Sorry, you need to enable JavaScript to visit this website.

ജഡ്ജിമാർക്ക് നൽകാനെന്ന് പറഞ്ഞ് കൈക്കൂലി, സൈബി ജോസിനെതിരെ ഇ.ഡി. അന്വേഷണം

കൊച്ചി- ജഡ്ജിക്ക് കൈക്കുലി നൽകാനെന്ന വ്യാജേനെ പണം വാങ്ങിയ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണമാരംഭിച്ചു. പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ഇ.ഡി, ഹൈക്കോടതിയിൽ നിന്നും പരാതി സംബന്ധിച്ച രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരായ അഭിഭാഷകരോട് ചൊവ്വാഴ്ച എറണാകുളത്തെ ഇ.ഡി. ഓഫീസിലെത്തി മൊഴി നൽകാനാവശ്യപ്പെട്ട് സമൻസയച്ചു. ഹൈക്കോടതി വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ട് ഹാജരാക്കാനും പരാതിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാഥമികാന്വേഷണത്തിൽ പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ട് പ്രകാരം അന്വേഷണം നടത്തുന്നതിന് തടസ്സമില്ലെന്ന് ബോധ്യമായതിനെ തുടർന്നാണ് വിശദമായ അന്വേഷണത്തിലേക്ക് ഇ.ഡി കടക്കുന്നത്.
നേരത്തെ സെൻട്രൽ പോലീസ് അന്വേഷിച്ച കേസ് ഇപ്പോൾ ക്രൈം ബ്രാഞ്ച് ഉൾപ്പെട്ട പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിലാണ്. ഇതിന് പിന്നാലെയാണ് കേന്ദ്ര ഏജൻസി കേസെടുത്തിരിക്കുന്നത്. മുൻകൂർ ജാമ്യത്തിനായി ഒരു ജഡ്ജിക്ക് നൽകാനെന്ന പേരിൽ കക്ഷിയിൽ നിന്നും പണം കൈപ്പറ്റിയെന്നായിരുന്നു സൈബിക്കെതിരെയുള്ള ആരോപണം. സിനിമാ മേഖലയിലുള്ള കക്ഷിയിൽ നിന്നാണ് പണം വാങ്ങിയത്. ആരോപണം ഉയർന്നപ്പോൽ തന്നെ ഹൈക്കോടതി ആവശ്യപ്രകാരം അഭിഭാഷകനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.
മൂന്ന് ജഡ്ജിമാരുടെ പേരിൽ സൈബി ജോസ് വൻ തോതിൽ പണം കൈപ്പറ്റിയിട്ടുണ്ടെന്നാണ് ഹൈക്കോടതി വിജിലൻസിന്റെ റിപ്പോർട്ട്. 72 ലക്ഷം രൂപ കൈപ്പറ്റിയെന്ന് അഭിഭാഷകർ മൊഴി നൽകി. ഒരു ജഡ്ജിയുടെ പേരിൽ മാത്രം വാങ്ങിയത് 50 ലക്ഷം രൂപയാണ്. നാല് അഭിഭാഷകരാണ് വിജിലൻസ് വിഭാഗത്തിന് മൊഴി നൽകിയത്. എറണാകുളം സൗത്ത് പോലീസ് റജിസ്റ്റർ ചെയ്ത പീഡന കേസിൽ നിർമാതാവിന് 25 ലക്ഷം ചെലവായിട്ടുണ്ട്. 15 ലക്ഷം രൂപയാണ് സൈബി ഫീസായി വാങ്ങിയത്. 5 ലക്ഷം കുറക്കാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ ജഡ്ജിന് കുറച്ചു കൂടുതൽ പൈസ കൊടുക്കേണ്ടതുണ്ട് എന്ന് സൈബി പറഞ്ഞു എന്നായിരുന്നു മൊഴി.
 

Latest News