ഗൂഗിള്‍ മാപ്പ് നോക്കി മധുരയില്‍നിന്ന് ഓടിച്ച കാര്‍  തൊടുപുഴയില്‍ നിയന്ത്രണം വിട്ട് വീട്ടമ്മയെ ഇടിച്ചു

തൊടുപുഴ- മധുരയില്‍നിന്ന് ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരിയായ വീട്ടമ്മയ്ക്ക് പരിക്ക്. സാരമായി പരിക്കേറ്റ മുണ്ടന്‍മുടി പുത്തന്‍പുരയ്ക്കല്‍ കുട്ടിയമ്മ(55)യെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 7.15നാണ് വണ്ണപ്പുറം ചേലച്ചുവട് റോഡില്‍ മുണ്ടന്‍മുടി ഭാഗത്തുവച്ച് അപകടം ഉണ്ടായത്.
മധുരയില്‍ പോയി മടങ്ങിവന്ന തൃപ്പൂണിത്തുറ സ്വദേശികളുടെ കാറാണ് അപകടത്തില്‍പെട്ടത്. മധുരയില്‍നിന്ന് ഗൂഗിള്‍ മാപ്പു നോക്കിയാണ് ഇവര്‍ ഇതുവഴി വന്നതെന്നാണ് റിപ്പോര്‍ട്ട്. എളുപ്പവഴിയായി ഗൂഗിള്‍മാപ്പ് നിര്‍ദേശിച്ച വഴിയിലൂടെയായിരുന്നു ഇവര്‍ വന്നത്.
ഇടുങ്ങിയതും കുത്തനെയുള്ള ഇറക്കവും വളവുകളുമുള്ളതാണ് ഈ ഭാഗത്തെ റോഡ്. ഇവിടെവെച്ച് കാറിന്റെ നിയന്ത്രണം വിടുകയും അതുവഴി നടന്നുവരികയായിരുന്ന കുട്ടിയമ്മയെ ഇടിക്കുകയുമായിരുന്നു. കുട്ടിയമ്മയെ ഇടിച്ച കാര്‍ നിയന്ത്രണം വിട്ട് എതിര്‍ വശത്തെ തിട്ടയില്‍ ഇടിച്ചാണു നിന്നത്. കാറിന്റെ മുന്‍വശത്തും വശങ്ങളിലും സാരമായ തകരാര്‍ സംഭവിച്ചിട്ടുണ്ട്. കാറിന്റെ മുന്‍ഭാഗത്തെ ഗ്ലാസും തകര്‍ന്നു.അതേസമയം റോഡിന്റെ അശാസ്ത്രീയമായ നിര്‍മാണമാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു. മുമ്പും ഈ ഭാഗത്ത് അപകടങ്ങള്‍ നടന്നതായി ഇവര്‍ പറയുന്നു. കൊച്ചി-മധുര റൂട്ടില്‍ ഗൂഗിള്‍ മാപ്പ് നിര്‍ദേശമനുസരിച്ച് നിരവധി കാര്‍യാത്രികര്‍ ഇതുവഴി എത്തിപ്പെടാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

Latest News