Sorry, you need to enable JavaScript to visit this website.

'കവച്' ഇല്ലാത്ത റൂട്ട്; അപകടത്തിന്റെ കാരണം  തേടി റെയില്‍വെ, രക്ഷാദൗത്യം അവസാനിച്ചു

ഭുവനേശ്വര്‍- ഒഡീഷയിലെ ബാലസോറില്‍ നടന്ന ട്രെയിന്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം അവസാനിച്ചതായി റെയില്‍വെ. ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ഇന്ത്യന്‍ റെയില്‍വെ വക്താവ് അമിതാഭ് ശര്‍മ അറിയിച്ചു. അപകടത്തില്‍ റെയില്‍വെ അന്വേഷണം പ്രഖ്യാപിച്ചു. സൗത്ത് ഈസ്റ്റേണ്‍ സര്‍ക്കിള്‍ റെയില്‍വെ സേഫ്റ്റി കമ്മീഷണര്‍ എ എം ചൗധരിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. അപകടം നടന്ന റൂട്ടില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടി ഒഴിവാക്കാന്‍ സ്ഥാപിക്കുന്ന 'കവച്' സംവിധാനം ഇല്ലായിരുന്നെന്നും റെയില്‍വെ വ്യക്തമാക്കി.
ഓരോ സിഗ്‌നല്‍ കഴിയുമ്പോഴും ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നല്‍കുന്ന സിസ്റ്റമാണ് കവച്. നിശ്ചിത ദൂരത്തിനുള്ളില്‍ അതേ ലൈനില്‍ മറ്റൊരു ട്രെയിന്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഈ സിസ്റ്റത്തിന് ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നല്‍കാനും ഓട്ടോമാറ്റിക് ബ്രേക്ക് അപ്ലെ ചെയ്യാനും സാധിക്കും. മോശം കാലാവസ്ഥ, ട്രാക്കിലെ പ്രശ്നങ്ങള്‍ എന്നിവയെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനും കവചിന് സാധിക്കും. രാജ്യത്താകെയുള്ള ട്രെയിന്‍ റൂട്ടുകളില്‍ കവച് സംവിധാനം സ്ഥാപിക്കാനുള്ള നപടികള്‍ തുടര്‍ന്നുവരികയാണ്.
മിനിട്ടുകളുടെ വ്യത്യാസത്തില്‍ മൂന്നു ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 238 പേരാണ് മരിച്ചത്. 900പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. അതിവേഗത്തില്‍ വരികയായിരുന്ന രണ്ടു യാത്രാ വണ്ടികളും നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് വണ്ടിയുമാണ് അപകടത്തില്‍ പെട്ടത്. ബാലസോറിലെ ബഹാനാഗ ബസാര്‍ സ്റ്റേഷന് 300 മീറ്റര്‍ അകലെ വച്ച് കോറമന്‍ഡല്‍ എക്‌സ്പ്രസ് പാളം തെറ്റിയതാണ് അപകട പരമ്പരയ്ക്കു തുടക്കം. ഷാലിമാറില്‍നിന്നു ചെന്നൈയിലേക്കു വരികയായിരുന്ന വണ്ടി പാളം തെറ്റി കോച്ചുകള്‍ സമീപ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് വണ്ടിയില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ കോറമന്‍ഡല്‍ എക്‌സ്പ്രസിന്റെ കോച്ചുകള്‍ മൂന്നാമത്തെ ട്രാക്കിലേക്കു വീണു.

Latest News