Sorry, you need to enable JavaScript to visit this website.

റെയില്‍വേ പിഴവുകളെ കുറിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ്; ഒഴിഞ്ഞു കിടക്കുന്നത് മൂന്നു ലക്ഷത്തിലേറെ തസ്തികകള്‍

ന്യൂദല്‍ഹി- ഒഡീഷ ട്രെയിന്‍ അപകടത്തിന് കാരണം സിഗ്‌നലിംഗ് സംവിധാനത്തിലെ തകരാറെന്ന് ഇന്ത്യന്‍ റെയില്‍വേയുടെ പ്രാഥമിക ആഭ്യന്തര അന്വേഷണം പറയുമ്പോഴും സംവിധാനത്തിലെ ഗുരുതര പിഴവുകളെ കുറിച്ച് റെയില്‍വേ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫെബ്രുവരിയില്‍ ഇന്റര്‍ലോക്കിലെ അപാകത കണ്ടെത്തിയ ഉടന്‍ നടപടിയെടുത്തിരുന്നുവെന്നാണ് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഫെബ്രുവരി ഒന്‍പതിന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ സോണിന്റെ പ്രിന്‍സിപ്പല്‍ ചീഫ് ഓപ്പറേറ്റിംഗ് മാനേജര്‍ എക്സ്പ്രസ് ട്രെയിനിന്റെ സിഗ്‌നല്‍ തകരാര്‍ സംബന്ധിച്ച് ആശങ്ക ഉന്നയിച്ചതായി ദി പ്രിന്റ് പറയുന്നു. മൈസൂര്‍ ഡിവിഷനിലെ ബിരൂര്‍- ചിക്ജാജൂര്‍ സെക്ഷനിലെ ഹൊസദുര്‍ഗ റോഡ് സ്റ്റേഷനില്‍ ഗുരുതരമായ പിഴവുണ്ടായിരുന്നു. സിഗ്‌നല്‍ മെയിന്റനന്‍സ് സിസ്റ്റം നിരീക്ഷിക്കുകയും ഉടനടി ശരിയാക്കുകയും ചെയ്തില്ലെങ്കില്‍ അത് ഇനിയും സംഭവിക്കാനും ഗുരുതരമായ അപകടങ്ങള്‍ക്കും ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഒഡീഷ അപകടത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിലുള്ള 'ചിന്തന്‍ ശിവിര്‍'ല്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് റെയില്‍വേ സുരക്ഷയെക്കുറിച്ചുള്ള വിവിധ സോണുകളുടെ അവതരണങ്ങള്‍ ഒഴിവാക്കി ഒരു സോണിന് മാത്രമാണ് അനുമതി നല്‍കിയത്. പകരം വന്ദേ ഭാരത് ട്രെയിനുകളേയും വരുമാന വര്‍ധനവുമാണ് ചര്‍ച്ച നടത്തിയത്. 

ചരക്ക് ട്രെയിനുകള്‍ പാളം തെറ്റുന്നതും ലോക്കോ പൈലറ്റുമാര്‍ മരിക്കുകയും വാഗണുകള്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെടുകയും ചെയ്യുന്നതിനേയും കുറിച്ച് മുന്നറിയിപ്പുകള്‍ ഉയര്‍ത്തുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. അടുത്തിടെ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്. 

തൊഴിലാളികളുടെ അഭാവം, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, സ്റ്റേഷന്‍ മാസ്റ്റര്‍മാരുടെ ഓവര്‍ടൈം ജോലി, എല്ലാ ദിവസവും ട്രാക്കുകള്‍ പരിശോധിക്കുന്ന ഗ്യാംങ്മാന്മാരുടെ ക്ഷാമം തുടങ്ങിയവ ഇന്ത്യന്‍ റെയില്‍വേയിലുണ്ട്. സുരക്ഷയുമായി ബന്ധപ്പെട്ട സ്റ്റേഷന്‍മാസ്റ്റര്‍മാരുടെ തസ്തികയിലുള്ളവരെ നിലവില്‍ 12 മണിക്കൂര്‍ ഷിഫ്റ്റിലാണ് ജോലി ചെയ്യിക്കുന്നത്. 

ടൈംസ് ഓഫ് ഇന്ത്യ ഏപ്രിലില്‍ വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച ഹരജിയില്‍ 39 റെയില്‍വേ സോണുകളിലും ഉത്പാദന യൂണിറ്റുകളിലും ഭൂരിഭാഗത്തിലും ആവശ്യമായ മനുഷ്യവിഭവശേഷി ഇല്ലെന്ന് കണ്ടെത്തിയിരുന്നു. നിലവില്‍ 3.11 ലക്ഷത്തിലധികം തസ്തികകളും 3,018 മുതിര്‍ന്ന ഉദ്യോഗസ്ഥ തസ്തികകളും ഇന്ത്യന്‍ റയില്‍വേയില്‍ ഒഴിഞ്ഞു കിടക്കുകയാണ്.

Latest News