സൗദിയില്‍ ഒന്നരമാസം മുമ്പ് മരിച്ച കോഴിക്കോട് സ്വദേശിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും

അല്‍ ബാഹ- സൗദി അറേബ്യയിലെ അല്‍ബാഹയില്‍ ഒന്നരമാസം മുമ്പ് നിര്യാതനായ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. കൊടുവള്ളി രാരോത്ത് ചാലില്‍ ആര്‍.സി സത്യന്‍ (59) ഏപ്രില്‍ 25നാണ് താമസസ്ഥലത്ത്  ഹൃദയാഘാതത്തെ തുട!ര്‍ന്ന് മരിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെ വീട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സംസ്‌കാരം മാവുള്ളകണ്ടിയിലെ തറവാട്ട് വളപ്പില്‍ നടക്കും. സിന്ധു ആണ് സത്യന്റെ ഭാര്യ. മകള്‍ ആതിര, മരുമകന്‍ രജുലാല്‍, രാരോത്ത് ചാലില്‍ പരേതരായ നാരായണന്റേയും ജാനകിയുടേയും മകനാണ്. സഹോദരങ്ങള്‍: ഗണേശന്‍, സദാനന്ദന്‍, പരേതനായ മനോജ്, ബിജു, ബിന്ദു
ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിംഗ് കണ്‍വീനര്‍ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, അല്‍ബാഹ സെന്‍ട്രല്‍ കമ്മിറ്റി അംഗം അബ്ദുനാസര്‍ കൊണ്ടോട്ടി തുടങ്ങിയവര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് സഹായവുമായി രംഗത്തുണ്ടായിരുന്നു.

 

Latest News