Sorry, you need to enable JavaScript to visit this website.

ട്രെയിന്‍ അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്  തമിഴ്‌നാട് മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു 

ചെന്നൈ-ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചു. ട്രയിനില്‍ യാത്ര ചെയ്തവരുടെ വിവരങ്ങള്‍ അറിയുന്നവര്‍ ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടണം. ഒഡിഷയിലെ ഉദ്യോഗസ്ഥരുമായി നിരന്തര ബന്ധം പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഇന്നലെ 7 മണിയോടെ നടന്ന ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ 280 ആയി. 1000ലേറെ പേര്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് ഒഡീഷയെ ദുരന്തഭൂമിയാക്കി മാറ്റിയ ട്രെയിന്‍ അപകട മേഖല സന്ദര്‍ശിച്ചു. ബാലസോറിലെ അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന്റെ സ്ഥിതിഗതികള്‍ അദ്ദേഹം വിലയിരുത്തി. പരിക്കേറ്റവര്‍ക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഇന്ത്യ കണ്ട വലിയ ദുരന്തത്തില്‍ ഒന്നാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. റയില്‍വെക്കൊപ്പം ദേശീയ ദുരന്ത നിവാരണ സംഘവും ഒഡിഷയുടെ സംസ്ഥാന ദുരന്ത നിവാരണ സംഘവും മറ്റ് സംസ്ഥാന സര്‍ക്കാരുകളും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. അന്വേഷണത്തിന് ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. കൂടാതെ റെയില്‍ സുരക്ഷാ കമ്മീഷണര്‍ സ്വതന്ത്രമായി മറ്റൊരു അന്വേഷണം നടത്തുമെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

Latest News