സൗദിയില്‍ മരിച്ച ഹൗസ് ഡ്രൈവറുടെ മൃതദേഹം ഒരു വര്‍ഷത്തിനുശേഷം നാട്ടിലെത്തിച്ചു

ഖമീസ് മുശൈത്ത്-ഖമീസിന്റെ തെക്ക് ഭാഗത്തായി തത്‌ലീതില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരവേ  മരിച്ച നിലയില്‍ കണ്ടെത്തിയ യു.പി സ്വദേശി മുഹമ്മദ് ആലമി(36)ന്റെ മൃതദേഹം ഒരു വര്‍ഷത്തിനുശേഷം നാട്ടിലെത്തിച്ചു. 2022 മാര്‍ച്ച് 30നാണ് ഇദ്ദേഹത്തെ അല്‍ സഫറിനും അല്‍ ഫൈദ് പലത്തിനുമിടയില്‍ വിജനമായ സ്ഥലത്ത് വിവസ്ത്രനായി കിടക്കുന്നത് കണ്ടെത്തിയത്.
വിജനമായ സ്ഥലത്ത് ഒരാള്‍ കിടക്കുന്നുണ്ടെന്നും മരിച്ചിരിക്കാന്‍ സാധ്യത ഉണ്ടെന്നും പ്രദേശവാസി സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് റെഡ് ക്രെസന്റ് സംഘമെത്തി മരണം സ്ഥിതീകരിക്കുകയായിരുന്നു.
മൃതദേഹത്തിന് തലക്കും അടിവയറ്റിനും കൈകള്‍ക്കും മാരകമായ പരിക്കുകള്‍ ഉണ്ടായിരുന്നതായും, ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മരണം കൊലപാതകമാണെന്ന് സംശയിക്കുന്നുവെങ്കിലും കൊല ചെയ്തവരേയൊ കൊലപാത കാരണങ്ങളൊ  ഇത് വരെ കണ്ടെത്താനായിട്ടില്ല.
മരണവുമായി ബന്ധപ്പെട്ട് കുടുംബത്തെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും ഇദ്ദേഹത്തിന്റെ ഒന്നര വയസ്സു പ്രായമുള്ള കുട്ടിയുടെ അസുഖത്തെ തുടര്‍ന്ന് ഫോണ്‍ എടുക്കാനോ സംസാരിക്കാനോ ഭാര്യയോ കുടുംബമോ തയ്യാറായിരുന്നില്ല.  
പിന്നീട് കുട്ടി മരിച്ചുവെന്നും നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്കയച്ച അസീറിലെ സാമൂഹ്യ പ്രവര്‍ത്തകനും  ജിദ്ദ കോണ്‍സുലേറ്റ് വെല്‍ഫയര്‍ വിഭാഗം അസീര്‍ പ്രതിനിധിയുമായ ഹനീഫ മഞ്ചേശ്വരം മലയാളം ന്യൂസിനോട് പറഞ്ഞു.
ഉത്തര്‍പ്രദേശ് കൊത്‌വാലി ഷാജഹാന്‍പൂര്‍ സ്വദേശിയായ മുഹമ്മദ് ആലം ഏഴ് വര്‍ഷം സൗദിയില്‍ ഹൗസ് െ്രെഡവറായാണ് ജോലി ചെയ്തിരുന്നത്. 2021 ഓഗസ്റ്റിലാണ് അവസാനമായി അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. അബഹയില്‍നിന്ന് ജിദ്ദ വഴി ലഖ്‌നൗവിലേക്ക് അയച്ച മൃതദേഹം അവിടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി. മൃതദേഹം കയറ്റി വിടുന്നതിന്റെ മുഴുവന്‍ ചെലവുകളും  വഹിച്ചത് ജിദ്ധ ഇന്ത്യന്‍ കോണ്‍സുലേറ്റാണ്.
ഫര്‍ഹീന്‍ ബീഗമാണ് ഭാര്യ, പിതാവ്: മുനവര്‍ ഹുസൈന്‍ ഖാന്‍. മാതാവ്: മറിയംബീഗം.

 

Latest News