Sorry, you need to enable JavaScript to visit this website.

ഒഡീഷ ട്രെയിനപകടം: നോര്‍ക്ക ഇടപെട്ട് 14 മലയാളികളെ തിങ്കളാഴ്ച നാട്ടിലെത്തിക്കും

തിരുവനന്തപുരം- വെളളിയാഴ്ച ഒഡീഷയിലെ ബാലാസോര്‍ ജില്ലയിലുണ്ടായ ട്രെയിനപകടത്തില്‍ രക്ഷപ്പെട്ട മലയാളി യാത്രക്കാരെ നോര്‍ക്ക റൂട്ട്‌സ് ഇടപെട്ട് നാട്ടിലെത്തിക്കും. കൊല്‍ക്കത്തയില്‍നിന്നും ചെന്നൈയിലേക്കുളള കോറമണ്ഡല്‍ ഷാലിമാര്‍ എക്‌സ്പ്രസ്സിലെ യാത്രക്കാരായിരുന്നു അപകടത്തില്‍ പെട്ട കേരളീയര്‍. ഇവരില്‍ പത്തു പേരെ തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ പ്രത്യേക ട്രെയിനില്‍ ചെന്നൈയിലെത്തിച്ചു. ഇവരെ നോര്‍ക്ക ചെന്നൈ എന്‍.ആര്‍.കെ ഡവലപ്‌മെന്റ് ഓഫീസര്‍ അനു ചാക്കോയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. പാഥമികചികിത്സയും താമസസൗകര്യവും നോര്‍ക്ക റൂട്ട്‌സ് ഏര്‍പ്പാടാക്കിയിരുന്നു. ഇവരില്‍ മൂന്നു പേര്‍ക്ക് ഞായറാഴ്ച രാത്രി പുറപ്പെടുന്ന  ട്രിവാണ്ട്രം മെയിലിലും ബാക്കിയുളളവര്‍ക്ക് മാംഗളൂര്‍ മെയിലിലും എമര്‍ജന്‍സി ക്വാട്ടയില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇവര്‍ തിങ്കളാഴ്ച കേരളത്തിലെത്തും.  പരിക്കേറ്റ ഒരുയാത്രക്കാരന് ആവശ്യമായ ചികിത്സയും ചെന്നൈയില്‍ ലഭ്യമാക്കിയിരുന്നു.

അപകടത്തെതുടര്‍ന്ന് കടുത്ത മാനസികസംഘര്‍ഷത്തിലായിരുന്ന മറ്റ് നാലു പേരെ മുംബൈ എന്‍.ആര്‍.കെ ഡവലപ്‌മെന്റ് ഓഫീസര്‍ ഷമീംഖാന്‍ ഭൂവ നേശ്വറില്‍ എത്തി സന്ദര്‍ശിച്ച് വിമാന ടിക്കുകള്‍ കൈമാറി. തിങ്കളാഴ്ച വിമാനമാര്‍ഗം നാട്ടിലെത്തിക്കും. ഭുവനേശ്വറില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തില്‍ ബംഗളൂരു വഴി തിങ്കള്‍ രാത്രിയോടെ ഇവര്‍ കൊച്ചിയിലെത്തും. കൊല്‍ക്കത്തയില്‍ റൂഫിങ്ങ് ജോലികള്‍ക്കായി പോയ കിരണ്‍.കെ.എസ്, രഘു.കെ.കെ, വൈശാഖ്.പി.ബി, ബിജീഷ്.കെ.സി എന്നിവര്‍ തൃശ്ശൂര്‍ സ്വദേശികളാണ്.

അപകടവിവരം അറിഞ്ഞ ഉടനെതന്നെ നോര്‍ക്ക സി.ഇ.ഒ ഒഡീഷയിലെ മലയാളി പ്രവാസി സംഘടനകളുമായി ബന്ധപ്പെട്ട് അടിയന്തിരസഹായത്തിന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനോടൊപ്പം നോര്‍ക്ക മുംബൈ എന്‍.ആര്‍.കെ ഡവലപ്‌മെന്റ് ഓഫീസര്‍ ഷമീംഖാനെ അപകടസ്ഥലത്തെത്തി വേണ്ട സഹായങ്ങള്‍ ലഭ്യമാക്കുന്നതിനും നിയോഗിച്ചു. ഒഡീഷയിലെ വിവിധ മലയാളി അസോസിയേഷനുകള്‍ വഴി അപകടത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് വേണ്ട സഹായങ്ങള്‍ ലഭ്യമാക്കിയിരുന്നു.
ഓള്‍ ഇന്ത്യാ മലയാളി അസ്സോസിയേഷന്‍ പ്രതിനിധികളായ  ചന്ദ്രമോഹന്‍ നായര്‍, വി. ഉദയ്കുമാര്‍, രതീഷ് രമേശന്‍, സോണി.സിസി, കെ.മോഹനന്‍ എന്നിവര്‍ സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് സഹായം നല്‍കി. ഭുവനേശ്വര്‍ എയിംസിലെ മെഡിക്കല്‍ പി.ജി വിദ്യാര്‍ത്ഥികൂടിയായ !ഡോ.മനു ഇവര്‍ക്ക് പ്രാഥമികശുശ്രൂഷ നല്‍കാനും ഒപ്പമുണ്ടായിരുന്നു. അപകടത്തില്‍പെട്ടവരില്‍ കൂടുതല്‍ മലയാളികള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനും രക്ഷാദൗത്യം പൂര്‍ണ്ണമാകുന്നതുവരെ ഷമീംഖാന്‍ ഭുവനേശ്വറില്‍ തുടരും. അപകടത്തില്‍പെട്ട കേരളീയരെ നാട്ടില്‍തിരിച്ചെത്തിക്കുന്നതിന് നോര്‍ക്ക റൂട്ട്‌സിന്റെ മുംബൈ, ബം?ഗലൂരു, ചെന്നൈ എന്‍ ആര്‍.കെ ഓഫീസര്‍മാരേയും കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം സെന്റര്‍ മാനേജര്‍മാരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
അപകടത്തില്‍ പെട്ട കോറമണ്ഡല്‍ ഷാലിമാര്‍ എക്‌സ്പ്രസ്സിലെയോ, യശ്വന്ത്പൂര്‍ ഹൗറാ സുപ്പര്‍ഫാസ്റ്റ് ട്രെയിനിലേയോ കൂടുതല്‍ മലയാളി യാത്രക്കാരെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായാല്‍ +919495044162 (ഷമീംഖാന്‍,  മുംബൈ എന്‍.ആര്‍.കെ ഡവലപ്‌മെന്റ് ഓഫീസര്‍, നോര്‍ക്ക റൂട്ട്‌സ്), അനു ചാക്കോ +919444186238 (എന്‍.ആര്‍.കെ ഡവലപ്‌മെന്റ് ഓഫീസര്‍, നോര്‍ക്ക റൂട്ട്‌സ്, ചെന്നൈ), റീസ, ബംഗലുരു എന്‍.ആര്‍.കെ ഡവലപ്‌മെന്റ് ഓഫീസര്‍ ) എന്നീ നമ്പറുകളിലോ നോര്‍ക്ക റൂട്ട്‌സ്‌ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിലോ 18004253939 (ടോള്‍ ഫ്രീ) നമ്പറിലോ അറിയിക്കാവുന്നതാണ്.

 

Latest News