജം പ്രോത്സാഹിപ്പിക്കുന്ന ഊർജബന്ധു, സംരംഭകർക്ക് വിവിധ സേവനങ്ങൾ നൽകുന്ന ഉദ്യോഗമിത്ര, ഗ്രാമീണ മേഖലയിൽ ആരോഗ്യ സംരംഭകരെ സൃഷ്ടിക്കുന്ന ആരോഗ്യമിത്ര, അതിഥിത്തൊഴിലാളികൾക്ക് സഹായം നൽകുന്ന ഗ്രാമവികാസ് തുടങ്ങിയ വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഇസാഫ് കോ ഓപറേറ്റീവ്, സ്വാശ്രയ പ്രൊഡ്യൂസേഴ്‌സ് കമ്പനി തുടങ്ങിയ സംരംഭങ്ങളും ഗ്രൂപ്പിനു കീഴിലുണ്ട്.
എല്ലാ വില്ലേജിലും മൂന്നു കിലോമീറ്ററിനുള്ളിൽ ഒരു ഏജന്റും ഒരു മൈക്രോ എ.ടി.എമ്മുമാണ് ലക്ഷ്യമിടുന്നത്. ചെറിയ കടകൾ നടത്തുന്നവർ, പാൽവിതരണ സംഘങ്ങൾ, ജോലിയിൽനിന്ന് വിരമിച്ചവർ തുടങ്ങിയവരെ ബാങ്കിന്റെ ഏജന്റുമാരായി അധിക വരുമാനം കണ്ടെത്താൻ സഹായിക്കുന്ന സംരംഭ മാതൃകയിലാണ് ഇസാഫ് ഭാവിവികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്.