വ്യാജ ബലാത്സംഗക്കേസുകള്‍ പെരുകുന്നു, 74 ശതമാനം കേസുകളും വ്യാജമെന്ന് കണക്കുകള്‍

ന്യൂദല്‍ഹി- നിങ്ങളുടെ സഹോദരനെയോ പിതാവിനെയോ മകനെയോ ഭര്‍ത്താവിനെയോ ബലാത്സംഗ കേസില്‍ ശിക്ഷിച്ചതായി സങ്കല്‍പ്പിക്കുക. അത് സങ്കല്‍പ്പിക്കാന്‍ പോലും പ്രയാസമാണ്, അല്ലേ?

ഇനി, വ്യാജ ബലാത്സംഗക്കേസുകള്‍ ചുമത്തിയവരെക്കുറിച്ച് ചിന്തിക്കുക. മാനസികാരോഗ്യത്തിലും തൊഴിലിലും പുരുഷന്റെ മുഴുവന്‍ ജീവിതത്തിലും വ്യാജ ആരോപണങ്ങള്‍ ഉണ്ടാക്കുന്ന ആഘാതം രക്ഷപ്പെടുത്താവുന്നതിലും അപ്പുറമാണ്. ഇന്ത്യയില്‍ ഇത്തരം പുരുഷന്മാരുടെ എണ്ണം കൂടുതലാണെന്ന് കണക്കുകള്‍ പറയുന്നു. ബലാത്സംഗത്തിന് വ്യാജആരോപണങ്ങള്‍ ചുമത്തപ്പെട്ട ഈ പുരുഷന്മാരെ സമൂഹം ബഹിഷ്‌കരിക്കുന്നു. ഇത് അവരെ ഭയത്തോടെ ജീവിക്കാനോ ആത്മഹത്യയിലേക്ക് തള്ളിവിടാനോ പ്രേരിപ്പിക്കുന്നു.
വ്യാജ ബലാത്സംഗ കേസുകളില്‍ ഭയാനകമായ വര്‍ദ്ധനവുള്ളതായി കണക്കുകള്‍ പറയുന്നു. ഇന്ത്യയില്‍ 74 ശതമാനം ബലാത്സംഗക്കേസുകളും വ്യാജമാണത്രെ.

2018 ല്‍ 20 വയസ്സുള്ള മകന്‍ തന്നെ ബലാത്സംഗം ചെയ്തതായി ആരോപിച്ച് ഒരു അമ്മ രംഗത്തുവന്നു. ഒന്നര വര്‍ഷം മകന്‍ ജയിലില്‍ കഴിഞ്ഞപ്പോള്‍, സ്വന്തം മകനെതിരെ വ്യാജ കേസാണ് ഫയല്‍ ചെയ്തതെന്ന് അമ്മ സമ്മതിച്ചു. മകന്‍ പലപ്പോഴും അക്രമാസക്തനായി പെരുമാറിയതിനാലും വീട്ടില്‍ മറ്റൊരു പുരുഷന്‍ ഇല്ലാത്തതിനാലുമാണ് താന്‍ വ്യാജ ബലാത്സംഗ പരാതി നല്‍കിയതെന്ന് അവര്‍ വെളിപ്പെടുത്തി.
മറ്റൊരു കേസില്‍ 20 വര്‍ഷമാണ് പ്രതി വിഷ്ണു ജയിലില്‍ കഴിഞ്ഞത്. ഇയാളെ ശിക്ഷിക്കുമ്പോള്‍ വിചാരണക്കോടതിക്ക് കാര്യമായ പിഴവ് സംഭവിച്ചുവെന്ന് അലഹബാദ് ഹൈക്കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുറ്റവിമുക്തനാക്കിയത്. ബലാത്സംഗത്തിനിരയായി എന്ന് അവകാശപ്പെടുന്ന സമയത്ത് അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ഇരയുടെ ശരീരത്തില്‍ ശുക്ലമോ മുറിവുകളോ ഇല്ലെന്ന് കണ്ടെത്തിയ മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി കുറ്റവിമുക്തനാക്കിയത്.

ഒരു പുരുഷനില്‍നിന്ന് പണം തട്ടിയതിന് 22 കാരിയായ യുവതിയെ ഗുരുഗ്രാം പോലീസ് അറസ്റ്റ് ചെയ്ത മറ്റൊരു കേസുണ്ട്. വിവാഹം കഴിക്കാന്‍ വിസമ്മതിക്കുകയോ പണം നല്‍കാതിരിക്കുകയോ ചെയ്താല്‍ ബലാത്സംഗക്കേസില്‍ കള്ളക്കേസ് ചുമത്തുമെന്ന് യുവതി ഭീഷണിപ്പെടുത്തി.

2015 ഓഗസ്റ്റ് 23 ന് സര്‍വ്വജീതും ജസ്‌ലീന്‍ കൗറും തമ്മില്‍ വഴക്കുണ്ടായി, തുടര്‍ന്ന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ജസ്‌ലീന്‍ ഭീഷണിപ്പെടുത്തി. സര്‍വ്ജീത് തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് അവര്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇടുകയും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആരോപണത്തെത്തുടര്‍ന്ന്, കേസിനെ യുക്തിസഹമായിപോലും വിശകലനം ചെയ്യാതെ ആളുകള്‍ പ്രതികരിച്ചു. പോലീസിന് നടപടിയെടുക്കേണ്ടിവന്നു. നാല് വര്‍ഷത്തെ കഷ്ടപ്പാടുകള്‍ക്ക് ശേഷം, സര്‍വ്ജീത് കുറ്റവിമുക്തനായി. എന്നാല്‍ ജസ്‌ലീനെതിരെ നടപടിയുണ്ടായില്ല.

നാഷണല്‍ െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 ാം വകുപ്പ് പ്രകാരമുള്ള ബലാത്സംഗ കേസുകളില്‍ 74 ശതമാനത്തിലും പ്രതികളെ വെറുതെ വിടുന്നു.

പരസ്പര സമ്മതത്തോടെയുള്ള പ്രവൃത്തികള്‍ വേര്‍പിരിയലിനുശേഷം ബലാത്സംഗത്തിലേക്ക് മാറുന്നതാണ് മറ്റൊരു പ്രവണത. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, വേര്‍പിരിയലിനുശേഷം സ്ത്രീകള്‍ പുരുഷന്മാര്‍ക്കെതിരെ വ്യാജ ബലാത്സംഗക്കേസുകള്‍ ഫയല്‍ ചെയ്യുന്ന നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പരസ്പര സമ്മതത്തോടെയുള്ള ബന്ധം വഷളാകുമ്പോള്‍ സ്ത്രീകള്‍ പലപ്പോഴും അതാത് പങ്കാളികള്‍ക്കെതിരെ കേസ് കൊടുക്കുന്നു എന്നത് നിഷേധിക്കാനാവില്ല.

2017ല്‍ ദല്‍ഹി ഹൈക്കോടതിയുടെ ഒരു നിരീക്ഷണമുണ്ടായി. 'ഇരുവരും പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം വളര്‍ത്തിയെടുത്ത ശേഷം പിന്നീട് ആരോപണമുന്നയിക്കുന്ന കേസുകളുടെ എണ്ണം ഈ കോടതി നിരവധി തവണ നിരീക്ഷിച്ചിരുന്നു. പ്രതികാരത്തിനും വ്യക്തിപരമായ പകപോക്കലിനും സ്ത്രീകള്‍ നിയമത്തെ ആയുധമാക്കുന്നു. ബലാത്സംഗവും സമ്മതത്തോടെയുള്ള ലൈംഗികതയും തമ്മില്‍ വ്യക്തമായ അതിര്‍വരമ്പുകള്‍ ആവശ്യമാണ്, പ്രത്യേകിച്ചും വിവാഹ വാഗ്ദാനത്തില്‍ സമ്മതം നല്‍കിയെന്ന പരാതിയുണ്ടെങ്കില്‍.
നികൃഷ്ടമായ അജണ്ടക്കായി ഫയല്‍ ചെയ്ത വ്യാജ ബലാത്സംഗക്കേസുകള്‍ രാജ്യത്തിന് ഭീഷണിയായി മാറിയിരിക്കുന്നു. സ്ത്രീകളെ ഇരകളായും പുരുഷന്മാരെ അക്രമികളായും കണക്കാക്കുന്ന നീതിന്യായ വ്യവസ്ഥയില്‍ ഇന്ന് ഇന്ത്യന്‍ പുരുഷന്മാരുടെ ദുര്‍ബലമായ സ്ഥാനത്തെ ഇത് ശരിവെക്കുകയാണ്. യഥാര്‍ഥ ഇരകളെ സംരക്ഷിക്കാനുള്ള നിയമങ്ങള്‍ ചില അവസരവാദികളായ സ്ത്രീകള്‍ ദുരുപയോഗം ചെയ്യുന്നു. കുറ്റകൃത്യത്തിന് ലിംഗഭേദമില്ലെന്നും തെറ്റായ ആരോപണങ്ങളില്‍ ഒരാളെ ശിക്ഷിക്കുന്നതിന് മുമ്പ്, അന്വേഷണം സമഗ്രമായി നടത്തേണ്ടതുണ്ടെന്നും തിരിച്ചറിയണം.

Latest News