ആലപ്പുഴ - ഡോക്ടറേ കാണിച്ച് മാതാപിതാക്കൾക്കൊപ്പം സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങവേ കാർ തട്ടി പരുക്കേറ്റ രണ്ട് വയസുകാരൻ മരിച്ചു. പൂന്തോപ്പ് വൈക്കത്തുപറമ്പ് വീട്ടിൽ ജോർജ് ദേവസ്യ - അനീഷ ദമ്പതികളുടെ ഏക മകൻ ആദം ജോർജ് ആണ് മരിച്ചത്.
പനി ബാധിച്ച മകനെ മെഡിക്കൽ കോളജിൽ ഡോക്ടറെ കാണിച്ച് മടങ്ങുന്നതിനിടെ വ്യാഴാഴ്ച ഉച്ചയോടെ ബൈപാസിലെ കുതിരപ്പന്തി റോഡിലായിരുന്നു അപകടം. സ്‌കൂട്ടറിന്റെ ഇടതുവശം കൂടി അതിവേഗം വന്ന കാറിന്റെ കണ്ണാടി തട്ടി സ്‌കൂട്ടർ മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അമ്മയുടെ മടിയിലിരുന്ന ആദം തെറിച്ച് തലയിടിച്ച് റോഡിൽ വീഴുകയായിരുന്നു. ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശസ്ത്രക്രിയക്കു ശേഷം വെന്റിലേറ്ററിൽ പ്രവേശിച്ചെങ്കിലും ജീവൻ നിലനിർത്താനായില്ല. ഇടത് കൈ ഒടിഞ്ഞ ജോർജും പരുക്കുകളോടെ അനീഷയും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നിർത്താതെ പോയ കാർ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു.