Sorry, you need to enable JavaScript to visit this website.

മാനദണ്ഡം പാലിച്ചില്ല; എം.ബി.ബി.എസിന് സംസ്ഥാനത്ത് 450 സീറ്റുകൾ കുറയും, മൂന്ന് മെഡിക്കൽ കോളജുകളുടെ അനുമതി റദ്ദാക്കി

തിരുവനന്തപുരം - മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ മൂന്ന് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് എം.ബി.ബി.എസ് കോഴ്‌സുകൾ തുടരാനുള്ള അനുമതി നാഷണൽ മെഡിക്കൽ കമ്മിഷൻ തടഞ്ഞു. തൃശൂർ ജൂബിലി മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, തിരുവനന്തപുരം കാരക്കോണം സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ മെഡിക്കൽ കോളേജ്, ശ്രീ ഗോകുലം മെഡിക്കൽ കോളേജ് എന്നി സ്ഥാപനങ്ങൾക്കാണ് മാനദണ്ഡം പാലിക്കാത്തതിനെ തുടർന്ന് കോഴ്‌സ് തുടരാനുള്ള അനുമതി നിഷേധിച്ചത്. തീരുമാനം നാഷണൽ മെഡിക്കൽ കമ്മിഷൻ, കേരള ആരോഗ്യ സർവ്വകലാശാലയെ അറിയിച്ചു.  ഈ അധ്യയന വർഷത്തിൽ സീറ്റുകൾ പൂർണമായി നഷ്ടമാകാനാണ് സാധ്യത. ഇതോടെ സംസ്ഥാനത്ത് ഇത്തവണ 450 എം.ബി.ബി.എസ് സീറ്റുകൾക്ക് കുറവുണ്ടാകും. 
 തൃശൂർ  ജൂബിലി മിഷൻ മെഡിക്കൽ കോളേജിന്റെ 100 സീറ്റുകളും കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജ്, ശ്രീഗോകുലം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ 150 വീതം സീറ്റുകളുമാണ് നഷ്ടമാവുക. തിരുവനന്തപുരം എസ്.യു.ടി മെഡിക്കൽ സയൻസ് അക്കാദമിയുടെ 100 സീറ്റുകൾ അൻപതാക്കി കുറച്ചിട്ടുമുണ്ട്.
  അധ്യാപകരുടെയും റെസിഡന്റ് ഡോക്ടർമാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കുറവ്, നാഷണൽ മെഡിക്കൽ കമ്മിഷൻ നിർദേശിച്ച മറ്റു കാര്യങ്ങൾ എന്നിവ നടപ്പാക്കുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് നടപടി. വിഷയം ചർച്ച ചെയ്ത് പ്രശ്‌നപരിഹാരമുണ്ടാക്കാൻ കേരള ആരോഗ്യ സർവ്വകലാശാല വി.സി ചൊവ്വാഴ്ച്ച യോഗം വിളിച്ചതായും വിവരമുണ്ട്.  


 

Latest News