Sorry, you need to enable JavaScript to visit this website.

കാനാമ്പുഴ വീണ്ടെടുക്കാൻ കടന്നപ്പള്ളിയുടെ പുഴനടത്തം 

കാനാമ്പുഴ വീണ്ടെടുക്കൽ പദ്ധതിയുടെ പ്രവർത്തനം വിലയിരുത്താൻ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ നടത്തിയ പുഴ നടത്തം.

കണ്ണൂർ- കാനാമ്പുഴ വീണ്ടെടുക്കൽ പ്രവർത്തനങ്ങളുടെ പുരോഗതി കണ്ടറിയാനും തുടർ പ്രവർത്തനങ്ങൾക്ക് രൂപം നൽകാനുമായി കണ്ണൂർ മണ്ഡലം എം.എൽ.എ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ പുഴനടത്തം സംഘടിപ്പിച്ചു. പരിസര ദിനത്തോടനുബന്ധിച്ച് ഇന്നലെ കാലത്ത് ഏഴ് മണി മുതലാണ് എം.എൽ.എയുടെയും പുനരുജ്ജീവന ജനകീയ സമിതി കൺവീനർ എൻ. ചന്ദ്രന്റെയും ഹരിത കേരള മിഷൻ പ്രതിനിധികൾ, പാടശേഖര സമിതി അംഗങ്ങൾ, കാനാമ്പുഴ പുനരുജ്ജീവന ജനകീയ സമിതി അംഗങ്ങൾ, കൗൺസിലർമാർ, വിദ്യാർഥികൾ, പ്രദേശവാസികൾ തുടങ്ങിയവരുടെയും നേതൃത്വത്തിൽ പുഴ നടത്തം സംഘടിപ്പിച്ചത്. 
ശിശുമന്ദിരം റോഡിൽ കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ. ചന്ദ്രന്റെ അധ്യക്ഷതയിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ പുഴ നടത്തം ഫ്‌ളാഗ് ഓഫ് ചെയ്തു. ചീപ്പ് റോഡ് വരെയാണ് പുഴ നടത്തം നടന്നത്.
2018 ലാണ് കാനാമ്പുഴ പുനരുജ്ജീവന പദ്ധതി ജനകീയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. 
കണ്ണൂർ എം.എൽ.എ രാമചന്ദ്രൻ കടന്നപ്പള്ളി ചെയർമാനും എൻ. ചന്ദ്രൻ, കൺവീനറുമായി രൂപീകരിച്ച കാനാമ്പുഴ പുനരുജ്ജീവന ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. മുണ്ടേരി പഞ്ചായത്തിലെ അയ്യപ്പൻ മലയിൽനിന്നാരംഭിക്കുന്ന അരുവിയാണ് ഒമ്പതു കിലോമീറ്റർ സഞ്ചരിച്ച് അറബിക്കടലിൽ ചേരുന്ന കാനാമ്പുഴ എന്ന കൊച്ചുപുഴ. പുനരുജ്ജീവനത്തിന്റെ ഭാഗമായി മൂന്ന് പ്രൊജക്ടുകളിലായി എട്ട് കോടി 20 ലക്ഷം രൂപയുടെ പുഴ സംരക്ഷണ പ്രവൃത്തികളാണ് നടക്കുന്നത്.

Latest News