റിയാദ്- പുതിയ തരം പുതിയ തട്ടിപ്പുകളെക്കുറിച്ച് ജാഗരൂകരായിരിക്കണമെന്ന് സൗദി ബാങ്കിംഗ് ബോധവല്‍ക്കരണ സമിതി ബാങ്ക് ഉപഭോക്താക്കള്‍ക്കു മുന്നറിയിപ്പ് നല്‍കി. ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന ഉപഭോക്താക്കളുമായി ബന്ധപ്പെട്ട് അക്കൗണ്ട് വിവരങ്ങളും പാസ്‌വേഡും കൈക്കലാക്കി പണം അപഹരിക്കുന്നതാണ് പ്രധാനം. കമ്മീഷന്‍ നല്‍കിയാല്‍ ജോലി ശരിപ്പെടുത്തിത്തരാമന്നെ വാഗ്ദാനം നല്‍കി ലിങ്കുകള്‍ അയച്ചു കൊടുക്കുകയും അക്കൗണ്ടില്‍നിന്ന് പണം അപഹിരിക്കുകയും ചെയ്യുക എന്നിവയും ഓണ്‍ലൈന്‍ വഴി അരങ്ങേറുന്ന മറ്റൊരു തട്ടിപ്പാണ്.
എന്നാല്‍ അടുത്തിടെയായി വ്യാപകമായി മാറിയ മറ്റൊരു ചതിക്കുഴിയാണ് സുരക്ഷാ വകുപ്പുകളുടെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്ന പ്രത്യേക സെല്ലില്‍നിന്നുള്ളവരെന്ന നിലയില്‍ ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ അക്കൗണ്ടു വിവങ്ങള്‍ കൈക്കലാക്കുന്നത്. അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചു സൗദിയിലെ ഒരു ബാങ്കില്‍നിന്നും ഒരു ഉദ്യോഗസ്ഥനും ഉപഭോക്താവിനെ ബന്ധപ്പെടില്ലെന്നും അത്തരത്തിലുള്ള ഫോണ്‍ കോളുകള്‍ക്കും അജ്ഞാതരുടെ ഫോണ്‍ കോളുകള്‍ക്കും മറുപടി നല്‍കരുതെന്നും സമിതി മുന്നറിയിപ്പ് നല്‍കി.
പ്രമുഖ ബ്രാന്റുകളുടെയും കമ്പനികളുടെയും പേരിലുള്ള വമ്പന്‍ ഓഫറുകള്‍, സംശയാസ്പദമായ പരസ്യങ്ങള്‍, വ്യാജ മെസേജുകള്‍ എന്നിവ വഴിയും ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍നിന്ന് പണമപഹരിക്കാന്‍ സാധ്യതയുണ്ട്. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചെന്നോ എ.ടി.എം കാര്‍ഡ് കാലാവധി തീരാനായെന്നോ പറഞ്ഞു ബന്ധപ്പെട്ടും അക്കൗണ്ടില്‍നിന്നു പണം ചോര്‍ത്താന്‍ ഇവര്‍ക്ക് സാധിക്കും. അറിയപ്പെടാത്ത കമ്പനികളിലെ നിഷേപം, ഡിജിറ്റല്‍ കറന്‍സി വ്യാപാരം എന്നിവയുടെ പേരിലും വ്യാജന്മാര്‍ ഇരകളെ വലവീശിപ്പിടിച്ചേക്കാം.
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, പാസ്‌വേര്‍ഡ്, ഒ.ടി.പി നമ്പര്‍ എന്നിവ മറ്റൊരാള്‍ക്കും യാതൊരു കാരണവശാലും നല്‍കാന്‍ പാടില്ല. ബാങ്ക് ടെല്ലര്‍ മെഷിനുകളുടെ സമീപത്തു നില്‍ക്കുന്നവരുടെ സഹായം സ്വീകരിക്കുകയോ സഹായം നല്‍കുകയോ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. ഓണ്‍ലൈന്‍ വിപണിയിലെ ഇടപാടുകളുടെ വിശ്വാസ്യത ഉറപ്പു വരുത്താന്‍ ശ്രദ്ധിക്കുക, കാര്‍ഡുകളുടെ പാസ്‌വേര്‍ഡ് ഇടക്കിടെ, പ്രത്യേകിച്ച് വിദേശ യാത്രകള്‍ക്കു ശേഷം മാറ്റുക, വ്യാജ മെസേജുകളും ലിങ്കുകളും ഡിവൈസുകളില്‍ നിന്ന് നീക്കം ചെയ്യുക, അനധികൃത ധനസഹായ സ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ ഉപേക്ഷിക്കുക തുടങ്ങിയ നിരവധി നിര്‍ദേശങ്ങള്‍ ബോധവല്‍ക്കരണ സമിതി ഉപഭോക്താക്കള്‍ക്കു നല്‍കി.