Sorry, you need to enable JavaScript to visit this website.

പാളയത്തില്‍ പട; ഗ്യാന്‍വാപി മസ്ജിദിലെ ധര്‍മയുദ്ധം നിര്‍ത്തിയെന്ന് ഹിന്ദു ഹരജിക്കാരന്‍

ലഖ്‌നൗ-ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി മസ്ജിദ് കോംപ്ലക്‌സുമായി ബന്ധപ്പെട്ട എല്ലാ കേസുകളില്‍നിന്നും താനും കുടുംബവും പിന്മാറുകയാണെന്ന് ഹിന്ദു പക്ഷത്തെ പ്രധാന ഹരജിക്കാരില്‍ ഒരാളായ ജിതേന്ദ്ര സിംഗ് വിസെന്‍ പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ശിവം ഗൗര്‍ കേസുകളില്‍ നിന്ന് നേരത്തെ പിന്മാറിയിരുന്നു.
താനും കുടുംബവും നേരിടുന്ന പീഡനമാണ് കേസുകളില്‍നിന്ന് പിന്മാറാന്‍ കാരണമെന്ന് ജിതേന്ദ്ര സിംഗ് പറയുന്നു. ഹിന്ദു പക്ഷത്തു തന്നെ ഉടലെടുത്ത പ്രശ്‌നങ്ങളാണ് പിന്മാറ്റത്തിനു കാരണമെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാണ്.
രാജ്യത്തിന്റെയും മതത്തിന്റെയും താല്‍പ്പര്യങ്ങള്‍ക്കായി വിവിധ കോടതികളില്‍ ഞങ്ങള്‍ ഫയല്‍ ചെയ്ത ഗ്യാന്‍വാപിയുമായി ബന്ധപ്പെട്ട എല്ലാ കേസുകളില്‍ നിന്നും ഞാനും എന്റെ കുടുംബവും (ഭാര്യ കിരണ്‍ സിംഗും മരുമകള്‍ രാഖി സിംഗും) പിന്മാറുകയാണ്-വിശ്വ വേദ സനാതന്‍ സംഘിന്റെ തലവനായ ജിതേന്ദ്ര സിംഗ് വിസെന്‍ പറഞ്ഞു. ഹിന്ദു പക്ഷത്തുനിന്നുള്‍പ്പെടെ വിവിധ കോണുകളില്‍നിന്ന് തങ്ങള്‍ പീഡനം നേരിടുന്നുണ്ടെന്നും അപമാനം നേരിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇത്തരമൊരു സാഹചര്യത്തില്‍, പരിമിതമായ ശക്തിയും വിഭവങ്ങളും കാരണം, എനിക്ക് ഈ ധര്‍മ്മയുദ്ധം ഇനി ചെയ്യാന്‍ കഴിയില്ല. അതുകൊണ്ടാണ് ഞാന്‍ ഇത് ഉപേക്ഷിക്കുന്നത്.
ഒരുപക്ഷേ ജീവിതത്തില്‍ ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ് ഈ ധര്‍മ്മയുദ്ധം തുടങ്ങിയതായിരിക്കാം. മതത്തിന്റെ പേരില്‍ ഗിമ്മിക്കുകള്‍ കളിച്ച് തെറ്റിദ്ധരിപ്പിക്കുന്നവര്‍ക്കൊപ്പമാണ് ഈ സമൂഹം- അദ്ദേഹം പറഞ്ഞു.
2021 മുതല്‍ താന്‍ ഹാജരാകുന്ന ഗ്യാന്‍വാപി കേസിലും കൃഷ്ണ ജന്മഭൂമി കേസിലും പരാതിക്കാരുമായുള്ള ആശയവിനിമയത്തിലെ അപാകത കാരണം പിന്മാറുകയാണെന്നാണ് ജിതേന്ദ്ര സിംഗ് വിസന്റെ അഭിഭാഷകന്‍ ഗൗര്‍ കഴിഞ്ഞ വര്‍ഷം പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. ഈ കേസുകളില്‍ 2022 മെയ് മാസത്തിന് ശേഷം തനിക്ക് ഒരു ഫീസും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വിസന്റെ അനന്തരവള്‍ രാഖി സിംഗ് ഉള്‍പ്പെടെ അഞ്ച് വനിതകളാണ് 2021 ഓഗസ്റ്റില്‍ ഗ്യാന്‍വാപി പള്ളി വളപ്പില്‍ ശൃംഗാര്‍ ഗൗരി ദേവിയുടെയും മറ്റ് ദേവതകളുടെയും  ദൈനംദിന ആരാധനയ്ക്ക് അനുമതി തേടി കേസ് ഫയല്‍ ചെയ്തത്.
എന്നാല്‍ ഇതിനു പിന്നാലെ രാഖി മറ്റ് സ്ത്രീകളുമായി വേര്‍പിരിഞ്ഞു. 2022 മെയ് മാസത്തില്‍ വിസെനും ഹരിശങ്കര്‍ ജെയിന്‍, വിഷ്ണു ശങ്കര്‍ ജെയിന്‍ എന്നിവരുള്‍പ്പെടെ മറ്റ് നാല് ഹരജിക്കാരുടെ അഭിഭാഷകരും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായി.
ഹിന്ദ് സാമ്രാജ്യ പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ സ്ഥാനവും ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനവും വിസെന്‍ രാജിവച്ചിരുന്നു.
ഗ്യാന്‍വാപി മസ്ജിദിനു പുറമെ, മഥുരയിലെ ഈദ്ഗാഹ് മസ്ജിദ്, താജ്മഹല്‍ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകളിലും വിസെന്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
വിസെന്‍ സമര്‍പ്പിച്ച മറ്റ് ഹരജികളില്‍ ഗ്യാന്‍വാപി പരിസരത്ത് മുസ്ലീങ്ങളുടെ പ്രവേശനം നിരോധിക്കണമെന്ന് ആവശ്യവും ഉള്‍പ്പെടുന്നു.

 

Latest News