വാഹനങ്ങള്‍ മോഷ്ടിച്ച് വ്യാജ നമ്പറുകള്‍ ഘടിപ്പിച്ച് വില്‍ക്കുന്ന സംഘത്തിലെ രണ്ടു പേര്‍ പിടിയില്‍

മലപ്പുറം - വാഹനങ്ങള്‍ മോഷ്ടിച്ച ശേഷം തിരുപ്പൂരിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് വ്യാജ നമ്പറുകള്‍ ഘടിപ്പിച്ച് വില്‍ക്കുന്ന മോഷണ സംഘത്തിലെ രണ്ടു പേര്‍ പിടിയിലായി. തമിഴ്‌നാട് സ്വദേശികളായ ശിവകുമാര്‍ (43), ദിനേഷ് (23) എന്നിവരാണ് പെരിന്തല്‍മണ്ണ പൊലീസിന്റെ പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ എത്തി മോഷ്ടിക്കുന്ന വാഹനങ്ങള്‍  തിരുപ്പൂരിലെ രഹസ്യ കേന്ദ്രത്തില്‍ എത്തിച്ച് വ്യാജ നമ്പറുകള്‍ സംഘടിപ്പിച്ച് വില്‍ക്കുകയാണ് പതിവ്. കഴിഞ്ഞ മാസം പെരിന്തല്‍മണ്ണ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റ് പരിസരത്തു നിന്ന്   രണ്ട് ഇരുചക്ര വാഹനങ്ങള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് അന്വേഷണത്തിലാണ് ഇവര്‍ പിടിയിലാകുന്നത്. ശിവകുമാര്‍ എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ആറോളം മോഷണ കേസുകളില്‍ പ്രതിയാണ്. ഈ കേസുകളുമായി ബന്ധപ്പെട്ട് മൂന്നു മാസം മുമ്പാണ് ഇയാള്‍ ജയില്‍ മോചിതനായത്. ചോദ്യം ചെയ്യലിനിടെ മണ്ണാര്‍ക്കാട്, ഷൊര്‍ണൂര്‍ എന്നിവിടങ്ങളിലും സമാനമായ രീതിയില്‍ മോഷണം നടത്തിയതായി പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

 

Latest News