തലശ്ശേരി- ടെലിച്ചറി സോഷ്യൽ വെൽഫെയർ ട്രസ്റ്റിനു കീഴിൽ ധർമടത്ത് പ്രവർത്തിച്ചു വരുന്ന സ്‌നേഹക്കൂട് എന്ന അനാഥാലയത്തിന്റെ ആവശ്യത്തിനായി ചാത്തുക്കുട്ടി അത്തോളിൽ മെമ്മോറിയൽ ചാരിറ്റബിൾ ട്രെസ്റ്റിന്റെ ചെയർമാൻ വാസു അത്തോളിൽ സംഭാവനയായി നൽകിയ ആംബുലൻസ് കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു.
തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള പാവപ്പെട്ട രോഗികൾക്കിടയിൽ സാന്ത്വന പരിചരണ ഗൃഹസന്ദർശനം നടത്തുവാൻ വേണ്ടിയാണ് ആംബുലൻസ് ഉപയോഗപ്പെടുത്തുന്നത്. അതോടൊപ്പം സ്‌നേഹക്കൂടിന് വേണ്ടി പുതുതായി നിർമിക്കുന്ന മന്ദിരത്തിന്റെ ഒരു നില പണിയാനുള്ള ചെലവും അദ്ദേഹം മുൻകൂറായി ചടങ്ങിൽ കൈമാറി. ടെലിച്ചറി സോഷ്യൽ വെൽഫേർ ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളും സ്‌നേഹക്കൂട്ടിലെ അന്തേവാസികളായ അമ്മമാരുടെ പരിചരണവും വളരെ മികച്ച രീതിയിലാണെന്നും അവ സമൂഹത്തിന് തികഞ്ഞ മാതൃകയാണെന്നും എം.പി പറഞ്ഞു.
ട്രസ്റ്റ് ചേയർമാൻ എം.പി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വാസു അത്തോളിൽ, ഡോ. സി.കെ. രാജീവ് നമ്പ്യാർ, ഐ.എം.എ ചേയർമാൻ ഡോ. ജയകൃഷ്ണൻ നമ്പ്യാർ, മാനേജിംഗ് ട്രസ്റ്റി കെ.എസ്. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.
രാജീവ് ഗാന്ധി യൂനിവേഴ്‌സിറ്റിയിൽനിന്ന് എം.ഡി.എസ് ഒന്നാം റാങ്കും രാഷ്ട്രപതിയുടെ സ്വർണമെഡലും നേടിയ ഡോ. അഖിന പ്രദീപ്, പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റിയിൽ എം.കോം ഉന്നത വിജയം നേടിയ ശുഭശ്രീയ, എസ്.എസ്.എൽ.സിയിൽ ഉന്നത വിജയം നേടിയ കൃഷ്ണ, പ്രനുഷ് രാജ് എന്നിവരെ ആദരിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു.