ഉർദുഗാൻ യുഗമെന്നും തുർക്കി യുഗമെന്നും പറയപ്പെടുന്ന ഒരു തെരഞ്ഞെടുപ്പിന്റെ ഫലം മെയ് 28 ന് പുറത്തു വന്നു. ഈ നൂറ്റാണ്ടിന്റെ തുടക്കം മുതൽ അധികാരത്തിലേറിയ റജബ് ത്വയ്യിബ് ഉർദുഗാനും എ.കെ പാർട്ടിയും തുർക്കിയെ പുനർനിർമിച്ചുവെന്ന് വിശ്വസിക്കുന്ന ജനതയാണ് ഏറെയുമെന്നത് തെളിയിക്കുന്ന ഫലമാണിതെന്ന് അനുകൂലിക്കുന്നവർ പറയുന്നു. ഏഷ്യയിലും യൂറോപ്പിലുമായി കിടക്കുന്ന ആ രാജ്യത്തിന് അമേരിക്കൻ, യൂറോപ്യൻ പ്രചാരണങ്ങളെ അതിജീവിച്ച് മുന്നോട്ട് പോകേണ്ടതുണ്ടായിരുന്നു. അതു തന്നെ സംഭവിച്ചു.
എങ്കിലുമിത് തിളക്കം മങ്ങിയ വിജയമാണെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പിൽ അടുത്ത അഞ്ച് വർഷത്തേക്ക് മൂന്നാം തവണയും ഉർദുഗാൻ തന്നെ തുർക്കിയെ നയിക്കും. മെയ് 14 നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നതെങ്കിലും 51 ശതമാനം വോട്ട് നാല് സ്ഥാനാർഥികളിൽ ആർക്കും ലഭിക്കാത്തതിനാൽ മെയ് 28 ന് റീ-ഇലക്ഷൻ നടക്കുകയായിരുന്നു. കമാൽ ക്ലിച്ദരോലു, മുഹറം ഇൻസെ, സിനാൻ ഓഗ എന്നിവരായിരുന്നു മറ്റു രണ്ടു പേർ.
തുർക്കിയിലെ ഏറ്റവും പഴക്കം ചെന്ന റിപ്പബ്ലിക് പീപ്പിൾസ് പാർട്ടിയുടെ ക്ലിച്ദരോലുവായിരുന്നു മുഖ്യ എതിരാളി. അദ്ദേഹത്തിന് 47.39% വോട്ടും ഉർദുഗാന് 52.61% വോട്ടുമാണ് റീ-ഇലക്ഷനിൽ ലഭിച്ചത്. 2018 ലാണ് സൂപ്പർ പ്രസിഡൻഷ്യൽ സംവിധാനം നിലവിൽ വന്നത്. അതുവരേക്കും ഇന്ത്യയിലെ പോലെ പ്രധാനമന്ത്രിക്കായിരുന്നു യഥാർത്ഥ അധികാരമുണ്ടായിരുന്നത്.
2014 മുതലാണ് ഉർദുഗാൻ പ്രസിഡന്റാകുന്നതെങ്കിലും കഴിഞ്ഞ 21 വർഷവും തുർക്കിയെ നയിച്ചത് അദ്ദേഹം തന്നെയാണ്. 2002 ൽ നടന്ന തെരഞ്ഞെടുപ്പിൽ എ.കെ പാർട്ടി വൻവിജയം കരസ്ഥമാക്കി. 34.3% ജനകീയ വോട്ടുകൾ നേടിയ കക്ഷിക്ക് 550 ൽ 364 പാർലമെന്റ് അംഗങ്ങളുണ്ടായിരുന്നു. എന്നാൽ എ.കെ.പിയുടെ സ്ഥാപകനായ ഉർദുഗാന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഭരണഘടന കോടതിയുടെ ആജീവനാന്ത വിലക്കുണ്ടായിരുന്നതിനാൽ അബ്ദുല്ല ഗുൽ ആയിരുന്നു ആദ്യം പ്രധാനമന്ത്രിയായത്. ഗുൽ അധികാരമേറിയയുടനെ ആ വിലക്ക് റദ്ദ് ചെയ്യുകയും ഉപതെരഞ്ഞെടുപ്പിലൂടെ ഉർദുഗാൻ പ്രധാനമന്ത്രിയാവുകയും ചെയ്തു. പൊതുതെരഞ്ഞെടുപ്പിനെ നേരിട്ടുകൊണ്ട് തുടർച്ചയായി 26 വർഷത്തിലേക്ക് ഒരാൾ രാഷ്ട്ര നേതാവാകുന്നത് ജനാധിപത്യത്തിൽ അപൂർവമാണ്.
ഈ വർഷത്തിന് തുർക്കിയുടെയും ലോകത്തിന്റെയും ചരിത്രത്തിൽ വലിയ പ്രാധാന്യമുണ്ട്. 1299 മുതൽ 1923 വരെ നിലനിന്നിരുന്ന ഓട്ടൊമൻ സാമ്രാജ്യം 1923 ഒക്ടോബർ 29 ന് ലൊസാൻ ഉടമ്പടിയിലൂടെ റിപ്പബ്ലിക് ഓഫ് ടർക്കിയായിത്തീരുകയും സുൽത്താൻ ഭരണം എന്നെന്നേക്കുമായി അവസാനിക്കുകയും ചെയ്തു. ആ ഓട്ടൊമൻ സാമ്രാജ്യം സംപൂജ്യമായിട്ട് ഇന്നേക്ക് നൂറ് വർഷം തികഞ്ഞു.
സുൽത്താൻ മുഹമ്മദ് രണ്ടാമൻ 1453 മെയ് 29 നാണ് ഇസ്താംബൂൾ പിടിച്ചടക്കിക്കൊണ്ട് ബൈസാന്റൈൻ സാമ്രാജ്യത്തിന് അന്ത്യം കുറിച്ചത്. പിന്നീട് മൂന്ന് വൻകരകളിലും മുസ്‌ലിം ലോകം മുഴുക്കെയും ഓട്ടൊമൻ സാമ്രാജ്യത്തിന്റെ ഉഗ്രപ്രതാപമായിരുന്നു. പതിനാലാം നൂറ്റാണ്ടിനും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്ക വർഷങ്ങൾക്കുമിടയിൽ തെക്കുകിഴക്കൻ യൂറോപ്, പടിഞ്ഞാറൻ ഏഷ്യ, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിൽ നേരിട്ടും മധ്യേഷ്യ, ഹിജാസ്, യെമൻ, ഫലസ്തീൻ, സിറിയ, പേർഷ്യ അടക്കമുള്ള ഭൂപ്രദേശങ്ങളിൽ തുർക്കിയുടെ സാമന്ത ഭരണവുമായിരുന്നു. 2023 ൽ ആ പൂർവ പ്രതാപത്തിന് 570 വർഷം പൂർത്തിയാവുകയാണ്.
തുർക്കിയുടെ സുൽത്താൻ ലോക മുസ്‌ലിംകളുടെ ഖലീഫയായാണ് വാഴ്ത്തപ്പെട്ടിരുന്നത്. ഇങ്ങ് മലബാറിലെ മുസ്‌ലിംകൾക്ക് പോലും ഉസ്മാനിയ സുൽത്താന്മാരായിരുന്നു നേതൃത്വം. ആ നേതൃത്വത്തെ മലബാറിലെ സാമൂതിരി രാജാക്കന്മാർ വരെ ബഹുമാനിച്ചിരുന്നു. ബ്രിട്ടീഷുകാരാൽ ഒന്നാം ലോക മഹായുദ്ധത്തിൽ പരാജയപ്പെട്ടതിനെത്തുടർന്ന്, ആ സുൽത്തനേറ്റ് പുനഃസ്ഥാപിക്കണമെന്ന ആവശ്യമാണ് ഗാന്ധിജിയും മൗലാനാ മുഹമ്മദലിയും കോൺഗ്രസുമൊക്കെ ചേർന്ന് രൂപം നൽകിയ ഖിലാഫത്ത് പ്രസ്ഥാനം.
ഈ പ്രസ്ഥാനമാണ് ആലി മുസ്‌ലിയാരും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദാജിയും മറ്റും നേതൃത്വം നൽകിയ 1921 ലെ ബ്രിട്ടീഷ് വിരുദ്ധ-ജന്മി വിരുദ്ധ കലാപമായി പരിണമിച്ചത്. ഇന്നും തുർക്കി രാഷ്ട്രീയം ലോക രാഷ്ട്രീയത്തിന്റെ കേന്ദ്ര ബിന്ദുവാകുന്നത് പല കാരണങ്ങളാൽ സംഗതമാണ്.
55,000 പേരുടെ മരണത്തിനും കണക്കില്ലാത്തത്ര നാശനഷ്ടങ്ങൾക്കും കാരണമായ തുർക്കി ഭൂചലനത്തിനു പിന്നാലെ ഉർദുഗാൻ സർക്കാരിനെതിരെ രൂക്ഷ വിമർശനമുയർന്നിരുന്നു. സമ്പദ്‌രംഗം ശോച്യവുമാണ്. എന്നിട്ടും ഉർദുഗാൻ തുടരുക തന്നെയാണ്. പാരമ്പര്യത്തിലൂന്നിയ ഇസ്‌ലാമിക വിശ്വാസ ധാരയായിരുന്നു നൂറ്റാണ്ടുകളോളം തുർക്കിയുടെ കൈമുതൽ. സെല്ജൂക്, ഓട്ടൊമൻ ഭരണകൂടങ്ങൾ കാഴ്ചവെച്ച ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തിന്റെ ശാലീനതയും സൗന്ദര്യവും 1923 ൽ അധികാരത്തിൽ വന്ന മുസ്തഫ കമാൽ അത്താതുർക് മാറ്റിമറിച്ചു. യുവ തുർക്കികൾ സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമന്റെ കൈയിൽ നിന്ന് അധികാരം പിടിച്ചു വാങ്ങി. അതോടെ മുസ്തഫ കമാൽ താരമായി മാറി. ഖലീഫ സ്ഥാനം നിർത്തൽ ചെയ്തുകൊണ്ട് തുർക്കിയെ ഒരു മതേതര റിപ്പബ്ലിക്കായി പ്രഖ്യാപനം ചെയ്തു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യൂറോപ്പിലുണ്ടായ മതവിരുദ്ധ പ്രസ്ഥാനങ്ങളിൽ ആകൃഷ്ടരായി കമാലും അദ്ദേഹത്തിന്റെ വെള്ളത്തുർക്കികൾ എന്നറിയപ്പെട്ട അനുയായികളും മതത്തെ പുരാവസ്തുവായിക്കരുതി ജനങ്ങൾക്കിടയിലെ സ്വാധീനം ക്ഷയിപ്പിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു. 1924 ഏപ്രിൽ 20 ന് പുതിയ ഭരണഘടന നിലവിൽവന്നു. മതസംവിധാനത്തെ തകർക്കാൻ 1924 ജൂലൈ മാസത്തിൽ തന്നെ തുടക്കം കുറിച്ചു.
റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിയുടെ നേതൃത്വത്തിലാണ് ഉർദുഗാനെതിരെ ആറേഴ് പ്രതിപക്ഷ പാർട്ടികൾ സഖ്യമുണ്ടാക്കിയത്. ആ പാർട്ടി രൂപീകരിച്ചത് മുസ്തഫ കമാലാണ്. 99% മുസ്‌ലിംകളുള്ള തുർക്കി കമാലിയൻ യുഗത്തിലേക്ക് തിരിച്ചുനടക്കുമോ എന്ന ഭയം പൊതുവെയുണ്ട്, വിശേഷിച്ചും രാഷ്ട്രം സാമ്പത്തികമായും രാഷ്ട്രീയമായും വെല്ലുവിളികൾ നേരിടുമ്പോൾ. സാംസ്‌കാരികമായും മതപരമായും ഒരു നൂറ്റാണ്ട് പിറകിലാണെന്ന് പ്രതാപകാലത്തെ അയവിറക്കിക്കൊണ്ടിരിക്കുന്ന പഴയ തലമുറ വിശ്വസിക്കുന്നു. ഉർദുഗാൻ തന്റെ നിലപാടുകളിലൂടെ അവരെ പഴമയിലേക്ക് ആനയിക്കുന്നു. അതിനനുസരിച്ചുള്ള പ്രചാരണങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ തന്നെ അദ്ദേഹം വിജയിക്കുന്നു. ഇതെല്ലാം ഒരുമിച്ച് അണിനിരക്കുമ്പോൾ ഉർദുഗാനെ പരാജയപ്പെടുത്തുക അസാധ്യമാണ്.