ഭുവനേശ്വര്‍ - ഒഡീഷ ട്രെയിന്‍ ദുരന്തത്തെ സംബന്ധിച്ചുള്ള അന്വേഷണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്ന് റയില്‍വേ മന്താലയം വ്യക്തമാക്കി. സിഗ്‌നലിംഗിലെ പിഴവിനെ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം പ്രധാനമായും നടക്കുക. മെയിന്‍ ലൈനിലൂടെ പോകാനുള്ള സിഗ്‌നല്‍ പിന്‍വലിച്ചത് ദുരന്തകാരണമായതായാണ് പ്രാഥമിക വിലയിരുത്തല്‍. ട്രെയിന്‍ അപകടത്തില്‍ പരിക്കേറ്റ 56 പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഇതുവരെ 288 പേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. നിസ്സാര പരിക്കേറ്റ ഭൂരിഭാഗം പേരും വീടുകളിലേക്ക് തിരിച്ചെത്തിയതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ട്രാക്കില്‍ നിന്ന് അവശിഷ്ടങ്ങള്‍ നീക്കുന്ന ജോലി പുരോഗമിക്കുകയാണ്. അപകടത്തില്‍ തകര്‍ന്ന ട്രാക്കിന്റെ പുനര്‍നിര്‍മാണം ഇന്ന് നടക്കും. വൈകുന്നേരത്തോടെ ഒരു ട്രാക്കിലൂടെ ഗതാഗതം പുനഃസ്ഥാപിക്കാനാണ് നീക്കം.