ബംഗളൂരു- കർണാടകയിൽ ഗോവധ നിരോധന നിയമം പിൻവലിക്കാൻ കർണാടക സർക്കാർ തീരുമാനം. 2020-ലാണ് കർണാടകയിൽ ഗോവധ നിരോധനം ബി.ജെ.പി സർക്കാർ ഏർപ്പെടുത്തിയത്. കാളകളെ അറവുശാലകളിൽ കൊണ്ടുപോയി കൊല്ലാമെങ്കിൽ പശുക്കളെ കൊല്ലുന്നതിൽ എന്താണ് പ്രശ്‌നമെന്ന് കർണാടക മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. വെങ്കിടേഷ് ചോദിച്ചു. പ്രായമായ പശുക്കളെയും ചത്ത പശുക്കളെയും കുഴിച്ചിടാൻ പോലും കർഷകർ ഏറെ പ്രയാസപ്പെടുകയാണെന്ന് മന്ത്രി പറഞ്ഞു. 13 വയസ് പൂർത്തിയായതോ സാരമായ അസുഖങ്ങൾ ഉള്ള കാളകളെയോ മാത്രമേ കർണാടകയിൽ കൊല്ലാൻ അനുവാദമുള്ളൂ. പശുക്കളെയും കാളകളെയും വിൽക്കുന്നതും ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതും 2020-ൽ കൊണ്ടുവന്ന നിയമം വഴി നിരോധിച്ചിരുന്നു. നിയമം ലംഘിക്കുന്നവർക്ക് 5 ലക്ഷം രൂപ പിഴയും ഏഴു വർഷം വരെ തടവും നിയമത്തിൽ വ്യവസ്ഥ ചെയ്തിരുന്നു. 2021 ജനുവരിയിലാണ് നിയമം പ്രാബല്യത്തിൽ വന്നത്.