ട്രെയിന്‍ ദുരന്തത്തിന്റെ ഭീതിമാറാതെ രക്ഷപ്പെട്ട മലയാളികള്‍, തലയ്ക്കും മുഖത്തും പരിക്കേറ്റു

ഭുവനേശ്വര്‍ - ഒഡീഷയിലുണ്ടായ ട്രെയിന്‍ ദുരന്തത്തിന്റെ ഭീതിയിലാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് നാലു യുവാക്കള്‍. . ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് കൊല്‍ക്കത്തിയില്‍ പോയി മടങ്ങി വരുമ്പോഴാണ് ഇവര്‍ അപകടത്തില്‍ പെടുന്നത്. തൃശൂര്‍ സ്വദേശികളായ കാരമുക്ക് വിളക്കുംകാല്‍ കോക്കാട്ട് രഘു, അന്തിക്കാട് പാന്തോട് കോലയില്‍ കിരണ്‍, പൊറ്റേക്കാട്ട് വൈശാഖ്, ഇരിങ്ങാലക്കുട കാറളം വിജീഷ് എന്നീ നാലു പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. കൊറമാണ്ഡല്‍ എക്‌സ്പ്രസില്‍ ചെന്നൈയിലെത്തി തുടര്‍ന്ന് തൃശൂരിലേക്കു വരാനായിരുന്നു ഉദ്ദേശ്യം. മറിഞ്ഞ ബോഗിയുടെ ഒരു വശത്തേക്ക് ഒരാളും മറുവശത്തേക്കു മറ്റു 3 പേരും ചാടി. ബോഗിയുടെ മുകളിലെ ഗ്ലാസ് പൊട്ടിച്ചാണ് വൈശാഖ് രക്ഷപ്പെട്ടത്.
കോറമണ്ഡല്‍ ട്രെയിനിലെ സ്ലീപ്പര്‍ കമ്പാട്ടുമെന്റില്‍ നിന്ന് യാത്ര ചെയ്യുകയായിരുന്നു തങ്ങളെന്ന് അപകടത്തില്‍പ്പെട്ട കിരണ്‍ വ്യക്തമാക്കി. പെട്ടന്നാണ് അപകടമുണ്ടായത്.  കമ്പാട്ടുമെന്റില്‍ ഒപ്പം യാത്ര ചെയ്യുകയായിരുന്ന ആളുകള്‍ അപകടത്തില്‍ മരിച്ചു. പരിക്കേറ്റവരില്‍ മൂന്ന് പേരെ പുറത്തേക്ക് എത്തിച്ച ശേഷമാണ് ഞങ്ങള്‍ രക്ഷപ്പെട്ടതെന്നും കിരണ്‍ പറഞ്ഞു. അന്തിക്കാട് സ്വദേശികളായ എട്ടുപേരാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കൊല്‍ക്കത്തയിലേക്ക് പോയിരുന്നത്. ഇതില്‍ കരാറുകാരന്‍ ഉള്‍പ്പെടെ നാലുപേര്‍ കഴിഞ്ഞ ദിവസം അന്തിക്കാട് തിരികെയെത്തിയിരുന്നു. ബാക്കി നാലു പേര്‍ ട്രെയിനില്‍ തിരികെ വരുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്. അപകടമുണ്ടായതിന് പിന്നാലെ നാല് പേരും സമീപത്തിലുള്ള വീട്ടില്‍ അഭയം തേടി. അതിന് ശേഷമാണ് ആശുപത്രിയില്‍ എത്തിയത്. തലയ്ക്കും മുഖത്തിനും ചെറിയ പരിക്കുകളേ ഇവര്‍ക്കുള്ളൂ.

 

Latest News