Sorry, you need to enable JavaScript to visit this website.

VIDEO മതം മാറാന്‍ ഹിന്ദു പെണ്‍കുട്ടിക്ക് ഷോക്ക്; പ്രചരിക്കുന്നത് സിദ്ധന്‍ ബാധയൊഴിപ്പിക്കുന്ന വീഡിയോ

ന്യൂദല്‍ഹി- പാകിസ്ഥാനില്‍ ഹിന്ദു പെണ്‍കുട്ടിയെ മതം മാറ്റുന്നതിനായി വൈദ്യുതാഘാതമേല്‍പിക്കുന്നതായി സംഘ്പരിവര്‍ പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നത് വ്യാജ വീഡിയോ. പാകിസ്താനിലെ പെഷാവറില്‍ കുട്ടികളുള്‍പ്പെടെയുള്ള ഹിന്ദുക്കളെ നിര്‍ബന്ധിച്ച് ഇസ്‌ലാമിലേക്ക് മതം മാറ്റുകയാണെന്ന്് ആരോപിച്ചാണ് തെറ്റായ വിവരങ്ങള്‍ പങ്കിടുന്നതില്‍ കുപ്രസിദ്ധമായ  'ഹം ലോഗ് വീ ദി പീപ്പിള്‍' എന്ന ട്വിറ്റര്‍ ഉപയോക്താവ് വെള്ളിയാഴ്ച ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വൈദ്യതാഘാതമേല്‍പിക്കുന്നതടക്കമുള്ള ക്രൂരമായ പീഡനമേല്‍പിക്കുന്ന സംഭവം പുറത്തുവന്നിട്ടും അന്താരാഷ്ട്ര മാധ്യമങ്ങളോ മനുഷ്യാവകാശ സംഘടനകളോ ഇടപെടുന്നില്ലെന്നും ഹിന്ദുക്കളുടെ അവസ്ഥ എത്ര ദയനീയമാണെന്നും ട്വിറ്ററില്‍ ചോദിക്കുന്നു.
ഇസ്‌കോണിന്റെ വൈസ് പ്രസിഡന്റും വക്താവുമായ രാധാരമണ്‍ ദാസ്, പത്രപ്രവര്‍ത്തകന്‍ യഥാര്‍ത്ഥ് സിക്ക, വലതുപക്ഷ പ്രചാരണ വെബ്‌സൈറ്റ് ക്രെറ്റ്‌ലി എന്നിവരും  മറ്റ് നിരവധി പേരും കഴിഞ്ഞ വിര്‍ഷം ദ കശ്മീരിഫൈല്‍സ് എന്ന ഹാഷ് ടാഗ് സഹിതം ഇതേ  വീഡിയോ ഷെയര്‍ ചെയ്തിരുന്നു.
എന്നാല്‍ പാകിസ്താനില്‍ ആളുകളെ പീഡിപ്പിച്ചതിന് അറസ്റ്റിലായ ഒരു വ്യാജ സിദ്ധന്റെ വീഡിയോ ആണിതെന്ന് വസ്തുതാ പരിശോധനാ വെബ്‌സൈറ്റായ ആള്‍ട്‌ന്യൂസ് കണ്ടെത്തി. ഇയാള്‍ യുവാവിനെ പീഡിപ്പിക്കുകയും വൈദ്യുതാഘാതമേല്‍പിച്ച് കൊലപ്പെടുത്തുകയും ചെയ്തതായി 2020 ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ പ്രചരിക്കുന്ന വെറല്‍ വീഡിയോയില്‍ കാണാന്‍ കഴിയുന്നതിന് സമാനമാണ് ഈ സംഭവം. പ്രേതബാധ ഒഴിപ്പിക്കാന്‍ ഷോക്ക് ചികിത്സ നല്‍കിയ സിദ്ധന്‍ പീര്‍ മുഹമ്മദുല്ലയുടെ വീഡിയോ ആണിതെന്നും പെഷാവര്‍ പോലീസ് ഇയാളെ 2020 ല്‍ അറസ്റ്റ് ചെയ്തിരുന്നുവെന്നും ആള്‍ട് ന്യൂസ് നടത്തിയ കൂടുതല്‍ തിരച്ചിലില്‍ കണ്ടെത്തി.
ഈ അറസ്റ്റിനുശേഷം ജാമ്യത്തിലിറങ്ങിയ മുഹമ്മദുല്ല മന്ത്രവാദവും ചികിത്സയും തുടര്‍ന്നുവെന്നും 2021 ല്‍ വീണ്ടും അറസ്റ്റിലായെന്നും ഉര്‍ദു റിപ്പോര്‍ട്ട് ഉദ്ധരിച്ച് ആള്‍ട്  ന്യൂസ് വ്യക്തമാക്കുന്നു. സിദ്ധന്‍ ഹാജി മുഹമ്മദുല്ല എന്ന പേരില്‍ ഫെയ്‌സ് ബുക്കില്‍ തുടങ്ങിയ പേജിന് 11 ലക്ഷം ഫോളോവേഴ്‌സുണ്ടായിരുന്നു. 80,000 വരിക്കാരുമായി യുട്യൂബ് ചാനലുമുണ്ട്. പാകിസ്ഥാനി മാധ്യമ പ്രവര്‍ത്തക സറാ അതീഖുമായി ബന്ധപ്പെട്ടപ്പോള്‍ മുഹമ്മദുല്ല പല തവണ അറസ്റ്റിലായ വിവരങ്ങള്‍ ലഭിച്ചു. സിദ്ധന്‍ പീഡിപ്പിച്ച എല്ലാ കുട്ടികളും മുസ്ലിംകളാണെന്ന് പെഷാവര്‍ പോലീസ് സ്ഥിരീകരിച്ചതായി ആള്‍ട് ന്യൂസ് വെളിപ്പെടുത്തി. പ്രദേശത്തെ ഹിന്ദുക്കളിലാര്‍ക്കും ഇത്തരം അനുഭവമില്ലെന്നും അപായമേല്‍പിക്കാതെ തന്നെ ബാധയകറ്റാന്‍ സാധിക്കുന്ന പൂജാരിമാരും ജ്യോത്സ്യന്മാരും ഹിന്ദുക്കളില്‍ തന്നെ ഉണ്ടെന്നുമാണ് പ്രദേശത്തെ ഹിന്ദു സമുദായ നേതാവ് സറാബദിയാല്‍ ആള്‍ട് ന്യൂസിനോട് പറഞ്ഞത്.
പ്രചരിക്കുന്ന വീഡിയോക്ക് നിര്‍ബന്ധ മതം മാറ്റവുമായി ബന്ധമില്ലെന്നും പലതവണ അറസ്റ്റിലായ മുസ്ലിം വ്യാജ സിദ്ധന്‍ ബാധയൊഴിപ്പിക്കലിന്റെ പേരില്‍ മുസ്ലിംകളെയാണ് പീഡിപ്പിച്ചതെന്നും ആര്‍ട്‌ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

Latest News