Sorry, you need to enable JavaScript to visit this website.

ലോക രാഷ്ട്രങ്ങളിലേക്ക് വാതില്‍ തുറന്നുതന്ന അസീസാക്ക

ഒരു നാലാം ക്ലാസുകാരന്റെ ഓര്‍മയാണ്. ചേന്ദമംഗല്ലൂര്‍ അങ്ങാടിയിലെ പാടത്തെത്തിയപ്പോള്‍ അവിടെ ബാപ്പയും കുറച്ച് സുഹൃത്തുക്കളും ചേര്‍ന്ന് കോളേജ് വാര്‍ഷികത്തിന് വേണ്ടി സ്‌റ്റേജൊരുക്കുന്നു. അതൊക്കെ നോക്കിനില്‍ക്കുന്നതിന്നിടെ ബാപ്പ കൂട്ടത്തില്‍ ഒരാളെ പരിചയപ്പെടുത്തിത്തന്നു. ഇതാണ് അസീസാക്ക. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്തൊരു ആത്മബന്ധത്തിന്റെ തുടക്കമായിരുന്നു അത്. അന്ന് കേട്ട ആ പേരും ഹൃദയത്തില്‍ പതിഞ്ഞ പുഞ്ചിരിയും ഇന്നേരവും, അസീസാക്ക ഈ ലോകം വിട്ടുപോയിയെന്ന് അറിയുന്ന നേരത്തും ഏറെ പ്രിയപ്പെട്ടതായി എന്റെ ഉള്ളിലുണ്ട്, അതിനിയും അങ്ങനെ തന്നെ തുടരും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ഒരര്‍ത്ഥത്തില്‍ എന്റെ ലോകം വലുതാക്കിയ മനുഷ്യനാണ് അസീസാക്ക. ലോക രാഷ്ട്രങ്ങളിലേക്ക് എനിക്ക് വാതില്‍ തുറന്നു തരുന്നത് അദ്ദേഹമാണ്  സ്റ്റാമ്പ് കലക്ഷന്‍ എന്ന ഹോബി ഒരു നാലാം ക്ലാസുകാരന്റെ ഉള്ളില്‍ പതിപ്പിച്ച്, അതിനൊപ്പം അറിവ് പകര്‍ന്ന് തണലായി ഒരു സൗഹൃദവും.

ഏകദേശം 1975  ലായിരിക്കും, അദ്ദേഹം സ്റ്റാമ്പ് ശേഖരം എന്ന ഹോബി എന്നിലേക്ക് പടര്‍ത്തുന്നത്. കമല നെഹ്‌റു, ഇന്ദിരാഗാന്ധി, സുഭദ്രകുമാരി ചൗഹാന്‍, രാമേശ്വരി നെഹ്‌റു, കസ്തുര്‍ബ ഗാന്ധി, മഹാത്മാ ഗാന്ധി, ജയ് നാരായണ്‍ വ്യാസ്, ഗംഗ റാവു, മനോഹര്‍ ലോഹ്യ, വിവി ഗിരി  രാജാ അണ്ണാമലൈ ചെട്ടിയാര്‍, നരോത്തം മൊറാര്‍ജി...തുടങ്ങിയവരൊക്കെ ആരാണ് എന്ന്  ഞാന്‍ അന്വേഷിച്ചു തുടങ്ങുന്നത് അതിന്റെ തുടര്‍ച്ചയെന്നോണം അഞ്ചിലും ആറിലുമൊക്കെ പഠിക്കുന്ന കാലത്താണ്.

അവിടെ തീര്‍ന്നില്ല പീറ്റര്‍ പോള്‍സ് റുബെന്‍ , ഈജിപ്ഷ്യന്‍  പത്രപ്രവര്‍ത്തകന്‍ അബ്ബാസ് മഹ്മൂദ് അല്‍ അക്കാദ്, , ജി.സി സി രാജ്യങ്ങളിലെ ഭരണാധികാരിമാരും സ്ഥലങ്ങളുമൊക്കെ എന്റെ മനസ്സില്‍ പതിയുന്നതും അദ്ദേഹം എനിക്ക് തന്ന സ്റ്റാമ്പുകള്‍ വഴിയാണ്. ചില സ്റ്റാമ്പുകളെയൊക്ക പറ്റി അദ്ദേഹം വിശദീകരിച്ചു തന്നതും തെളിമയോടെ മനസ്സിലുണ്ട്..

പിന്നീട് അദ്ദേഹം ഖത്തറില്‍ പോയി. പ്രവാസിയായി.
ഒരുപക്ഷെ ഞാന്‍ ജീവിതത്തില്‍ ഏറ്റവുമധികം കാത്തുനിന്നത് അദ്ദേഹത്തിന്റെ കത്തുകള്‍ക്കായിരിക്കും. അദ്ദേഹം ബാപ്പക്കയാക്കുന്ന കത്തില്‍ എനിക്കൊരു ചെറിയ കുറിപ്പും കരുതിവയ്ക്കുമായിരുന്നു, കൂടെ മനോഹരമായ സ്റ്റാമ്പുകളും.

ആ നാലാം ക്ലാസുകാരനെ അദ്ദേഹം മറന്നില്ല, ഖത്തറില്‍ നിന്ന് ആദ്യ വരവില്‍ അദ്ദേഹം എനിക്കൊരു സ്റ്റാമ്പ് ആല്‍ബം സമ്മാനിച്ചു. സ്‌റ്റോക്ബുക് ഫോര്‍ പോസ്‌റ്റേജ് സ്റ്റാമ്പ് .  അതിലും  ലോകരാഷ്ട്രങ്ങളുടെ  കുറെ സ്റ്റാമ്പുകള്‍ അദ്ദേഹം എനിക്കായി കരുതി വെച്ചിരുന്നു!

വര്‍ഷങ്ങള്‍ക്ക് ശേഷം  ഞാന്‍ പ്രവാസിയായി മാറിയപ്പോഴും ആ ഓര്‍മകള്‍ വിട്ടുപോയില്ല. സ്റ്റാമ്പ് ശേഖരണം വിപുലപ്പെടുത്തി, എന്റെ കയ്യിലെ ആല്‍ബങ്ങളുടെ എണ്ണം കൂടി, സ്റ്റാമ്പുകളും. എങ്കിലും 46 വര്‍ഷം മുമ്പ് എനിക്കദ്ദേഹം സമ്മാനിച്ച ആല്‍ബവും സ്റ്റാമ്പുകളും ഞാന്‍ ഇന്നും  എനിക്കൊപ്പം  സൂക്ഷിക്കുന്നു. ദുബൈയിലും പൊന്നുപോലെ തെളിയുന്ന ആ നല്ല  കാലങ്ങളുടെ ശേഷിപ്പായി അതെന്റെ കൂടെയുണ്ട്.

ഇന്നും ലോകത്തിന്റെ ഏതു മൂലയില്‍ പോയാലും എന്റെ  ഓര്‍മയില്‍ ആദ്യം ഓടിയെത്തുക ആ പുഞ്ചിരിക്കുന്ന ശാന്തഗംഭീര മുഖമായിരിക്കും.

അതിനൊരു കാരണമുണ്ട്, ആ രാജ്യവുമായി ബന്ധപ്പെട്ട ഒരു സ്ഥലത്തിന്റെ അല്ലെങ്കില്‍ ഒരു വ്യക്തിയുടെ സ്റ്റാമ്പ് അദ്ദേഹം എനിക്ക് സമ്മാനിച്ചിട്ടുണ്ടാവും! വര്‍ഷങ്ങള്‍ക്ക് ശേഷം പത്രപ്രവര്‍ത്തനത്തിന്റെയും സ്വകാര്യ സന്ദര്‍ശനങ്ങളുടെയും  ഭാഗമായി  ഈജിപ്ത്, ഖത്തര്‍, യു.എ. ഇ, മൊറോക്കോ, കാനഡ,ഹോങ്കോങ്, സിങ്കപ്പൂര്‍, ജര്‍മനി മലേഷ്യ,  സൗദി അറേബ്യ ,കുവൈറ്റ്, ഒമാന്‍,  ബഹ്‌റൈന്‍ എന്നിങ്ങനെ പല രാജ്യങ്ങളിലൂടെയൊക്കെയും  കറങ്ങുമ്പോള്‍ അവിടെയൊക്കെ അറിയാതെയെങ്കിലും ഞാന്‍ അദ്ദേഹത്തിന്റെ മുഖം കണ്ടു. എന്റെ കുട്ടിക്കാലവും.

ഇങ്ങനെ, പരിചയപ്പെട്ടതിന് ശേഷമിങ്ങോട്ട് എന്റെ ജീവിതത്തില്‍ ഞാന്‍ അദ്ദേഹത്തെ ഓര്‍ക്കാതെ പോയ ദിവസങ്ങള്‍ കുറവാണ് എന്ന് തന്നെ പറയാം. ഒരു മനുഷ്യന്‍ അവശേഷിപ്പിച്ച് പോയ അടയാളം.

 

ഈയടുത്ത് അബുദാബിയിലെ അല്‍ മക്ത പാലത്തിലൂടെ കടന്നു പോയപ്പോഴും ഞാന്‍ ആദ്യം ഓര്‍ത്തത് അസീസാക്കയാണ്. എനിക്ക് പത്തു വയസ്സുള്ളപ്പോള്‍, അല്‍ മക്ത പാലത്തിന്റെ ചിത്രം ആദ്യമായി ഞാന്‍ കാണുന്നത് അദ്ദേഹം തന്ന സ്റ്റാമ്പിലൂടെയാണ്!

ഇങ്ങനെ ഞാനറിയാതെ എന്റെ ജീവിതത്തെ ഒരുപാട് സ്വാധീനിച്ച, എന്നും ഏറെ ഇഷ്ടത്തോടെ മന ചെപ്പിലിട്ടുവെച്ച ഒരു മുഖമാണ് ഇന്ന് ഈ ലോകത്തോട് വിട ചൊല്ലിയത്, പടച്ചോന്‍ ആ ആത്മാവിന്റെ പരലോക ജീവിതം കൂടുതല്‍ തണലുള്ളതാക്കട്ടെ.

അസീസാക്കെ, ഇവിടന്ന് പോയാലും ജീവിച്ചിരിക്കുന്ന കാലമത്രയും, ഏത് വഴിയെ പോയാലും ഏത് ചരിത്രം വായിച്ചാലും ആ പഴയ നാലാം ക്ലാസുകാരന്‍ നിങ്ങളെ  ഓര്‍ത്തുകൊണ്ടേയിരിക്കും!

 

Latest News