Sorry, you need to enable JavaScript to visit this website.

പ്രതിഷേധവുമായി ആമസോണ്‍ ജീവനക്കാര്‍ രംഗത്ത്

വാഷിംഗ്ടണ്‍- ആമസോണിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ രംഗത്ത്. കമ്പനിയുടെ കാലാവസ്ഥാ നയത്തിലെ മാറ്റം, പിരിച്ചുവിടല്‍ തുടങ്ങിയ നടപടികളിലാണ് ജീവനക്കാര്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് സിയാറ്റിലെ ആസ്ഥാനത്ത് നൂറുകണക്കിന് ജീവനക്കാര്‍ ഒത്തുചേര്‍ന്നത്.
 
ആമസോണ്‍ എംപ്ലോയീസ് ഫോര്‍ ക്ലൈമറ്റ് ജസ്റ്റിസിന്റെ കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ 1900ത്തിലേറെ പേര്‍ പ്രതിഷേധത്തില്‍ പങ്കാളികളായിട്ടുണ്ട്. ആമസോണിന്റെ വാര്‍ഷിക ഷെയര്‍ ഹോള്‍ഡര്‍ യോഗത്തിന് ഒരാഴ്ചയ്ക്ക് ശേഷമാണ് പ്രതിഷേധമെന്നത് ശ്രദ്ധേയമാണ്. 

കാലാവസ്ഥാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് തങ്ങളുടെ ജോലി എങ്ങനെ ഉപയോഗിക്കുന്നു, ജോലിയിലേക്ക് മടങ്ങാനുള്ള ഉത്തരവ് തുടങ്ങിയ വിഷയങ്ങളില്‍ കമ്പനി കൃത്യമായ മറുപടി നല്‍കണമെന്നാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്. 

കോവിഡാനന്തരം ആമസോണില്‍ കൂട്ടപ്പിരിച്ചുവിടലാണ് നടത്തിയത്. നവംബര്‍ മുതല്‍ ഏഴു മാസത്തിനകം ഇരുപത്തി ഏഴായിരത്തിലധികം പേരെ പിരിച്ചുവിട്ടിട്ടുണ്ട്. ഇതില്‍ പലതും മുന്നറിയിപ്പിലാതെയാണെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. 
 
2030 ആകുമ്പോഴേക്കും എല്ലാ ആമസോണ്‍ ഷിപ്പ്‌മെന്റുകളും കാര്‍ബണ്‍ ഉദ്‌വമനം പൂജ്യമാക്കുക എന്ന ലക്ഷ്യം കമ്പനിക്ക് നേരത്തെയുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെ അത് ഇല്ലാതാക്കി. എങ്കിലും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിന് കമ്പനി ശക്തമായി ശ്രമിക്കുന്നുണ്ടെന്നാണ് വക്താവ് അറിയി്ചത്. 
 
ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥ ഒഴിവാക്കിയതും പ്രതിഷേധത്തിന് കാരണമായി. മെയ് ഒന്നുമുതല്‍ ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫിസിലെത്തി ജോലി ചെയ്യണമെന്നാണ് വ്യവസ്ഥ. റിട്ടേണ്‍ ടു ഓഫിസ് നയം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് ജീവനക്കാര്‍ കമ്പനി അധികൃതര്‍ക്ക് നല്‍ക്കിയിട്ടുണ്ട്. എന്നാല്‍ ജീവനക്കാര്‍ ഓഫിസില്‍ തിരിച്ചെത്തിയത് ഉത്പാദനക്ഷമത വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് കമ്പനിയുടെ നിലപാട്. ഓഫിസ് അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്നതും സഹപ്രവര്‍ത്തകരോടൊപ്പം സമയം ചെലവഴിക്കുന്നതും സംസ്‌ക്കാരം പഠിക്കാനും ശക്തിപ്പെടുത്താനും എളുപ്പമാണെന്ന് ആമസോണ്‍ സി. ഇ. ഒ. ജാസി പറഞ്ഞു.

Latest News