ആശുപത്രി കെട്ടിടത്തിന് കൊടപ്പനക്കല്‍ കുടുംബം 15 സെന്റ് സ്ഥലം സൗജന്യമായി നല്‍കി

മലപ്പുറം- പാണക്കാട് പ്രദേശത്തിന്റെ ആരോഗ്യമേഖലക്ക് ഏറെ പ്രയോജനപ്രദമാകുന്ന നഗരാരോഗ്യ കേന്ദ്രം നിര്‍മിക്കാന്‍ പാണക്കാട് കൊടപ്പനക്കല്‍ കുടുംബം 15 സെന്റ് ഭൂമി സൗജന്യമായി നല്‍കി. ഭൂമിയുടെ രജിസ്ട്രേഷന്‍ ഇന്നലെ പൂര്‍ത്തിയായി.
എട്ട് വര്‍ഷമായി തോണിക്കടവിലെ വാടക ക്വാര്‍ട്ടേഴ്സിലാണ് ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തിച്ചുവരുന്നത്. പ്രളയകാലത്ത് സെന്ററിലേക്ക് വെള്ളം കയറുന്നതുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ നേരിടുകയും അര്‍ബന്‍ ഹെല്‍ത്ത് സെന്ററിന് സ്വന്തമായി കെട്ടിടം നിര്‍മിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവും വന്നതോടെയാണ് സ്വന്തം കെട്ടിടം നിര്‍മിക്കാനുള്ള ശ്രമമാരംഭിച്ചത്. നേരത്തെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ 10 സെന്റ് ഭൂമി സൗജന്യമായി നല്‍കിയിരുന്നു.
എന്നാല്‍ ഈ സ്ഥലത്തിന്റെ ഘടനാപരമായ ബുദ്ധിമുട്ട് പറഞ്ഞ് സാങ്കേതിക വിഭാഗം അനുമതി നിഷേധിച്ചിരുന്നു. ഇതോടെയാണ് പരപ്പനങ്ങാടി റോഡിനോട് ചേര്‍ന്നുള്ള മറ്റൊരു സ്ഥലം വിട്ടു നല്‍കാന്‍ പാണക്കാട് കുടുംബം തയാറായത്. ഇവിടെ ആധുനിക സൗകര്യങ്ങളുള്ള കെട്ടിടം നിര്‍മിക്കും. കേന്ദ്ര സര്‍ക്കാരിന്റെ എന്‍.എച്ച്.ആര്‍.എം ഫണ്ടില്‍നിന്ന് 1.5 കോടി രൂപയും യും നഗരസഭാ ഫണ്ടില്‍ നിന്നും 50 ലക്ഷവും ഇതിനായി നീക്കിവെച്ചിട്ടുണ്ട്. നിലവില്‍ രാവിലെയും വൈകുന്നേരവുമായി രണ്ട് ഡോക്ടര്‍മാരാണ് ആരോഗ്യ കേന്ദ്രത്തിലുള്ളത്. കൂടുതല്‍ സൗകര്യങ്ങള്‍ ഒരുങ്ങുന്നതോടെ പീഡിയാട്രീഷന്‍, സൈക്കോളജിസ്റ്റ് അടക്കമുള്ള വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങളും ഇതോടനുബന്ധിച്ച് പ്രവര്‍ത്തനമാരംഭിക്കും. പദ്ധതിയിലൂടെ പ്രദേശവാസികള്‍ക്കും സമീപപ്രദേശങ്ങളില്‍ താമസിക്കുന്ന പാവപ്പെട്ട കുടുംബങ്ങള്‍ക്കും മികച്ച ആതുരസേവനം ലഭ്യമാക്കാനാകും.

 

Latest News