മുംബൈ- കടം വീട്ടുന്നതിന് പുതിയ തന്ത്രം കണ്ടെത്തിയ 27 കാരന്‍ കുടുങ്ങി. തന്നെ തട്ടിക്കൊണ്ടുപോയതായി ഇയാള്‍തന്നെ വാര്‍ത്ത ചമച്ച് കുടുംബത്തോട് മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. ഈ പണം കൊണ്ട് കടംവീട്ടാനായിരുന്നു പദ്ധതി. എന്നാല്‍ പോലീസ് വിശദമായി അന്വേഷിച്ചതോടെ മുംബൈയില്‍ നിന്നുള്ള ജിതേന്ദ്ര ജോഷി അറസ്റ്റിലായി. മുംബൈ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അജയ് ബന്‍സാല്‍ അറസ്റ്റ് സ്ഥിരീകരിച്ച് കേസിന്റെ വിശദാംശങ്ങള്‍ നല്‍കി.
ജിതേന്ദ്ര ജോഷിയുടെ ഭാര്യയെ വാട്‌സ്ആപ്പ് കോളില്‍ ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയ വിവരം അറിയിക്കുകയും അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം നല്‍കണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ജോഷിയുടെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരായ കുടുംബം ഉടന്‍ തന്നെ പോലീസിനെ ബന്ധപ്പെടുകയും വിഷയത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. പരാതി ലഭിച്ച് 12 മണിക്കൂറിനുള്ളില്‍ ജോഷിയെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞു.
ചോദ്യം ചെയ്യലില്‍, തന്റെ പിതാവില്‍നിന്ന് പണം നേടാനുള്ള തന്ത്രമായാണ് തട്ടിക്കൊണ്ടുപോകല്‍ പദ്ധതി ആസൂത്രണം ചെയ്തതെന്ന് ഇയാള്‍ സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജൂണ്‍ 3 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.