Sorry, you need to enable JavaScript to visit this website.

ഉപ്പുമാങ്ങ കഴിച്ചപ്പോള്‍ വായ പൊള്ളി, പരിശോധനയില്‍ കണ്ടത് 35 ലിറ്റര്‍ അസറ്റിക് ആസിഡ്

കോഴിക്കോട് - വഴിയോര ഭക്ഷണ സ്ഥാപനങ്ങള്‍ സുരക്ഷിതമായ ഭക്ഷണ സാധനങ്ങളാണ് വില്‍ക്കുന്നതെന്ന് ഉറപ്പാക്കേണ്ടത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെയും നിയമപരമായ ബാധ്യതയാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍.
നിയമം ലംഘിക്കുന്ന കച്ചവടക്കാരുടെ ലൈസന്‍സ് ഉടന്‍ റദ്ദാക്കണമെന്നും നിയമത്തില്‍ അനുശാസിക്കുന്ന പരമാവധി പിഴ ചുമത്തണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു. പരാതി വരുമ്പോള്‍ മാത്രം ചുരുങ്ങി പോകുന്ന ഒന്നായി ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ മാറുന്നതായി കമ്മീഷന്‍ വിമര്‍ശിച്ചു.
ഭട്ട് റോഡിന് സമീപം വരയ്ക്കല്‍ ബീച്ചില്‍ വഴിയോര കച്ചവടക്കാരനില്‍നിന്നു ഉപ്പുമാങ്ങക്കൊപ്പം വെള്ളം വാങ്ങി കുടിച്ചപ്പോള്‍ വായ പൊള്ളിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. പരിശോധന നടത്തിയ 53 തട്ടുകടകളില്‍ സൂക്ഷിച്ച 35 ലിറ്റര്‍ അസറ്റിക് ആസിഡ് പിടിച്ചെടുത്തതായി നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത 12 തട്ടുകടകള്‍ താത്കാലികമായി അടപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എഫ്.എസ്.എസ്.എ.ഐ നിഷ്‌കര്‍ഷിക്കുന്ന ഗുണമേന്മയുള്ള വിനാഗിരി ഉപയോഗിച്ചുള്ള ഉപ്പിലിട്ടത് മാത്രം ഉപയോഗിക്കണമെന്ന് തട്ടുകടകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവാരമില്ലാത്ത അസിഡിക് ലായനികള്‍ ഉപയോഗിക്കരുത്. ഹെല്‍ത്ത് കാര്‍ഡും നഗരസഭാ ഭക്ഷ്യസുരക്ഷാ ലൈസന്‍സും നിര്‍ബന്ധമാക്കിയിട്ടുണ്ട്. തിളപ്പിച്ചാറ്റിയ വെള്ളമോ ആര്‍.ഒ. പ്ലാന്റില്‍ ശുദ്ധീകരിച്ച വെള്ളമോ ഉപയോഗിക്കണം. ഇക്കാര്യങ്ങളില്‍ ഉറപ്പു ലഭിച്ചതിനാല്‍ താല്‍കാലികമായി അടച്ച കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പരാതി ഉയരുമ്പോള്‍ മാത്രം പരിശോധനകള്‍ കര്‍ശനമാക്കുന്ന രീതിലാണ് പിന്തുടരുന്നതെന്ന് പരാതിക്കാരനായ എ.സി. ഫ്രാന്‍സിസ് കമ്മീഷനെ അറിയിച്ചു.  

 

Latest News