- ഇംഗ്ലണ്ട് 1 (4) - കൊളംബിയ 1 (3)
മോസ്‌കോ- ആദ്യന്തം ഒപ്പത്തിനൊപ്പം പൊരുതിയ കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3ന് കീഴടക്കി ഇംഗ്ലണ്ട് ലോകകപ്പ് ക്വാർട്ടറിൽ. മുഴുവൻ സമയത്തും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും ഓരോ ഗോളടിച്ചുനിന്നതോടെ ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തിൽ ഗോളി പിക്ക്‌ഫോഡും പോസ്റ്റും ഇംഗ്ലണ്ടിന്റെ രക്ഷക്കെത്തി. കൊളംബിയയുടെ മാർക്കസ് ഉറൈബും, കാർലോസ് ബാക്കയും കിക്കുകൾ പാഴാക്കിയപ്പോൾ, ഇംഗ്ലണ്ടിന്റെ ഹെൻഡേഴ്‌സണും പാഴാക്കി. അവസാന കിക്കെടുത്ത ഡയർ കൊളംബിയൻ ഗോളി ഓസ്പിനയെ കീഴടക്കിയതോടെ ഇംഗ്ലണ്ട് ആഘോഷം തുടങ്ങി. ക്വാർട്ടറിൽ സ്വീഡനാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.
58ാം മിനിറ്റിൽ പെനാൽറ്റി കിക്കിലൂടെ ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി കെയ്ൻ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചെങ്കിലും ഇൻജുറി ടൈമിന്റെ അവസാന മിനിറ്റിൽ യെറി മിന ഗോൾ മടക്കി. പരിക്കേറ്റ ഹാമിസ് റോഡ്രിഗേസിന്റെ അഭാവം കൊളംബിയൻ ആക്രമണത്തിൽ പ്രകടനമായിരുന്നു.
കാർലോസ് സാഞ്ചസ് കെയ്‌നിലെ ബോക്‌സിൽ വീഴ്ത്തിയതിനാണ് റഫറി മാർക്ക് ജീഗർ ഇംഗ്ലണ്ടിന് പെനാൽറ്റി അനുവദിക്കുന്നത്. തീരുമാനം പുനഃപരിശോധിക്കാൻ കൊളംബിയൻ താരങ്ങൾ ഏറെ നേരം അഭ്യർഥിച്ചെങ്കിലും റഫറി വഴങ്ങിയില്ല. കൊളംബിയൻ ആരാധകരുടെ കൂക്കിവിളിക്കിടെ കെയ്ൻ കിക്ക് അനായാസം വലയിലെത്തിച്ചു. ഈ ലോകകപ്പിൽ ഇംഗ്ലീഷ് ക്യാപ്റ്റന്റെ ആറാം ഗോൾ.
ഗോൾ മടക്കാനുള്ള കൊളംബിയയുടെ ശ്രമം അവസാനം വരെ ചെറുത്തുനിന്ന ഇംഗ്ലണ്ട് ഇടക്കിടെ പ്രത്യാക്രമണവും നടത്തിയതോടെ കളി ആവേശം നിറഞ്ഞതായി. ഇംഗ്ലീഷ് നീക്കങ്ങളെ പരുക്കൻ അടവുകൾ കൊണ്ടാണ് കൊളംബിയ നേരിട്ടത്. അഞ്ച് കൊളംബിയൻ താരങ്ങളും രണ്ട് ഇംഗ്ലീഷ് താരങ്ങളും മഞ്ഞക്കാർഡ് കണ്ടു. ഇംഗ്ലണ്ട് ആ ലീഡിൽ ജയിക്കുമെന്ന് തോന്നിച്ചപ്പോഴാണ് ഇൻജുറി ടൈമിൽ യെറി മിന ഗോൾ മടക്കുന്നത്. ഉയർന്നുവന്ന പന്ത് ഹെഡറിലൂടെ മിന വലയിലാക്കി. കൊളംബിയയുടെ ആദ്യ മത്സരത്തിൽ ഇറങ്ങാതിരുന്ന മിന ഈ ലോകകപ്പിൽ നേടിയ മൂന്നാം ഗോളാണിത്.
തൊട്ടുപിന്നാലെ റഫറി ഫൈനൽ വിസിൽ ഊതിയതോടെ കളി എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി.