Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലപ്പുറത്ത് കോഴിമാലിന്യത്തിൽനിന്നു പാചകവാതകം  

മലപ്പുറം- കോഴി മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാനാകാതെ നാടും നഗരവും പ്രയാസപ്പെടുമ്പോൾ കോഴി മാലിന്യത്തിൽനിന്നു പാചകവാതകമുണ്ടാക്കി മാതൃകയാവുകയാണ് ജില്ലയിലെ കോഴി വ്യാപാരികൾ. ശുചിത്വമിഷന്റെ സബ്‌സിഡി പ്രകാരമാണ് പദ്ധതി വ്യാപകമാകുന്നത്. കോഴിമാലിന്യ സംസ്‌കരണത്തിലൂടെ ലാഭം നേടിയ അനുഭവം പകർന്നു നൽകുന്ന യുവവ്യാപാരി ഈ മാതൃകയുടെ പ്രചാരകനാണിപ്പോൾ. കൊണ്ടോട്ടി മുണ്ടക്കുളം അങ്ങാടിയിൽ ഫാമിലി ചിക്കൻ സ്റ്റാൾ നടത്തുന്ന മുതുവല്ലൂർ പഞ്ചായത്തിലെ മൂച്ചിക്കൽ ഹിദായ നഗർ കുഴിച്ചിക്കാട്ട് അബ്ദുനാസറാണ് കടയിലെ കോഴി മാലിന്യം വീട്ടിലെത്തിച്ച് ബയോഗ്യാസ് പ്ലാന്റിലൂടെ ജൈവവാതകം നിർമിച്ചു സ്വയം പര്യാപ്തതയും  മാലിന്യമുക്തവുമായി മാതൃകയാകുന്നത്. നാസറിന്റേതുൾപ്പെടെയുള്ള മാതൃകകൾ വൻ വിജയമായതോടെ പദ്ധതിക്ക് പ്രചാരമേറിയിരിക്കുകയാണ്. നിരവധി പേരാണ് ദിവസവും പ്ലാന്റ് കാണാൻ നാസറിന്റെ വീട്ടിലും  സബ്‌സിഡിയെക്കുറിച്ചറിയാൻ ശുചിത്വമിഷന്റെ ജില്ലാ ഓഫീസീലുമെത്തുന്നത്.  
എട്ട് എംക്യൂബ് കപ്പാസിറ്റിയുള്ള പ്ലാന്റാണ് നാസർ എട്ടു മാസം മുമ്പ് സ്ഥാപിച്ചത്. പാർട്ടി ഓർഡറുകളുള്ള ദിവസങ്ങളിലൊഴികെ ദിവസേന ശരാശരി അമ്പതുകിലോ മാലിന്യമാണ് നാസറിന്റെ കടയിൽ ബാക്കിയാകുന്നത്. ഇതെല്ലാം ഇപ്പോൾ പ്ലാന്റിലൂടെ സംസ്‌കരിക്കാനാകുന്നു. 220,000 രൂപയാണ് പ്ലാന്റിനായി  ചെലവ് വന്നത്. ഒരു ലക്ഷം ശുചിത്വമിഷന്റെ സബ്‌സിഡിയും ലഭിച്ചു. പ്രതിദിനം അഞ്ച് മണിക്കൂറെങ്കിലും രണ്ടു അടുപ്പുകളുള്ള സ്റ്റൗ ഉപയോഗിക്കാനാകും. തൽക്കാലം ഗ്യാസ് കത്തിച്ചു തീർക്കാൻ ഒരു അടുപ്പു കൂടി വാങ്ങുകയായിരുന്നു. സ്വന്തം വീട്ടിലെ ഉപയോഗത്തിനപ്പുറത്തുള്ള ഗ്യാസ് ലഭിക്കുന്നതിനാൽ സഹോദരങ്ങളുടെ വീട്ടിലേക്കും ഗ്യാസ് ലൈൻ വലിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. 
പ്ലാന്റ് സ്ഥാപിക്കുന്നതിനു മുമ്പ് മാലിന്യം സംസ്‌കരിക്കാനായി ഒരു കിലോക്ക് ഏഴ് രൂപ ദിവസവും സംസ്‌കരണ യൂണിറ്റുകാർക്ക് നൽകുകയായിരുന്നു പതിവ്. ഇത്തരത്തിൽ 350 രൂപ വരെ ദിവസവും ചെലവുവരും. ഇതിനു പുറമെ പാചകവാതകം വാങ്ങുന്ന പണവും ഇപ്പോൾ ലാഭമാണ്. സബ്‌സിഡിയില്ലെങ്കിൽ തന്നെ ഒരു വർഷത്തിനകം തുക തിരികെ ലഭിക്കുമെന്നു നാസർ സാക്ഷ്യപ്പെടുത്തുന്നു. ഭൂമിക്കടിയിൽ സ്ഥാപിച്ച പ്ലാന്റിനു മുകളിലും സമീപത്തും ഇതിൽ നിന്നു ലഭിക്കുന്ന സ്ലറി ഉപയോഗിച്ച് നല്ലൊരു ജൈവ പച്ചക്കറിത്തോട്ടവും പൂന്തോട്ടവും നാസർ പരിപാലിച്ചു വരുന്നു. കൗതുകക്കാഴ്ചയൊരുക്കി മുന്തിരി വള്ളിയും കായ്ച്ചു നിൽക്കുന്നു. ഇതിൽ നിന്നു ലഭിക്കുന്ന സ്ലറി, വളമായി ഉപയോഗിക്കാനായി മുൻകൂട്ടി ഓർഡർ നൽകി കാത്തിരിക്കുകയാണ് സമീപത്തെ റബർ കർഷകരിപ്പോൾ.
മാംസാഹാര പ്രിയരായ ജില്ലക്കാർക്കായി ദിവസവും ആയിരക്കണക്കിനു കോഴികളെയാണ് ചിക്കൻ സ്റ്റാളുകളിൽ നിന്നു വിൽപ്പന നടത്തുന്നത്. 
ഇവിടങ്ങളിലെല്ലാം ഇവയുടെ മാലിന്യ സംസ്‌കരണം വൻതോതിൽ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അമ്പതിലേറെ പേർ ഈ മാലിന്യം ഇത്തരം പ്ലാന്റുകളിലൂടെ കൃത്യമായി സംസ്‌കരിക്കുന്നു. 12 വർഷത്തോളമായി തിരൂരിലെ തിരൂർ ചിക്കൻ സ്റ്റാൾ നടത്തുന്ന ഹംസയുൾപ്പെടെയുള്ളവർ ഈ മാതൃക നേരത്തെ വിജയകരമായി നടപ്പാക്കിയവരാണ്. കാട വ്യാപാരികളും മാലിന്യ സംസ്‌കരണത്തിനായി ഇത്തരം പ്ലാന്റ് ഉപയോഗിച്ചു വരുന്നു. നിരവധി പേർ ഈ രീതി തുടരുന്നുണ്ട്. നിർമാണം കഴിഞ്ഞാൽ ആവർത്തന ചെലവില്ലെന്നതും ജൈവ ഗ്യാസ് സുരക്ഷിതമാണെന്നതും ഇതിനെ കൂടുതൽ ജനകീയമാക്കുന്നുണ്ട്. ഇവർക്ക് സബ്‌സിഡിയും നിർവഹണ സൗകര്യവുമൊരുക്കി ജില്ലാ ശുചിത്വമിഷനും ഈ അനുകരണീയ മാതൃകയോടൊപ്പം കൂടെയുണ്ട്. ഇങ്ങനെയുള്ള പ്ലാന്റുകൾക്കു ഒരു ലക്ഷം രൂപ വരെയാണ് ശുചിത്വ മിഷൻ സബ്‌സിഡി നൽകുന്നത്. കല്യാണ മണ്ഡപം, അനാഥാലയം, പൊതുവിദ്യാലയം തുടങ്ങിയ എല്ലാ സ്ഥാപനങ്ങൾക്കും ഇത്തരത്തിൽ സബ്‌സിഡി ലഭ്യമാകും. ബന്ധപ്പെട്ട പഞ്ചായത്തുകൾ മുഖേനെയാണ് ശുചിത്വമിഷൻ ജില്ലാ ഓഫീസിൽ അപേക്ഷ നൽകേണ്ടത്.
 

Latest News