Sorry, you need to enable JavaScript to visit this website.

ട്രെയിന്‍ ദുരന്തം അന്വേഷിക്കാന്‍ വിദഗ്ധ കമ്മീഷനെ നിയമിക്കണം; സുപ്രീം കോടതിയില്‍ ഹരജി

ന്യൂദല്‍ഹി- ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ വിദഗ്ധ കമ്മീഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി. സുപ്രീം കോടതിയില്‍നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ വിദഗ്ധ കമ്മീഷനെ നിയമിക്കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 275 പേര്‍ മരിച്ച അപകടത്തില്‍ ആയിരത്തോളം പേര്‍ക്കാണ് പരിക്ക്.
അഭിഭാഷകനായ വിശാല്‍ തിവാരിയാണ് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്. റെയില്‍വേ സംവിധാനത്തിലെ നിലവിലെ അപകടസാധ്യതകളും സുരക്ഷാ മാനദണ്ഡങ്ങളും വിശകലനം ചെയ്യുന്നതിനും അവലോകനം ചെയ്യുന്നതിനും സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ സാങ്കേതിക അംഗങ്ങള്‍ കൂടി ഉള്‍പ്പെടുന്ന വിദഗ്ധ കമ്മീഷനെ ഉടന്‍ രൂപീകരിക്കണമെന്നും റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
ഏതാനും ദശാബ്ദങ്ങളായി ഇന്ത്യയില്‍ തുടര്‍ച്ചയായി ട്രെയിന്‍ കൂട്ടിയിടികളും പാളം തെറ്റലുകളും സംഭവിക്കുന്നുണ്ട്. ഈ അപകടങ്ങളില്‍ നിരവധി പേര്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തു. ഇത്തരം കൂട്ടിയിടികള്‍ക്കും അപകടങ്ങള്‍ക്കുമെതിരെ സുരക്ഷാ നിര്‍വ്വഹണ സംവിധാനം വികസിപ്പിച്ചെടുക്കുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല.
ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ സിസ്റ്റമായ കവച് ഇപ്പോഴും ഈ റൂട്ടുകളില്‍ പ്രയോഗിച്ചിട്ടില്ലെന്നത് വ്യക്തമാണ്. ഇത്തരം ട്രെയിന്‍ സംരക്ഷണ സംവിധാനത്തിന്റെ സുരക്ഷാ സംവിധാനം നടപ്പിലാക്കുന്നത് രാജ്യത്തുടനീളം പ്രായോഗിക കാരണങ്ങളാല്‍ നടപ്പാക്കപ്പെടുന്നില്ല.
ദിവസേന ലക്ഷക്കണക്കിന് യാത്രക്കാര്‍ ട്രെയിനുകളില്‍ യാത്രചെയ്യുമ്പോള്‍, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന കവച് സംവിധാനം പോലുള്ള സുരക്ഷാ, പരിഹാര സംവിധാനങ്ങള്‍ അടിസ്ഥാനപരമായി നടപ്പിലാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ കര്‍ശനമായ ജുഡീഷ്യല്‍ ഇടപെടല്‍ ആവശ്യമാണെന്നും ഹരജിയില്‍ പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News