പെണ്‍കുട്ടിയെന്ന വ്യാജേന ചാറ്റ് തുടങ്ങും, നഗ്നചിത്രങ്ങൾ കൈക്കലാക്കും; പലരില്‍നിന്നായി ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍

ന്യൂദല്‍ഹി-നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി നിരവധിപേരില്‍ നിന്ന് പണം തട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തതായി പോലീസ്  അറിയിച്ചു.
ഷഹീന്‍ ബാഗ് സ്വദേശിയായ മുഹമ്മദ് അമന്‍ എന്ന 22 കാരനാണ് അറസ്റ്റിലായത്.  
സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട ഒരു സ്ത്രീക്ക് താന്‍ അയച്ച നഗ്‌നചിത്രങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുവെന്ന പരാതിയുമായി ഒരു യുവാവ് പോലീസിനെ സമീപിച്ചതോടെ അന്വേഷണം ആരംഭിച്ചത്.  വാട്‌സ്ആപ്പിലൂടെ ഭീഷണിപ്പെടുത്തിയും ബ്ലാക്ക് മെയില്‍ ചെയ്തും അഞ്ച് തവണയായി  21,600 രൂപ തട്ടിയെടുത്തതായും പരാതിയില്‍ പറഞ്ഞിരുന്നു.
ഷഹീന്‍ ബാഗില്‍ അമന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത അക്കൗണ്ടിലേക്കാണ് തട്ടിപ്പ് പണം ക്രെഡിറ്റ് ചെയ്തതെന്ന് കണ്ടെത്തിയാണ് പോലീസ് യുവാവിനെ തേടിപ്പിടിച്ചത്.
പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ ഉപയോഗിച്ച് ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് ഉണ്ടാക്കിയാണ്  പുരുഷന്മാര്‍ക്ക് റിക്വസ്റ്റ് അയച്ച് ചാറ്റ് ചെയ്തിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ അമന്‍ വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
പിന്നീട് നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെടുകയാണ് പതിവ്. നഗ്നചിതങ്ങള്‍ അയച്ചുകിട്ടിയാല്‍  അവ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ആരംഭിക്കും. ഇതേ തന്ത്രം ഉപയോഗിച്ച് പലരില്‍ നിന്നും പണം തട്ടിയെടുത്തതായി അമന്‍ പറഞ്ഞു. ഇയാളുടെ അക്കൗണ്ടില്‍ ഏകദേശം 33 ലക്ഷം രൂപയുണ്ടെന്നും കണ്ടെത്തി.

 

Latest News