റിയാദ്- സൗദിയില്‍ സുരക്ഷാ സൈനികരെ ആക്രമിക്കുകയും ഭീകര പ്രവര്‍ത്തനത്തിലേര്‍പ്പെടുകയും ചെയ്ത മൂന്ന് സൗദി പൗരന്മാരെ കിഴക്കന്‍ പ്രവിശ്യയില്‍ വധശിക്ഷക്കു വിധേയരാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകരസംഘങ്ങളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുക, ചെക്ക് പോയിന്റുകളിലെ സുരക്ഷാ സൈനികര്‍ക്കെതിരെ വെടിയുതിര്‍ക്കുക, ഭീകരവാദികള്‍ക്ക് ഒളിച്ചു താമസിക്കാന്‍ അവസരമൊരുക്കുക, ആയുധ ശേഖരണവും പരിശീലനവും നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഹുസൈന്‍ അലി മുഹൈശി, ഫാദ്വില്‍ സകി അന്‍സീഫ്, സകരിയ്യ മുഹൈശി എന്നീ മൂന്നു പേര്‍ക്കെതിരെയും ചുമത്തിയിരുന്നത്. ഇവക്കു പുറമെ ഫാദ്വില്‍ ബലാല്‍ക്കാരമായി ഒരാളെ പിടിച്ചു വെച്ച് ഫോട്ടോ എടുത്ത് പ്രചരിപ്പിച്ച കേസിലും സകരിയ്യ മുഹൈശി സ്ത്രീപീഡന കേസിലും പ്രതിയായിരുന്നു. കിഴക്കന്‍ പ്രവിശ്യയിലെ ക്രിമിനല്‍ കോടതി പ്രതികള്‍ക്കെതിരെ വധശിക്ഷ പുറപ്പെടുവിക്കുകയും കീഴ്‌കോടതി വിധി മേല്‍ കോടതി ശരിവെക്കുകയും പ്രതികള്‍ക്കെതിരിലുള്ള വിധി നിയമപരമായി സ്ഥിരപ്പെട്ടതിനാല്‍ നടപടിക്രമങ്ങള്‍ പാലിച്ച് ശിക്ഷ നടപ്പിലാക്കാന്‍ രാജ കല്‍പനയുണ്ടാകുകുകയും ചെയ്തതിനെ തുടര്‍ന്ന് ഞായര്‍ കാലത്ത് കിഴക്കന്‍ പ്രവിശ്യയില്‍ വധശിക്ഷ നടപ്പാക്കുകയായിരുന്നു.