Sorry, you need to enable JavaScript to visit this website.

ഇയർ ഫോണിന്റെ അമിതോപയോഗം; കൗമാരക്കാരന് കേൾവി നഷ്ടമായി, രക്ഷിതാക്കൾ ശ്രദ്ധിക്കമെന്ന് വിദഗ്ധർ 

ലക്‌നൗ - വയർലെസ് ഫോണിന്റെ അമിതോപയോഗം 18-കാരന്റെ കേൾവി ശക്തി തകരാറിലാക്കിയതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. മണിക്കൂറുകളോളം ഇയർബഡുകൾ ഉപയോഗിച്ചതിനെ തുടർന്ന് കേൾവിശക്തി നഷ്ടപ്പെടുകയാണുണ്ടായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
 ഇയർഫോൺ ദീർഘനേരം ഉപയോഗിച്ചതിനെ തുടർന്നുണ്ടായ അണുബാധ കാരണമാണ് കൗമാരക്കാരനായ ആൺകുട്ടിക്ക് കേൾവിശക്തി നഷ്ടമായതെന്നും, ശസ്ത്രക്രിയയിലൂടെ കേൾവിശക്തി വീണ്ടെടുത്തതായും റിപ്പോർട്ടിൽ വ്യക്തമാക്കി. ഇയർബഡുകൾ കൂടുതൽ സമയം ധരിക്കുമ്പേൾ ചെവിയുടെ കനാലിലെ ഈർപ്പം വർധിക്കും. ഇത് ചെവിയിൽ ബാക്ടീരിയകൾക്കും വൈറസുകൾക്കും വളരാൻ അനുയോജ്യമായ അന്തരീക്ഷമുണ്ടാക്കും. ഇത് വൻ പ്രത്യാഘാതമാണുണ്ടാക്കുക. നമ്മുടെ ശരീരം പോലെ തന്നെ ചെവി കനാലിനും വെന്റിലേഷൻ ആവശ്യമാണെന്നും ദീർഘനേരം ചെവി അടച്ചിടുന്നത് വിയർപ്പ് അടിഞ്ഞുകൂടി അണുബാധയ്ക്ക് കാരണമാകുമെന്നും ഡോക്ടർമാർ പറഞ്ഞു.
 'ഞങ്ങൾ ചികിത്സിച്ച കൗമാരക്കാരൻ ഒരു സംഗീത പ്രേമിയായിരുന്നു. മണിക്കൂറുകളോളം സംഗീതം കേൾക്കാൻ ഇയർ ഫോണുകൾ ചെവിയിൽ ഘടിപ്പിക്കുമായിരുന്നു. കൂടാതെ, ഇയർ ഫോണുകളിലൂടെയായിരുന്നു സുഹൃത്തുക്കളുമായുള്ള സൗഹൃദം പങ്കിടലും. ഇത് അണുബാധയിലേക്കും കടുത്ത വേദനയിലേക്കും എത്തിക്കുകയായിരുന്നു. ഇതേ തുടർന്ന് കൗമാരക്കാരനെ രണ്ടുതവണ മാസ്റ്റോയിഡ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ആദ്യത്തേതിൽ വിജയിക്കാനായിരുന്നില്ലെന്നും ഇ.എൻ.ടി സ്‌പെഷ്യലിസ്റ്റായ ഡോ. അങ്കുഷ് സയാൽ പറഞ്ഞു. പിന്നീട്, ഓസിക്കുലോപ്ലാസ്റ്റി (ജർമ്മൻ നിർമിത ഭാഗിക ടൈറ്റാനിയം ഓസിക്കുലോപ്ലാസ്റ്റി ഇംപ്ലാന്റ് പ്ലേസ്‌മെന്റ്) ഉപയോഗിച്ച് മാസ്റ്റോയ്‌ഡെക്ടമി വഴിയുള്ള ശസ്ത്രക്രിയാ ഇടപെടലിലൂടെ പുതിയ ശ്രവണശേഷി കൈവരിക്കുകയായിരുന്നു. 
 നീണ്ടതും തുടർച്ചയായതുമായ സമയങ്ങൾ, പ്രത്യേകിച്ചും ദിവസം മുഴുവൻ ഇയർ ഫോണുകൾ ധരിക്കുന്നത് ചെവിയെ പ്രതികൂലമായി ബാധിച്ച്, മാരക രോഗങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന് ഡോക്ടർ പറഞ്ഞു. ഇയർ ഫോണുകളുടെ ഉപയോഗം കർശനമായി പരിമിതപ്പെടുത്താനും ഉച്ചത്തിലുള്ള ശബ്ദം കേൾക്കുന്നത് ഒഴിവാക്കാനും ഡോക്ടർ ഉപദേശിച്ചു. കുട്ടികൾ ഉപയോഗിക്കുന്ന ഇയർ ഫോണിന്റെ തീവ്രത രക്ഷിതാക്കൾ നിർബന്ധമായും പരിശോധിക്കണമെന്നും ഡോക്ടർ ഓർമിപ്പിച്ചു.

Latest News