അൽബാഹ- നാലു പതിറ്റാണ്ട് കാലമായി അൽബാഹയിലെ സൗദ് അൽ ഗാംദിയ്ക്ക് ഉറക്കം നഷ്ടപ്പെട്ടിട്ട്. സുഖസുഷുപ്തി സ്വപ്‌നം കണ്ട് കഴിയുകയാണ് ഇപ്പോൾ മുൻ പട്ടാളക്കാരനായ സൗദ് അൽ ഗാംദി.
ഉറക്കമില്ലാതെ ജീവിക്കുന്ന സൗദ് അൽ ഗാംദിയുടെ വാർത്ത സൗദി വാർത്താ ചാനലുകളിലും സോഷ്യൽ മീഡിയയിലും വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ. സൗദി ചാനലായ എം.ബി.സിയുടെ പ്രതിവാര പ്രോഗ്രാമിലാണ് തന്റെ അത്ഭുതകരമായ ജീവിതം സൗദ് അൽ ഗാംദി വെളിപ്പെടുത്തിയത്. സൗദി നാഷണൽ ഗാർഡിൽ നിന്ന് വിരമിച്ച് വീട്ടിൽ വിശ്രമിക്കുകയാണിപ്പോൾ സൗദ് അൽ ഗാംദി.
42 വർഷം മുമ്പ് ആദ്യ കുഞ്ഞു പിറന്നതു മുതലാണ് ഉറക്കം നഷ്ടപ്പെട്ടതെന്നും ഉറക്കമില്ലാത്തതിനാൽ ഇപ്പോൾ പ്രത്യേകിച്ച് അസുഖങ്ങളൊന്നുമില്ലെന്നും അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് ഗാംദി പറഞ്ഞു. ഉറക്കം നഷ്ടപ്പെട്ടതിനെ തുടർന്ന് ആദ്യം നാഷണൽ ഗാർഡ് ഹോസ്പിറ്റലിൽ ചികിത്സ തേടി. പിന്നീട് പരമ്പരാഗത ചികിത്സയും നടത്തി. വിജയിക്കാത്തതിനെ തുടർന്ന് പല ഡോക്ടർമാരെയും സമീപിച്ചു. അവസാനം മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ക്ലിനിക്കുകളിലെത്തി. ഇപ്പോഴും ചികിത്സ തുടരുകയാണ് -സൗദ് അൽ ഗാംദി വിശദീകരിച്ചു. പക്ഷേ ചികിത്സകൾക്കൊന്നും തന്റെ സുഖസുഷുപ്തി തിരിച്ചെത്തിക്കാൻ സാധിച്ചിട്ടില്ലെന്നും, നന്നായി ഉറങ്ങി പൂർണ ആരോഗ്യം വീണ്ടെടുക്കുന്ന ഒരു ദിനമാണ് തന്റെ ആഗ്രഹമെന്നും സൗദ് അൽ ഗാംദി പറഞ്ഞു.