ഫിറോസാബാദ് (ഉത്തര്‍പ്രദേശ്)- 10 ദളിതരെ ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ ഗംഗാ ദയാല്‍ എന്ന 90 കാരനെ ഫിറോസാബാദ് ജില്ലാ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. നാല് പതിറ്റാണ്ട് മുമ്പ് 1981 ലാണ് ഞെട്ടിക്കുന്ന കൊലപാതകങ്ങള്‍ നടന്നത്.
ഗംഗാ ദയാലിന് ജീവപര്യന്തം തടവും 55,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ 13 മാസം അധിക തടവ് അനുഭവിക്കണം.
ശിക്ഷാവിധി ആശ്വാസം നല്‍കുന്നുണ്ടെങ്കിലും, ഏറെ വൈകിപ്പോയെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പറഞ്ഞു. 1981 ല്‍ ദളിത് വിഭാഗത്തില്‍പ്പെട്ട 10 പേര്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതാണ് കേസിന്റെ തുടക്കം.
പ്രതികളായ 10 പേര്‍ക്കെതിരെ കേസെടുത്തു. ഈ സംഭവം നടക്കുമ്പോള്‍ ഷിക്കോഹാബാദ് പോലീസ് സ്‌റ്റേഷന്‍ മെയിന്‍പുരി ജില്ലയിലായിരുന്നു, പിന്നീട് 1989ല്‍ പ്രത്യേക ജില്ലയായി പ്രഖ്യാപിച്ചതിന് ശേഷം ഇത് ഫിറോസാബാദുമായി ലയിച്ചു.
അന്വേഷണത്തിന് ശേഷം പത്ത് പ്രതികള്‍ക്കെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണയ്ക്കിടെ പ്രതികളില്‍ 9 പേര്‍ മരിച്ചു.