മഹാരാഷ്ട്രയില്‍ ധാരാളം ലൗജിഹാദ് കേസുകള്‍ കണ്ടെത്തിയെന്ന് ഉപമുഖ്യമന്ത്രി

മുംബൈ-മഹാരാഷ്ട്രയില്‍ കാണാതായവരെ കുറിച്ചുള്ളവരുടെ അന്വേഷണത്തില്‍ വലിയ തോതില്‍ ലൗ ജിഹാദ് കേസുകളും കണ്ടെത്തിയതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. കാണാതായവരെ കുറിച്ചുള്ള പരാതികളില്‍ 90 മുതല്‍ 95 ശതമാനം വരെ കണ്ടെത്താന്‍ കഴിയുന്നതായും സംസ്ഥാനത്ത് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന അദ്ദേഹം പറഞ്ഞു.
ചില കേസുകളില്‍ വ്യാജ വാഗ്ദാനങ്ങളും വ്യാജ വിലാസങ്ങളും ഉപയോഗിച്ചുട്ടുണ്ട്. സ്ത്രീകളെ തെറ്റിദ്ധരിപ്പിക്കാന്‍ വിവാഹിതരായവര്‍ പോലും ശ്രമിക്കുന്നുണ്ട്. ലൗ ജിഹാദ് എന്ന് പറയാവുന്ന കേസുകളും ധാരാളം കണ്ടെത്താന്‍ കഴിഞ്ഞു-മുതിര്‍ന്ന ബി.ജെ.പി നേതാവായ ഫഡ്‌നാവിസ് പറഞ്ഞു.
ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്ന് താന്‍ നേരത്തെ തന്നെ പറഞ്ഞതാണ്. ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങള്‍ പഠിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. വിവാഹം ചെയ്ത ശേഷം ഹിന്ദു സ്ത്രീകളെ മുസ്ലിംകള്‍ മതംമാറ്റുന്നുവെന്ന് ആരോപിക്കാന്‍ ഉപയോഗിക്കാന്‍ സംഘ് പരിവാര്‍ വ്യാപകമായി ഉപയോഗിക്കുന്ന പദമാണ് ലൗ ജിഹാദ്.
ബിഹാറില്‍നിന്നുള്ള മൈനര്‍ കുട്ടികളെ മഹാരാഷ്ട്രയിലെ ട്രെയിനില്‍ കണ്ടെത്തിയതിനെ കുറിച്ചുള്ള ചോദ്യത്തിന് കുട്ടികളെ കടത്തുന്നത് ആഭ്യന്തര വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നതെന്നായിരുന്നു മറുപടി.

 

Latest News