ഒഡീഷ ട്രെയിന്‍ ദുരന്തം : മരിച്ചവരുടെ എണ്ണം 233 ആയി, മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യത

ഭുവനേശ്വര്‍ - ഒഡീഷയില്‍ ട്രെയിന്‍ ദുരന്തത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 233 ആയി. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. 900 ത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരും ഗുരുതരാവസ്ഥയിലാണ്. ഒഡീഷയിലെ ബാലസോറിലാണ് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. ഗുഡ്സ് ട്രെയിനുമായി കോറമണ്ഡല്‍ എക്സ്പ്രസ് കൂട്ടിയിടിക്കുകയായിരുന്നു. പാളം തെറ്റിയവയില്‍ പത്ത് ബോഗികളാണ് അപകടത്തില്‍ പെട്ടത്. മൂന്ന് ട്രെയിനുകളായിരുന്നു അപകടത്തില്‍ പെട്ടത്. കൊല്‍ക്കത്തയില്‍ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന കോറമണ്ഡല്‍ എക്സ്പ്രസ് ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചു. തുടര്‍ന്ന് കോറണ്ഡല്‍ എക്സ്പ്രസിന്റെ 12 ബോഗികള്‍ പാളം തെറ്റുകയും, ബോഗികളിലേക്ക് യശ്വന്ത്പൂര്‍-ഹൌറ ട്രെയിന്‍ ഇടിച്ചുകയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഒഡീഷയിലെ യശ്വന്ത്പൂര്‍-ഹൌറ എക്സ്പ്രെസിന്റെ നാല് ബോഗികളും പാളംതെറ്റുകയായിരുന്നു. അപകടത്തില്‍ നാല് മലയാളികള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍പെട്ട കൊറമാണ്ഡല്‍ എക്‌സ്പ്രസിലെ യാത്രക്കാരായ നാല് തൃശൂര്‍ സ്വദേശികള്‍ രക്ഷപ്പെട്ടു. കാരമുക്ക് വിളക്കുംകാല്‍ കോക്കാട്ട് രഘു, അന്തിക്കാട് പാന്തോട് കോലയില്‍ കിരണ്‍, പൊറ്റേക്കാട്ട് വൈശാഖ്, ഇരിങ്ങാലക്കുട കാറളം വിജിഷ് എന്നിവരാണ് അപകടത്തില്‍നിന്നു രക്ഷപ്പെട്ടത്. പാടത്തേക്കു മറിഞ്ഞ ബോഗിയുടെ ഒരു വശത്തേക്ക് ഒരാളും മറുവശത്തേക്കു മറ്റു മൂന്നു പേരും ചാടിയാണ് രക്ഷപ്പെട്ടത്. അപകടത്തില്‍ പെട്ട എസ്എംവിടി - ഹൗറ എക്സ്പ്രസില്‍ ബെംഗളുരുവില്‍ നിന്ന് കയറിയത് 994 റിസര്‍വ് ചെയ്ത യാത്രക്കാരാണെന്ന് റെയില്‍വെ അറിയിച്ചു. 300 പേര്‍ റിസര്‍വ് ചെയ്യാതെയും കയറിയതായാണ് അനുമാനം. എസ്എംവിടി - ഹൗറ എക്സ്പ്രസിന്റെ പിന്‍വശത്തുള്ള ജനറല്‍ സിറ്റിംഗ് കോച്ചിനാണ് വലിയ കേടുപാടുകള്‍ പറ്റിയിരിക്കുന്നത്. പിന്നില്‍ ഉള്ള ഒരു ജനറല്‍ കോച്ചും അടുത്തുള്ള രണ്ട് ബോഗികളും പാളം തെറ്റി മറിയുകയായിരുന്നു.

 

Latest News