മൗലാനാ ഖാലിദ് റഹ്മാനി പേഴ്‌സണല്‍ ലോ ബോര്‍ഡ് പ്രസിഡന്റ്

ഹൈദരാബാദ്-ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് പ്രസിഡന്റായി മൗലാന ഖാലിദ് സൈഫുല്ല റഹ്മാനിയെ തെരഞ്ഞെടുത്തു. 1972ല്‍ രൂപീകൃതമായ ബോര്‍ഡിന്റെ അഞ്ചാമത്തെ പ്രസിഡന്റാണ് മൗലാനാ ഖാലിദ് റഹ്മാനി.
കഴിഞ്ഞ ഏപ്രിലില്‍ 94 ാം വയസ്സില്‍ അന്തരിച്ച മൗലാന സയ്യിദ് റബീ നദ്‌വിയുടെ പിന്‍ഗാമിയായാണ് ബോര്‍ഡിന്റെ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന മൗലാന റഹ്മാനിയെ തെരഞ്ഞെടുത്തിരിക്കുന്നത്.  പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ മൂന്നാമത്തെ പ്രസിഡന്റായിരുന്ന മൗലാന മുജാഹിദുല്‍ ഇസ്ലാം ഖാസ്മിയുടെ അടുത്ത ബന്ധുവാണ് മൗലാന റഹ്മാനി.
ബിഹാര്‍ സ്വദേശിയായ മൗലാനാ റഹ്മാനി നാല് പതിറ്റാണ്ടായി ഹൈദരാബാദിലാണ് താമസം. ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്ത് പഹാഡി ഷെരീഫിന് സമീപം സ്ഥിതി ചെയ്യുന്ന അല്‍ മഹ്ദുല്‍ ഇസ്ലാമി എന്ന ദര്‍സിന്റെ സ്ഥാപക തലവനാണ്. ഇസ്‌ലാമിക കര്‍മ്മശാസ്ത്രത്തിലെ പ്രമുഖ പണ്ഡിതന്മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന റഹ്മാനി ഓള്‍ ഇന്ത്യ ഫിഖ്ഹ് അക്കാദമിയുടെ സെക്രട്ടറി ജനറല്‍ കൂടിയാണ്.
ബിഹാറിലെ ദര്‍ഭംഗയില്‍ ജനിച്ച മൗലാന ഖാലിദ് റഹ്മാനി സൗദി അറേബ്യയിലെ മക്കയിലുള്ള ഇസ്ലാമിക് ഫിഖ്ഹ് അക്കാദമിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കലക്ടീവ് ഇജ്തിഹാദിലെ അംഗമാണ്. 1994ല്‍ വര്‍ണവിവേചന ഭരണത്തില്‍ നിന്ന് രാജ്യം സ്വതന്ത്രമായതിന് ശേഷം ഇസ്ലാമിക നിയമങ്ങളുടെ കരട് തയ്യാറാക്കാന്‍ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ അദ്ദേഹത്തെ ക്ഷണിച്ചിരുന്നു.

 

 

Latest News