Sorry, you need to enable JavaScript to visit this website.

ആലപ്പുഴയിൽ ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോറ് ഏഴാം വർഷവും മുടങ്ങാതെ

ഡി.വൈ.എഫ്.ഐയുടെ ഹൃദയപൂർവം പദ്ധതി ഏഴാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായുള്ള ഭക്ഷവിതരണോദ്ഘാടനം സംസ്ഥാന പ്രസിഡന്റ് വി. അസീഫ് നിർവഹിക്കുന്നു.

ആലപ്പുഴ- വണ്ടാനം മെഡിക്കൽ കോളേജിൽ ദിവസവും 12 മണിയായാൽ ആർക്കും വിശന്നിരിക്കേണ്ടി വരില്ല. അത് രോഗിയായാലും കൂട്ടിരിപ്പുകാരായാലും. കഴിഞ്ഞ ആറുവർഷവും ഡി.വൈ.എഫ്.ഐ പ്രവർത്തകർ മുടങ്ങാതെ ഉച്ചയൂണ് പൊതിയാക്കി എത്തിച്ചുനൽകുന്നു. ഗ്രാമങ്ങളിലെ വീടുകളിൽനിന്ന് ശേഖരിക്കുന്ന പൊതിച്ചോറാണ് സംഘടനാ പ്രവർത്തകർ വാഹനങ്ങളിൽ ആശുപത്രി കോമ്പൗണ്ടിൽ കൊണ്ടുവന്ന് വിതരണം ചെയ്യുന്നത്.
ഓരോ ദിവസവും ഓരോ മേഖലാ കമ്മിറ്റികൾക്കാണ് ഭക്ഷണമെത്തിക്കാനുള്ള ചുമതല. 500 മുതൽ 800 പൊതികൾ വരെ ദിനേന എത്തിച്ച് വിതരണം ചെയ്യും. നിശ്ചയിക്കപ്പെടുന്ന പ്രാദേശിക കമ്മിറ്റികൾ പ്രദേശത്തെ വീടുകൾതോറും കയറിയിറങ്ങി നേരത്തെ അറിയിപ്പുനൽകും. അതാത് ദിവസം രാവിലെ 10.30യോടെ വീടുകളിൽനിന്നും പൊതിച്ചോറ് ശേഖരിച്ച് ഒരു പ്രദേശത്ത് എത്തിച്ച് അവിടെനിന്ന് വലിയ വാഹനത്തിലാണ് വണ്ടാനത്തേക്ക് കൊണ്ടുവരുന്നത്.
ചില ദിവസങ്ങളിൽ വീടുകളിൽനിന്ന് ആവശ്യമായത്ര പൊതി ലഭിച്ചില്ലെങ്കിലും ഹോട്ടലുകളിൽ നിന്ന് വിലയ്ക്കുവാങ്ങി വിതരണത്തിന് എത്തിക്കും. മിക്ക വീടുകളിൽനിന്നും 3 മുതൽ 10 വരെ പൊതികൾ ലഭിക്കാറുണ്ട്. ഡി.വൈ.എഫ്.ഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഹൃദയപൂർവം പദ്ധതി ഏഴാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി നടന്ന ഉച്ചഭക്ഷണ വിതരണവും സമ്മേളനവും ഇന്നലെ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജെയിംസ് ശാമുവേൽ അധ്യക്ഷത വഹിച്ചു.
കവി വയലാർ ശരത്ചന്ദ്ര വർമ്മ മുഖ്യാതിഥിയായി പങ്കെടുത്തു. ആലപ്പുഴ എം.പി അഡ്വ. എ.എം. ആരിഫ്, ഡിവൈ.എഫ്.ഐ ജില്ലാ സെക്രട്ടറി അഡ്വ. ആർ. രാഹുൽ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. അബ്ദുൽ സലാം, ട്രഷറർ രമ്യ രമണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. സുരേഷ് കുമാർ, സി. ശ്യാംകുമാർ, സി.പി.എം അമ്പലപ്പുഴ ഏരിയ സെക്രട്ടറി എ. ഓമനക്കുട്ടൻ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ അജ്മൽ കെ. ഹസ്സൻ, ആർ. അശ്വിൻ, വൈസ് പ്രസിഡന്റുമാരായ ദിനൂപ് വേണു, പി.എ. അൻവർ, പ്രശാന്ത് എസ്. കുട്ടി, അരുൺ ലാൽ എന്നിവർ സംസാരിച്ചു. ആറാം വാർഷിക ദിനത്തിൽ മാവേലിക്കര ബ്ലോക്കിലെ തഴക്കര മേഖലാ കമ്മിറ്റിയാണ് ഭക്ഷണം എത്തിച്ചത്. മേഖലാ കമ്മിറ്റി പ്രത്യേകം തയാറാക്കിയ പാൽ പായസവും ഭക്ഷണത്തോടൊപ്പം വിതരണം ചെയ്തു. 

Latest News