Sorry, you need to enable JavaScript to visit this website.

തലശ്ശേരി മൈസൂർ പാത; പാരിസ്ഥിതിക പ്രശ്‌നം ദോഷം ചെയ്യില്ലെന്ന് കെ. മുരളീധരൻ എം.പി

തലശ്ശേരി- തലശ്ശേരി മൈസൂർ റെയിൽവേ പാതക്ക് പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഏറെ ദോഷം ചെയ്യില്ലെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. 
പുതിയ കർണാടക സർക്കാർ ഇതിന് അനുകൂലമായ നിലപാട് സ്വീകരിച്ചാൽ പദ്ധതി യാഥാർഥ്യമാകുമെന്നും മുരളീധരൻ പ്രത്യാശ പ്രകടിപ്പിച്ചു. തലശ്ശേരി റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനത്തിനു വേണ്ടി തലശ്ശേരി വികസന വേദിയുടെ നേതൃത്വത്തിൽ തലശ്ശേരി പഴയ ബസ്റ്റാന്റ് പരിസരത്ത് നടന്ന ഉപവാസ സമരം ഉ്ദഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലമ്പൂർ-നഞ്ചങ്കോട് പാത രാത്രികാലങ്ങളിൽ ഏറ്റവും കൂടുതൽ വന്യമൃഗങ്ങൾ സഞ്ചരിക്കുന്ന പ്രദേശമാണ്. ഹൈക്കോടതി മുതൽ  സുപ്രീംകോടതി വരെ ഇതുവഴിയുള്ളള വാഹന ഗതാഗതം രാത്രി  കാലങ്ങളിൽ നിരോധിച്ചതാണ്. 
എന്നാൽ തലശ്ശേരി മൈസൂർ റെയിൽവേ പാതക്ക് കാര്യമായ പാരിസ്ഥിക പ്രശ്‌നങ്ങളൊന്നും തന്നെയില്ല. പാതക്ക്   കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുകൂലമാണെങ്കിലും കഴിഞ്ഞ വർഷം സ്ഥാനമൊഴിഞ്ഞ കർണാടക മുഖ്യമന്ത്രിയെ കണ്ടപ്പോൾ  നിലമ്പൂർ-നഞ്ചങ്കോട് ആയാലും തലശ്ശേരി മൈസൂർ പാതായായാലും അനുകൂല നിലപാട് അവർ സ്വീകരിച്ചിരുന്നില്ല. എന്നാൽ പുതിയ സർക്കാരുമായി ആലോചിച്ച് കർണാടകയുടെ നിലപാട് പുനഃപരിശോധിച്ചുകൊണ്ട് വയനാടിനെയും തലശ്ശേരിയെയും ബന്ധിപ്പിക്കുന്ന റെയിൽവേ ലൈൻ ആവശ്യപ്പെടുമെന്ന് കെ. മുരളീധരൻ എം.പി കൂട്ടിച്ചേർത്തു. 
റെയിൽവേയുടെ വികസന പ്രവർത്തനങ്ങൾക്ക് കുറഞ്ഞ തുകയാണ് എം.പി ഫണ്ട് അനുവദിക്കുന്നത്. വിവിധ ഫണ്ടുകളിൽ അനുവദിച്ച ലിഫ്റ്റുകൾ ഓപറേറ്റുചെയ്യാൻ ആളുകളില്ലാത്ത അവസ്ഥയാണ്. 
തലശ്ശേരിയുടെ റെയിൽവേ സ്റ്റേഷനു വേണ്ടിയുള്ള വികസനത്തിന് എല്ലാ പിന്തുണയും തന്റെ ഭാഗത്തു നിന്നും വികസന വേദിക്കുണ്ടാവുമെന്നും എം.പി പറഞ്ഞു. റെയിൽവേയുടെ ഉടമസ്ഥതയിൽ 50 ഏക്കറോളം സ്ഥലമുള്ളത് വെറുതെ കിടക്കുകയാണ്. പല വികസന പ്രവർത്തനങ്ങൾക്കും തടസ്സം നിൽക്കുന്നത് ഇതര സംസ്ഥാനങ്ങളിലുള്ള ചില ഉദ്യോഗസ്ഥൻമാരാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ ലൂപ്പ് ലൈൻ മാറ്റുന്നത് സംബന്ധിച്ച കാര്യങ്ങൾ റെയിൽവേ അധികൃതരുടെ ശ്രദ്ധയിപ്പെടുത്തി അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
തലശ്ശേരി നഗരസഭാ ചെയർ പേഴ്‌സൺ ജനുമാറാണി അധ്യക്ഷയായി. എ.ഐ.സി.സി അംഗം വി.എ. നാരായണൻ, നഗരസഭ കൗൺസിലർ ടി. സി. ഖിലാബ്, എം.പി അരവിന്ദാക്ഷൻ, ഡോ. സി.കെ. രാജീവ് നമ്പ്യാർ, സജീവ് മാണിയത്ത്, അഡ്വ. കെ.എ. ലത്തീഫ്, സജീവ് മാറോളി, സി.പി. ഷൈജൻ, കെ. സുരേഷ്, കെ. ലിജേഷ്, സി.സി. വർഗ്ഗീസ്, കെ. പ്രമോദ്, ടി. ഇസ്മയിൽ, കെ.വി. ഗോകുൽ ദാസ്, ആലുപ്പി കേയി, പ്രൊഫ. എ.പി. സുബൈർ, ശശി കുമാർ കല്ലിടുമ്പിൽ, ഇ.എം. അഷറഫ്, എ.കെ. സക്കരിയ, സാജിദ് കോമത്ത്, വി.പി. മുസ്തഫ, വർക്കി വട്ടപ്പാറ, പി. സെമീർ, സി.പി. അഷറഫ്, എ.പി. രവീന്ദ്രൻ, വി. മുഹമ്മദ് ഖാസിം, ഹാഷിം ആയില്യത്ത്, അഹമ്മദ് നുച്ചിലകത്ത്, ബുഹാരുവിൻ അബ്ദുൽ ഖാദർ, സാഹിർ കാത്താണ്ടി, മുഹമ്മദ് റോഷൻ, മേജർ പി. ഗോവിന്ദൻ, സി. ഗിരിജൻ, പി. രാമദാസ് എന്നിവർ സംസാരിച്ചു.

Latest News