തമിഴ്‌നാട് സര്‍ക്കാര്‍ ആറ് കോടി രൂപയുടെ ഹജ് സബ്‌സിഡി പ്രഖ്യാപിച്ചു

ചെന്നൈ- തമിഴ്‌നാട് സര്‍ക്കാര്‍ ഹജ് തീര്‍ഥാടകര്‍ക്ക് ആറു കോടി രൂപ വാര്‍ഷിക സബ്‌സിഡി പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഹജ് സബ്‌സിഡി പിന്‍വലിച്ച് ആറു മാസം പിന്നിട്ടപ്പോഴാണ് , തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി. മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയാണ് നിയമസഭയില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ചൈനയിലെ മാനസരോവറിലേക്കും നേപ്പാളിലെ മുക്തിനാഥ് ക്ഷേത്രത്തിലേക്കും തീര്‍ഥയാത്ര നടത്തുന്ന ഹിന്ദുക്കള്‍ക്കുള്ള സബ്‌സിഡി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചുകൊണ്ട് മുന്‍മുഖ്യമന്ത്രി ജയലളിതയാണ് ഹിന്ദു തീര്‍ഥാടനത്തിന് സബ്‌സിഡി പ്രഖ്യാപിച്ചിരുന്നത്. ജറൂസലം സന്ദര്‍ശിക്കാന്‍ ക്രൈസ്തവര്‍ക്കും അവര്‍ സബ്‌സിഡി  അനുവദിച്ചിരുന്നു. ന്യൂനപക്ഷങ്ങളുടെ ക്ഷേമവും പരിഗണിക്കണമെന്ന ജയലളിതയുടെ നയമാണ് സംസ്ഥാന സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് മുഖ്യമന്ത്രി പളനി സ്വാമി പറഞ്ഞു. ഈ വര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ സബ്്‌സഡി 3728 ഹാജിമാര്‍ക്ക് ലഭിക്കും. ഹജ് സബ്‌സിഡി പിന്‍വലിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ജനുവരിയില്‍ പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചിരുന്നു.

 

Latest News