Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കനത്ത ചൂടിലും മുന്തിരി വിളയും നൂറുമേനി കൊയ്ത സന്തോഷത്തിൽ ചന്ദ്രമതി

വീട്ടുമുറ്റത്തെ വള്ളിയിൽ വിളഞ്ഞ പഴുത്ത മുന്തിരിക്കുലക്ക് സമീപം ചന്ദ്രമതി.

ചെറുവത്തൂർ- വടക്കൻ കേരളത്തിലെ കനത്ത ചൂടിൽ മുന്തിരി വിളയില്ല എന്നാണ് സാധാരണ കൃഷിക്കാർ പറയാറുള്ളത്. എന്നാൽ കാസർകോട്ടെ കാലാവസ്ഥയിലും മുന്തിരി വിളയിക്കാമെന്നു തെളിയിക്കുകയാണ് പിലിക്കോട് എരവിൽ സ്വദേശിനി കെ.വി. ചന്ദ്രമതി എന്ന വീട്ടമ്മ. വീട്ടുമുറ്റത്ത് കായ്ച്ചു നിൽക്കുന്ന മുന്തിരിയുടെ മധുരം നുകരാൻ വിരുന്നുകാരെത്തുകയാണ്. നാലുവർഷം മുമ്പ് ഒരു വിനോദയാത്രയ്ക്ക് പോയപ്പോഴാണ് ചന്ദ്രമതി 50 രൂപ കൊടുത്തു ഒരു മുന്തിരി വള്ളി വാങ്ങിയത്. ഒരു കൗതുകത്തിലാണ് വാങ്ങിയെങ്കിലും, വെള്ളം നനച്ചും ജൈവവളം പ്രയോഗിച്ചും പരിപാലിച്ചു പരീക്ഷണ കൃഷിയിറക്കി. തൈകൾ തളിർത്തു വന്നതോടെ ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് തുടങ്ങിയവയും അടുക്കള മാലിന്യങ്ങളും വളമായിട്ടു. ഇതോടെ എട്ടാം മാസം മുതൽ മുന്തിരി വിളയാൻ തുടങ്ങി. മുന്തിരി കായ്ക്കാൻ തുടങ്ങിയിട്ട് നാലുവർഷം ആയെങ്കിലും ഇക്കുറിയാണ് ഏറ്റവും കൂടുതൽ വിളവെടുത്തത്. അസുഖം കാരണം വീട്ടിനുള്ളിൽ മാത്രം കഴിയേണ്ട അവസ്ഥ വന്ന കാലത്താണ് മാനസിക ഉല്ലാസത്തിനായി പച്ചക്കറി കൃഷി ആരംഭിച്ചത്. അതിന്റെ കൂടെയാണ് വീട്ടുമുറ്റത്ത് മുന്തിരി വള്ളിയും വളർത്താനുള്ള പരീക്ഷണം നടത്തിയതെന്ന് ഇവർ പറയുന്നു. മുന്തിരി കൂടാതെ പയർ, കോവയ്ക്ക, വഴുതന, തക്കാളി, ബീറ്റ് റൂട്ട്, കാരറ്റ് തുടങ്ങിയ പച്ചക്കറികളും വീട്ടുവളപ്പിൽ കൃഷി ചെയ്യുന്നുണ്ട്. ഉള്ളിയും ഉരുളക്കിഴങ്ങും മാത്രമാണ് കടയിൽ നിന്നും വാങ്ങാറുള്ളത്. മകൾ സജിനയും ഭർത്താവ് സുമേഷും ഇവർക്ക് വേണ്ട എല്ലാ സഹായവും ചെയ്യുന്നുണ്ട്. മുന്തിരി കൃഷിയിൽ വിജയം കണ്ടതോടെ ഇനി ആപ്പിളും ഉറുമാമ്പഴവും റമ്പൂട്ടാനും സപ്പോട്ടയും കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് ഈ 55 കാരി. കറുത്ത മുന്തിരി വിളഞ്ഞുനിൽക്കുന്ന ചന്ദ്രമതിയുടെ വീട്ടുമുറ്റം ഇപ്പോൾ നാട്ടുകാർക്ക് കൗതുക കാഴ്ചയാണ്.

Latest News