Sorry, you need to enable JavaScript to visit this website.

ഹജ് ക്യാമ്പ്: ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കണ്ണൂർ - കേരളത്തിലെ ഈ വർഷത്തെ ഹജ്  ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ  നിർവ്വഹിക്കുമെന്ന് ഹജ്  കമ്മിറ്റി അറിയിച്ചു.
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ കാർഗോ ടെർമിനലിലാണ് ചടങ്ങ്.  നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ അധ്യക്ഷത വഹിക്കും.
ആദ്യ ഹജ് വിമാനത്തിന്റെ ഫ്‌ളാഗ് ഓഫ് ഞായറാഴ്ച പുലർച്ചെ 1.30 ന് വഖഫ്, ഹജ്  തീർത്ഥാടന വകുപ്പ് മന്ത്രി  വി. അബ്ദുറഹ് മാൻ നിർവഹിക്കും. തുറമുഖ പുരാവസ്തു പുരാരേഖാ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ മുഖ്യാതിഥികളാവും എം.പി മാർ എം .എൽ .എ മാർ മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
759 പുരുഷന്മാരും 1184 സ്ത്രീകളും ഉൾപ്പെടെ 1943 തീർഥാടകരാണ് കണ്ണൂരിൽ നിന്ന് ഹജ്ജിന് പുറപ്പെടുക. ജൂൺ 23 വരെ 13 എയർഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് സർവ്വീസ് നടത്തുന്നത്. ഒരു വിമാനത്തിൽ 145 യാത്രക്കാരാണ് ഉണ്ടാവുക. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചക്ക് 12 വരെ പൊതുജനങ്ങൾക്കും ഹജ് ക്യാമ്പ് സന്ദർശിക്കാം. വരുന്നവർ ടോളോ പാർക്കിംഗ് ഫീസോ നൽകേണ്ടതില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള 71 തീർത്ഥാടകരും കണ്ണൂരിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതായി ഹജ്  കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. മഹാരാഷ്ട്ര  2, കർണ്ണാടക  42, പോണ്ടിച്ചേരി 25, ഉത്തർപ്രദേശ് 2 എന്നിങ്ങനെയാണ് ഇതര സംസ്ഥാന തീർത്ഥാടകരുടെ കണക്ക്.
സംസ്ഥാന ഹജ്  കമ്മിറ്റിയുടെയും ഹജ്  സെല്ലിന്റേയും ആഭിമുഖ്യത്തിൽ വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാർഗോ കോംപ്ലക്‌സിലാണ് ഹജ് ക്യാമ്പിനുള്ള വിപുലമായ സജ്ജീകരണങ്ങൾ  ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട 150 വളണ്ടിയർമാർ, പോലീസ്, ആരോഗ്യം, അഗ്‌നി സുരക്ഷാ തുടങ്ങി വിവിധ വകുപ്പുകൾ, ഇരുനൂറിലേറെ അഗങ്ങളുള്ള വിവിധ സബ് കമ്മിറ്റികൾ തുടങ്ങിയവർ ക്യാമ്പിന്റെ സംഘാടനത്തിലും നടത്തിപ്പിലും ബദ്ധശ്രദ്ധരാണ്. കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്നുള്ള തീർത്ഥാടകരാണ് ആദ്യദിവസത്തെ യാത്രക്കാർ. മുഴുവൻ തീർത്ഥാടകരും ഊഴമനുസരിച്ച് യാത്ര സമയത്തിന്റെ 24 മണിക്കൂർ മുൻപ് തന്നെ വിമാനത്താവളത്തിലെ ഹജ്  എംബാർക്കേഷൻ പോയിന്റിൽ റിപ്പോർട്ട് ചെയ്യണമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ഹജ്  കമ്മിറ്റി അംഗവും ഹജ് ക്യാമ്പ് സ്വാഗത സംഘം കൺവീനറുമായ പി.പി. മുഹമ്മദ് റാഫിക്ക് പുറമെ, സംസ്ഥാന  ഹജ് കമ്മറ്റി അംഗം പി. ടി അക്ബർ, എംബാർക്കേഷൻ നോഡൽ ഓഫീസർ എം .സി .കെ അബ്ദുൽ  ഗഫൂർ, സംഘാടകസമിതി കൺവീനർ സി. കെ സുബൈർ ഹാജി, സെൽ ഓഫീസർ എസ് നജീബ്, മീഡിയ കമ്മിറ്റി ചെയർമാൻ പി .ശ്രീനാഥ് എന്നിവരും  വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
                       

Latest News