Sorry, you need to enable JavaScript to visit this website.

കര്‍ണാടകയില്‍ ബി.ജെ.പി മുഷ്ടി ചുരുട്ടുന്നു; തിങ്കളും ചൊവ്വയും പ്രതിഷേധം

ബംഗളൂരു- ഗോവധ വിരുദ്ധ നിയമം പിന്‍വലിക്കുമെന്ന മൃഗസംരക്ഷണ മന്ത്രി കെ. വെങ്കിടേഷിന്റെ സൂചനയെത്തുടര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ ബി.ജെ.പി ഒരുങ്ങുന്നു.
സംസ്ഥാനത്ത്  മുന്‍ ബി ജെ പി സര്‍ക്കാര്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി കൊണ്ടുവന്നതാണ് ഗോവധ വിരുദ്ധ നിയമം. ഇത്തരമൊരു നിയമം പിന്‍വലിക്കുമെന്ന കോണ്‍ഗ്രസ് മന്ത്രിമാരുടെ പ്രസ്താവന അടുത്തിടെ നടന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ബി.ജെ.പിയെ ശരിക്കും പ്രകോപിപ്പിച്ചിട്ടുണ്ട്.  
ഗോവധ വിരുദ്ധ നിയമം പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അനുവദിക്കില്ലെന്നും ഇത്തരമൊരു നീക്കത്തിനെതിരെ തിങ്കളാഴ്ച സംസ്ഥാനത്തുടനീളവും ചൊവ്വാഴ്ച ബംഗളൂരുവിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും എംഎല്‍സിയുമായ എന്‍. രവികുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ നീക്കം ഉപേക്ഷിച്ചില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
സൗജന്യ വൈദ്യുതി വിതരണത്തിന് കുടുംബങ്ങളുടെ വാര്‍ഷിക ശരാശരി ഉപഭോഗം കണക്കിലെടുത്ത് സര്‍ക്കാര്‍ പരിധി നിശ്ചയിക്കുന്നത് വോട്ടര്‍മാരെ കബളിപ്പിക്കുന്ന നീക്കമാണെന്നും പാര്‍ട്ടിയുടെ രണ്ട് ദിവസത്തെ പ്രതിഷേധത്തില്‍ ഇതുകൂടി  ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രായമായ പശുക്കളെ എന്തു കൊണ്ട് കൊല്ലാന്‍ പാടില്ലെന്ന മൃഗസംരക്ഷണ മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ് ബൊമ്മെയും രംഗത്തെത്തി. ഞങ്ങള്‍ക്ക് പശുക്കളോട് വൈകാരിക ബന്ധമുണ്ട്, അവയെ ആരാധിക്കുന്നു. അവരെ അറുക്കണമെന്ന് ഞങ്ങള്‍ എങ്ങനെ ആവശ്യപ്പെടും? അദ്ദേഹം ട്വിറ്ററില്‍ ചോദിച്ചു.
മുഖ്യമന്ത്രി തന്റെ വകുപ്പില്‍ മാറ്റം വരുത്താന്‍ വേണ്ടിയാണ് മന്ത്രി വെങ്കിടേഷ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവര്‍ത്തന ശൈലിയില്‍ ഉചിതമായ തിരുത്തലുകള്‍ വരുത്താന്‍ മന്ത്രിയോട് മുഖ്യമന്ത്രി നിര്‍ദേശിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗോഹത്യയെ ആദ്യം എതിര്‍ത്തത് മഹാത്മാഗാന്ധിയാണെന്നും ബൊമ്മെ അവകാശപ്പെട്ടു.
അതേസമയം, സംസ്ഥാനത്തെ പ്രമുഖ ക്ഷീരകര്‍ഷകനും  കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ വിനയ് കുല്‍ക്കര്‍ണി ഗോവധ വിരുദ്ധ നിയമം പിന്‍വലിക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞു. ബിജെപി നേതാക്കള്‍ പശുക്കളെക്കുറിച്ചാണ് സംസാരിക്കുന്നത്. അവര്‍ക്ക് അവയെ വളര്‍ത്തുന്നതിനെക്കുറിച്ച് അറിവില്ല. പശുക്കളെ വളര്‍ത്തുന്നതിലെ പ്രശ്‌നങ്ങള്‍ അവര്‍ക്ക് എങ്ങനെ മനസ്സിലാക്കാനാകും. കര്‍ഷകര്‍ക്ക് പ്രയോജനമില്ലാത്ത എച്ച്എഫ് ഇനത്തില്‍പ്പെട്ട പശുക്കുട്ടികളെ ആര് പരിപാലിക്കുമെന്നും അദ്ദേഹം ചോദിച്ചു.

 

Latest News