Sorry, you need to enable JavaScript to visit this website.

പാര്‍ലമെന്റ് ഉദ്ഘാടനം മതചടങ്ങാക്കി ഇന്ത്യയെ നാണം കെടുത്തി-കെ.മുരളീധരന്‍

കോഴിക്കോട്- മോഡി ഭരണത്തില്‍ മാധ്യമങ്ങള്‍ പോലും ജനാധിപത്യ സംരക്ഷണ പ്രക്രിയയില്‍നിന്ന് പിറകോട്ട് പോകുന്ന ഭയാനക സാഹചര്യമാണ് ഇന്ത്യയിലുള്ളതെന്ന് കെ.മുരളീധരന്‍ എംപി അഭിപ്രായപ്പെട്ടു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കോഴിക്കോട് സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം  ചെയ്യുകയായിരുന്നു അദ്ദേഹം. ദക്ഷിണേന്ത്യന്‍ മാധ്യമങ്ങള്‍ മാത്രമാണ് കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യുന്നത്.  ഉത്തരേന്ത്യയില്‍ ഇത്തരം പോരാട്ടങ്ങള്‍ വാര്‍ത്തയാകുന്നേയില്ല എന്നത് ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങള്‍ക്ക് വലിയ ഭീഷണിയാണ്. ജനത്തിന്റെ നികുതിപ്പണം ഉപയോഗിച്ച് പണികഴിപ്പിച്ച പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം പോലും മതപരമായ ചടങ്ങാക്കി മാറ്റിയത് ലോകത്തിനു മുമ്പില്‍ ഇന്ത്യയെ നാണം കെടുത്തുകയും ഇന്ത്യയുടെ മതേതര പാരമ്പര്യത്തിന് തീരാകളങ്കമാകുകയും ചെയ്തു.
വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിച്ച് രാജ്യത്തെ ഭിന്നിപ്പിച്ച് അധികാര നിയന്ത്രണങ്ങള്‍ക്ക് കീഴില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ഇതിനെതിരെ  ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലക്ഷദ്വീപിന്റെയും ജമ്മുകാശ്മീരിന്റെയും അനുഭവങ്ങള്‍ നമുക്ക് പാഠമാവേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് വേളയില്‍ വികസന ചര്‍ച്ച അല്ല രാജ്യത്ത് നടക്കുന്നത് മറിച്ച് മതാടിസ്ഥാനത്തിലുള്ള വിഷയങ്ങള്‍ കൊണ്ടുവന്ന് വോട്ട് നേടിയെടുക്കാന്‍ ആണ് ഭരണകൂടം ശ്രമിക്കുന്നത്. പൊതു മീഡിയകള്‍ പോലും ഇത് കാണാതെ പോകുന്നു എന്നത് ദുഖകരമാണ്. ചരിത്രത്തെ തെറ്റായി ചിത്രീകരിച്ച് പൊതു മീഡിയകളെ വിലക്ക് വാങ്ങി പ്രചാരണം  നടത്തി തെറ്റിദ്ധാരണകള്‍ പരത്താനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമീപകാലത്ത് നടന്ന ട്രെയിന്‍ കത്തിക്കല്‍ കേസുകളിലെ ഗൂഢാലോചനകള്‍ പുറത്തുകൊണ്ടുവന്നില്ലെങ്കില്‍  കേന്ദ്രസര്‍ക്കാര്‍ അധികാര ദുരുപയോഗം നടത്താനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമൂഹത്തിന്റെ പൊതുബോധ നിര്‍മിതിയില്‍ മാധ്യമങ്ങള്‍ വലിയ പങ്കുവഹിക്കുന്നതിനാല്‍ ഈ രംഗത്ത് ശ്രദ്ധാപൂര്‍വ്വമായ ഇടപെടലുകള്‍ നടത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാകണം. ഭിന്നിപ്പുണ്ടാക്കാതെ  മതേതര നിലപാടുകള്‍ക്കൊപ്പം നിലകൊള്ളാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ട്രഷറര്‍ കെ സജ്ജാദ് അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി ടി കെ അഷറഫ്. ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍, ഉമര്‍ പുതിയയോട്ടില്‍, വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. പി പി നസീഫ് തുടങ്ങിയവര്‍ സംസാരിച്ചു.

 

Latest News