ബ്രിജ് ഭൂഷന്‍ സിംഗിനെ ജൂണ്‍ 9നകം അറസ്റ്റ് ചെയ്യണമെന്ന് സര്‍ക്കാറിനോട് കര്‍ഷക നേതാക്കള്‍

ന്യൂദല്‍ഹി -ലൈംഗിക പീഡന കേസില്‍ ബ്രിജ് ഭൂഷന്‍ സിംഗിനെ ഒമ്പതാം തിയ്യതിക്കകം അറസ്റ്റ് ചെയ്യണമെന്ന് സര്‍ക്കാറിനോട് കര്‍ഷക സംഘടനകളുടെ അന്ത്യശാസനം. അറസ്റ്റില്‍ കുറഞ്ഞതൊന്നും സ്വീകരിക്കില്ല. ഒന്‍പതാം തീയതിക്കുള്ളില്‍ അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ ജന്തര്‍ മന്തറില്‍ വീണ്ടും സമരം ആരംഭിക്കുമെന്നും കര്‍ഷക സംഘടനാ നേതാക്കള്‍  പ്രഖ്യാപിച്ചു. കര്‍ഷക സമരത്തിന് സമാനമായ രീതിയിലായിരിക്കും ഗുസ്തി താരങ്ങള്‍ക്ക് വേണ്ടിയുള്ള സമരമെന്നും ഖാപ് പഞ്ചായത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം കര്‍ഷക സംഘടനാ നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ ജനുവരി 18നാണ് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആരോപണവുമായി താരങ്ങള്‍ രംഗത്തെത്തിയത്. ഫെഡറേഷന്‍ പിരിച്ചുവിടണമെന്നും ബ്രിജ് ഭൂഷനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമുള്ള ആവശ്യങ്ങളായിരുന്നു താരങ്ങള്‍ ഉയര്‍ത്തിയത്. മൂന്ന് ദിവസം നീണ്ടുനിന്ന സമരത്തിനൊടുവില്‍ താരങ്ങളുടെ പരാതി അന്വേഷിക്കാന്‍ കായിക മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. മേരി കോം അധ്യക്ഷയായ ആറംഗ സമിതിയാണ് ഇവരുടെ പരാതികള്‍ അന്വേഷിക്കുന്നത്. കോടതി നിര്‍ദേശത്തിലാണ് പരാതിയിന്‍മേല്‍ കേസ് എടുക്കാന്‍ ദല്‍ഹി പൊലീസ് തയ്യാറായത്.

 

Latest News