റിയാദ്- വളരെയേറെ പ്രതീക്ഷയോടെ യാഥാർഥ്യമാക്കിയ കണ്ണൂർ വിമാനത്താവളത്തോടുള്ള യൂനിയൻ സർക്കാറിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് പ്രവാസി വെൽഫെയർ സെൻട്രൽ പ്രൊവിൻസ് റിയാദ് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെയും പൊതുമേഖലയുടെയും ജനപങ്കാളിത്തത്തോടെ ആരംഭിച്ച വിമാനത്താവളമാണ് കണ്ണൂരിലേത്.
2018 ഡിസംബർ ഒമ്പതിന് പ്രവർത്തനം ആരംഭിച്ച ആദ്യ പത്ത് മാസത്തിനകം പത്തു ലക്ഷം പേർ യാത്ര ചെയ്യുകയും 50 പ്രതിദിന സർവീസുകളും ആഴ്ചയിൽ 65 അന്താരാഷ്ട്ര സർവീസുകളും നടത്തുകയും ചെയ്തു. 2021 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഏറ്റവുമധികം അന്താരാഷ്ട്ര യാത്രക്കാർ ഉപയോഗിച്ച ഇന്ത്യയിലെ ആദ്യ പത്ത് വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുകയും ചെയ്ത കണ്ണൂർ വിമാനത്താവളത്തെ യൂനിയൻ സർക്കാർ അവഗണനയിലേക്ക് തള്ളിവിടുന്നത്
നീതീകരിക്കാനാവില്ല.
ചരക്കു നീക്കത്തിന് ആവശ്യമായ വിമാനങ്ങൾ ഇല്ലാത്തതും കണ്ണൂർ വിമാനത്താവള നടത്തിപ്പിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. രാജ്യത്തെ വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിച്ചതോടെ യാത്രാനിരക്കിൽ വന്ന തീവെട്ടിക്കൊള്ളയും വലിയ വിമാനങ്ങൾക്ക് അനുമതി നൽകാത്തതും കണ്ണൂർ വിമാനത്താവളത്തിന്റെ പ്രധാന പ്രതിസന്ധിക്ക് കാരണമാണ്. ഉത്തര മലബാറിലെ കണ്ണൂർ, കാസർകോട്, വയനാട്, കുടക് ഭാഗങ്ങളിലെ യാത്രക്കാർക്കു പുറമേ കർണാടകയിൽ നിന്നുള്ള യാത്രക്കാർക്കു കൂടി ഏറെ ആശ്വാസമാവുമെന്ന് കരുതിയ പദ്ധതിയാണ് വിദേശ വിമാന കമ്പനികളുടെ സർവീസിനുള്ള അനുമതി (പോയിന്റ് ഓഫ് കോൾ പദവി) നൽകാത്ത യൂനിയൻ സർക്കാറിന്റെ പിടിപ്പുകേട് മൂലം പ്രതിസന്ധിയിലായിരിക്കുന്നത്.
രാജ്യത്തെ വിമാന സർവീസുകൾക്ക് സർവീസ് നടത്താൻ അനുമതി നൽകുകയോ കോഡ് ഷെയറിംഗ് വഴി രാജ്യത്തെ വിമാന കമ്പനികൾക്ക് ഗൾഫ് നാടുകളിലേക്ക് ഉൾപ്പെടെ ലോകത്ത് എല്ലായിടത്തും സർവീസ് നടത്താനുള്ള കണക് ഷൻ ഫ്‌ളൈറ്റ് സൗകര്യമെങ്കിലും ഒരുക്കി രാജ്യ താൽപര്യം ഉയർത്തിപ്പിടിക്കാൻ യൂനിയൻ സർക്കാർ തയാറാകണം എന്നും പ്രവാസി വെൽഫെയർ സെൻട്രൽ പ്രൊവിൻസ് റിയാദ് കമ്മിറ്റി ആവശ്യപ്പെട്ടു.