പ്രഭാകര്‍ നോണ്ടയെ കൊന്നത് സ്വത്തുതര്‍ക്കത്തിന്റെ പേരില്‍, സഹോദരന്‍ അടക്കം മൂന്ന് പ്രതികള്‍ അറസ്റ്റില്‍

കാസര്‍കോട്- പൈവളിഗെ കലായിലെ നാരായണ നോണ്ടയുടെ മകന്‍ പ്രഭാകര്‍ നോണ്ടയെ (42) വെട്ടിക്കൊന്ന കേസില്‍ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കേരളത്തിലും കര്‍ണാടകയിലുമായി നടത്തിയ അന്വേഷണത്തില്‍ 30 മണിക്കൂര്‍ കൊണ്ടാണ് കാസര്‍കോട് ഡിവൈ.എസ്.പി പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുടുക്കിയത്. കൊലപാതകം നടത്തിയ സംഘത്തില്‍ ആറു പേരുണ്ടായിരുന്നതായും സഹോദരന്‍ ജയറാം നൊണ്ട ഏല്‍പിച്ച ക്വട്ടേഷന്‍ സംഘമാണ് കൊല നടത്തിയതെന്നും ഡിവൈ.എസ്.പി പറഞ്ഞു.
സഹോദരന്‍ പൈവളികെ കലായിയിലെ ജയറാം നൊണ്ട (42), കൊട്ടേഷന്‍ സംഘത്തിലെ പ്രധാനി മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ഇസ്മായില്‍ (28) അട്ടഗോളിയിലെ ഖാലിദ് (35) എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതില്‍ ജയറാമിനെ ഇന്നലെ വൈകുന്നേരം മജിസ്ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മറ്റുള്ളവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
സംഘത്തില്‍ അഞ്ചു പേര്‍ നേരിട്ട് കൊലപാതകത്തില്‍ പങ്കെടുത്തവരാണ്. ബാക്കി മൂന്ന് പേരും പോലീസിന്റെ വലയിലുണ്ട്. ഖാലിദ് ആണ് കൊലപാതകത്തില്‍ മീഡിയേറ്റര്‍ ആയി പ്രവര്‍ത്തിച്ചത്. സഹോദരങ്ങള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. മൂന്ന് ഏക്കറോളം വരുന്ന സ്വത്ത് നോക്കി നടത്തുന്നത് കൊല്ലപ്പെട്ട പ്രഭാകര്‍ നൊണ്ട ആയിരുന്നു. സ്വത്തുവകയില്‍ വരുമാനം ഒന്നും കിട്ടാത്തതിലുള്ള വൈരാഗ്യമാണ് അനുജന്‍ ജയറാമിനെ കൊലപാതകം നടത്താന്‍ പ്രേരിപ്പിച്ചത്. ഇരുവരും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണ്. പ്രഭാകറിന് ഏഴ് കളവ് കേസുകളും ഒരു കൊലക്കേസുമുണ്ട്. ജയറാമും കൊലക്കേസ് പ്രതിയാണ്. ശല്യം ഒഴിവാക്കാന്‍ ജയറാം സുഹൃത്തായ ഖാലിദിനോട് പറഞ്ഞു. ഖാലിദ് സലീമിനെ ചട്ടം കെട്ടി. രാത്രി കാറില്‍ അഞ്ചു പേരും കയറി ആളൊഴിഞ്ഞ സ്ഥലത്ത് എത്തി ഫ്രൂട്‌സ് കഴിച്ചു. സഹോദരന്‍ രണ്ടുതവണ പ്രഭാകര്‍ ഉറങ്ങിയോ എന്ന് പോയി നോക്കി. 2.45 മണിയോടെ കൃത്യം നടത്തി പ്രഭാകരയുടെ ശരീരത്തില്‍ 50 ഓളം വെട്ടുകളേറ്റിട്ടുണ്ട്. കൊല നടത്താനുളള പദ്ധതിയുടെ ഭാഗമായി ജയറാം 29 ന് പ്രത്യേകം മൊബൈല്‍ സിമ്മും എടുത്തിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബായിക്കട്ടയിലെ ആസിഫിനെ കര്‍ണാടകയിലെ വിട്‌ള കന്യാനയില്‍  കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പ്രഭാകര്‍ നോണ്ട ശനിയാഴ്ച പുലര്‍ച്ചെയാണ് കൊല്ലപ്പെട്ടത്.

 

 

Latest News