Sorry, you need to enable JavaScript to visit this website.

കേരളത്തെ ഞെരുക്കുന്നതെന്തിന്?

രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം കലിഫോർണിയയിൽ നടത്തിയ പ്രസംഗത്തിൽ ബി.ജെ.പി സർക്കാർ എങ്ങനെയാണ് പ്രതിപക്ഷ നേതാക്കളെയും സർക്കാരുകളെയും പ്രതിസന്ധിയിലാക്കുന്നത് എന്ന് വിശദീകരിക്കുകയുണ്ടായി. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നേതാക്കളെ കുടുക്കുന്ന വിനോദമാണ് അദ്ദേഹം പ്രധാനമായും എടുത്തുപറഞ്ഞത്. എന്നാൽ രാജ്യത്തിന്റെ ഫെഡറൽ സ്വഭാവത്തിന് ഹാനി വരുത്തുന്ന രീതിയിൽ സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്നതും കേന്ദ്രം ഇപ്പോൾ ഒരു വിനോദം പോലെ കൊണ്ടാടുകയാണ്. കേരളമാണ് ഈ കളിയിലെ ഏറ്റവും വലിയ ഇര.
കർണാടകയിലും പിടിവള്ളി നഷ്ടമായതോടെ ദക്ഷിണേന്ത്യ കൈവിട്ടുപോയതിന്റെ പരിഭ്രാന്തി ബി.ജെ.പിയെ നന്നായി കുഴയ്ക്കുന്നുണ്ട്. പാർലമെന്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടത്തിയ പരിഹാസ്യമായ കോപ്രായങ്ങൾ ഇത് വെളിപ്പെടുത്തുന്നു. തമിഴ്‌നാടിനെയോ കർണാടകയെയോ പോലെ സ്വാഭിമാനം ഉയർത്തിപ്പിടിക്കുന്ന സംസ്ഥാനങ്ങളെ ഏതു കാലത്തും കേന്ദ്ര സർക്കാർ ജാഗ്രതയോടെ മാത്രമേ കൈകാര്യം ചെയ്യാറുള്ളൂ. എന്നാൽ സംസ്ഥാനത്തിന്റെ താൽപര്യത്തിനപ്പുറത്തും നിക്ഷിപ്തമായ രാഷ്ട്രീയ താൽപര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനാൽ ഒരു ഗവർണർക്കു പോലും കേരള സർക്കാരിനെ വട്ടം ചുറ്റിക്കാൻ കഴിയും.
കേരളത്തിലെ ബി.ജെ.പി നേതൃത്വവും ഇക്കാര്യത്തിൽ കേന്ദ്രത്തിന് ചൂട്ടുപിടിക്കുകയാണ്. സ്വന്തം സംസ്ഥാനത്തെ ഞെക്കിപ്പിഴിയാൻ കേന്ദ്രത്തിലെ ഗോസായിമാർക്ക് കൂട്ടുനിൽക്കുന്നതിൽ അവർക്ക് ഒരു ഉളുപ്പുമില്ല. കേന്ദ്ര മന്ത്രി വി. മുരളീധരനെയാണ് ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഏറെ കുറ്റപ്പെടുത്തുന്നത്. സംസ്ഥാനത്തിനുള്ള സാമ്പത്തിക സഹായങ്ങൾ വെട്ടിക്കുറക്കുന്നതിൽ പ്രധാനപ്പെട്ട കരുനീക്കങ്ങൾ നടത്തുന്നത് വി. മുരളീധരനാണെന്ന് കരുതുന്ന സംസ്ഥാന സർക്കാർ അദ്ദേഹത്തെ കേരളത്തിന്റെ ആരാച്ചാർ എന്നു വിളിക്കാനും മടിച്ചില്ല.
കേരളത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുംവിധം സംസ്ഥാനത്തിനുള്ള വായ്പാപരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാരിന്റെ നടപടിയാണ് ഇക്കാര്യത്തിൽ ഏറ്റവും അവസാനത്തേത്. പ്രതിമാസം ആയിരം കോടി രൂപ പോലും കണ്ടെത്താൻ കഴിയാത്ത വൻചുഴിയിലാണ് ഇതോടെ സംസ്ഥാന സർക്കാർ എടുത്തെറിയപ്പെട്ടത്. നിത്യനിദാന ചെലവുകൾക്കും വികസന പദ്ധതികൾക്കും വിഘാതമാണ് വീണ്ടുവിചാരമില്ലാതെ കൈക്കൊണ്ട ഈ തീരുമാനം. പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ കേന്ദ്രത്തിന് ഇക്കാര്യത്തിൽ രാഷ്ട്രീയമായ താൽപര്യങ്ങൾ ഉണ്ടാകുമെന്നതിൽ സംശയമില്ല.
മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ മൂന്ന് ശതമാനം വായ്പയെടുക്കാമെന്ന വ്യവസ്ഥ പ്രകാരം 32,440 കോടി രൂപയാണ് സർക്കാർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ 15,390 കോടി രൂപക്കുള്ള അനുമതിയാണ് ലഭിച്ചത്. ഇതിലൂടെ ഉണ്ടാകാനിടയുള്ള ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി സമസ്ത മേഖലകളിലും പ്രതിഫലിക്കും. ജൂൺ ആദ്യം ശമ്പളവും പെൻഷനും നൽകാൻ പണം തികയാതെ കേന്ദ്രത്തിന്റെ വായ്പാനുമതിക്കായി കാത്തിരിക്കുമ്പോഴാണ് ഇരുട്ടടിയായ തീരുമാനം. 7610 കോടി രൂപയുടെ കുറവ് ചെറുതല്ല. പുറമെ ധനക്കമ്മി കുറയ്ക്കുന്നതിനു കിട്ടുന്ന സഹായ ധനത്തിലും പതിനായിരം കോടി ഈ വർഷം തന്നെ വെട്ടിക്കുറക്കുമെന്ന് കേന്ദ്രം സൂചിപ്പിക്കുന്നു. 
വായ്പ നിയന്ത്രണം സംബന്ധിച്ച കാര്യങ്ങൾ ഔദ്യോഗികമായി സർക്കാരിനെ അറിയിക്കാൻ പോലും കേന്ദ്രം തയാറായില്ലെന്നത് ശ്രദ്ധേയമാണ്. സാധാരണ വായ്പ നിയന്ത്രണം സംബന്ധിച്ച വിശദാംശങ്ങൾ സംസ്ഥാന സർക്കാരിനെ അറിയിക്കാറാണ് പതിവ്. ഇതിൽനിന്ന് വ്യത്യസ്തമായി കേന്ദ്ര വിദേശകാര്യ മന്ത്രി വി. മുരളീധരൻ പത്രസമ്മേളനം നടത്തിയാണ് അക്കാര്യം പുറത്തുവിട്ടത്. ഇത് തികച്ചും അസാധാരണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനം പ്രസക്തമാണ്. ഇതേത്തുടർന്നാണ് എന്തുകൊണ്ട് വായ്പ നിയന്ത്രണം ഏർപ്പെടുത്തി എന്ന കാര്യം മനസ്സിലാക്കാൻ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്. മാർച്ച് 27 നും മെയ് 26 നും ലഭിച്ച കത്തുകളാകട്ടെ, ദുരൂഹം എന്നാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വിമർശിക്കുന്നത്.
കേന്ദ്രത്തിന്റെ ഈ നടപടി മൂലം ശമ്പളവും പെൻഷനും മുടങ്ങുന്ന സാഹചര്യമുണ്ടായാൽ അത് പൊതുവിപണിയിലെ പണത്തിന്റെ ക്രയവിക്രയത്തെ പോലും ബാധിക്കും. വേനലവധിക്ക് ശേഷം സ്‌കൂൾ തുറക്കുന്ന സമയമായതിനാൽ പൊതുവിപണിയിൽ വലിയ ഉണർവ് പ്രത്യക്ഷപ്പെടേണ്ടതാണ്. ഖജനാവ് പ്രതിസന്ധിയിലാകുന്ന സന്ദർഭങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും ഈയിടെയായി താരതമ്യേന മെച്ചപ്പെട്ട ധനസ്ഥിതിയിലേക്ക് നീങ്ങുകയായിരുന്നു കേരളം. ദൈനംദിന ചെലവിന്റെ 64 ശതമാനം തനത് വരുമാനത്തിൽനിന്നാണ് ഇപ്പോൾ കേരളം കണ്ടെത്തുന്നത്. പല സംസ്ഥാനങ്ങളിലും ഇത് വെറും മുപ്പതു ശതമാനം മാത്രമാണ്. നികുതി പിരിവിന്റെ കാര്യത്തിലും കേരളം വളരെ മെച്ചപ്പെട്ടെന്നാണ് കണക്കുകൾ. 47,000 കോടി രൂപയിൽനിന്ന് 71,000 കോടിയിലേക്ക് അത് ഉയർന്നിട്ടുണ്ട്.
വികസന രംഗത്തെ മുന്നോക്കാവസ്ഥ പലപ്പോഴും കേന്ദ്ര സഹായം ലഭിക്കുന്നതിന് വിഘാതമാകുന്നു എന്ന വൈരുധ്യം കേരളത്തിന് വെല്ലുവിളിയാകുന്നു. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കേരളം പരമ്പരാഗതമായി കാഴ്ചവെക്കുന്ന പുരോഗതിയാണ് കേന്ദ്ര സഹായത്തിന് പലപ്പോഴും തടസ്സമാകാറുള്ളതെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്രം കൈയയച്ച് നൽകുമ്പോൾ കേരളം ശൂന്യഹസ്തരായി മടങ്ങാൻ നിർബന്ധിതരാകുന്നു.  മറ്റു സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന ഗ്രാന്റ് കേരളത്തിനു കിട്ടുന്നില്ല. ജി.എസ്.ടി നഷ്ടപരിഹാരവും നിലച്ചു. വായ്പാപരിധി വെട്ടിക്കുറക്കുന്നതിനാകട്ടെ മതിയായ കാരണങ്ങളൊന്നും കേന്ദ്രം അറിയിച്ചിട്ടുമില്ല.
ശമ്പളവും പെൻഷനുമടക്കം ഒരു മാസം കടന്നുകിട്ടാൻ സർക്കാരിനാവശ്യം 14,000 കോടി രൂപയാണ്. നികുതി, നികുതിയിതര വരുമാനമായി 7100 കോടിയും കേന്ദ്ര നികുതി വിഹിതമായി 4000 കോടിയും കിട്ടും. 1500 കോടി വായ്പയെടുക്കാൻ അനുമതിയുണ്ട്. ബാക്കിയുള്ള ആയിരം കോടി കണ്ടെത്താൻ സംസ്ഥാന സർക്കാർ പെടാപ്പാടുപെടും.
ക്ഷേമ പെൻഷനുകൾ മൂന്നു മാസമായി കൊടുക്കുന്നില്ലെന്ന് ഓർക്കണം. ഓണമാകുമ്പോഴേക്കെങ്കിലും അത് വിതരണം ചെയ്തില്ലെങ്കിൽ സർക്കാരിന് വലിയ തിരിച്ചടിയാകും. ഇതു തന്നെയാകാം ബി.ജെ.പി സർക്കാരിന്റെ നീക്കത്തിന് പിന്നിലെ രാഷ്ട്രീയം. പക്ഷേ, ജനങ്ങളുടെ ജീവിതം വെച്ച് രാഷ്ട്രീയ പോരാട്ടം നടത്തുമ്പോൾ അത് മങ്ങലേൽപിക്കുന്നത് നമ്മുടെ ഫെഡറൽ സംവിധാനത്തെയാണ്.
റോഡ്, റെയിൽ വികസനം ഉൾപ്പെടെയുള്ള പല പദ്ധതികളിലും കേന്ദ്രം കേരളത്തോട് ഉദാര സമീപനം പുലർത്തുന്നത് അതിന്റെ രാഷ്ട്രീയ നേട്ടം കേന്ദ്രത്തിന് ലഭിക്കുമെന്ന വിശ്വാസം കൊണ്ടാണ്. അതേസമയം, സാമ്പത്തിക ഞെരുക്കത്തിലേക്ക് സംസ്ഥാനത്തെ തള്ളിവിടുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നതിനാൽ ഭരണ പക്ഷവും പ്രതിപക്ഷവും ഒരുമിച്ച് നിന്ന് ഇത് നേരിടേണ്ട അവസ്ഥയാണ്. രാഷ്ട്രീയ വിയോജിപ്പുകൾക്കപ്പുറം ഉയർന്നു ചിന്തിക്കാൻ ഇരുകൂട്ടർക്കും കഴിയുമോ എന്നതാണ് പ്രശ്‌നം. 

Latest News